COP31 ഉച്ചകോടിയിൽ ശ്രദ്ധേയമായി ഇന്ത്യയുടെ ഇടപെടൽ
അന്റാലിയ (തുർക്കി): തുർക്കിയിലെ അന്റാലിയയിൽ നടക്കുന്ന കോപ് 31 (COP31) ഉച്ചകോടിയുടെ ഓഷ്യൻ പവലിയനിൽ നടന്ന സംവാദത്തിൽ, സമുദ്ര-കാലാവസ്ഥാ ശാസ്ത്ര ഗവേഷണങ്ങളെ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന പ്രായോഗിക മുന്നറിയിപ്പ് സേവനങ്ങളാക്കി (Ocean Climate Advisory Services) മാറ്റണമെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടു. ശാസ്ത്ര-സാങ്കേതിക വിദ്യയിലൂടെ തീരദേശത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ഇൻകോയിസ് (INCOIS) നേതൃത്വം നൽകുന്ന സമുദ്ര വിവര-മുന്നറിയിപ്പ് സംവിധാനങ്ങളും, ഐഐടിഎം (IITM) വികസിപ്പിച്ച എർത്ത് സിസ്റ്റം മോഡലിംഗ് ശേഷികളും ഇന്ത്യ COP31 ഉച്ചകോടിയുടെ വേദിയിൽ അവതരിപ്പിച്ചു.

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് (MoES) കീഴിലുള്ള പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധരും പ്രമുഖ അന്താരാഷ്ട്ര ശാസ്ത്രജ്ഞരും പരിപാടിയിൽ പങ്കെടുത്തു. ഇൻകോയിസ് ഡയറക്ടർ ഡോ. ടി. എം. ബാലകൃഷ്ണൻ നായർ, ഐഐടിഎമ്മിലെ ശാസ്ത്രജ്ഞ ഡോ. സ്വപ്ന പണിക്കൽ എന്നിവർ ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകി. ഗ്ലോബൽ ഓഷ്യൻ ഒബ്സർവിംഗ് സിസ്റ്റം (GOOS) ഡയറക്ടർ ഡോ. ജോവാന പോസ്റ്റ്, മെർക്കാറ്റർ ഓഷ്യൻ ഇന്റർനാഷണൽ ഡയറക്ടർ ജനറൽ ഡോ. പിയറി ബഹുറേൽ, യുനെസ്കോയുടെ ഇന്റർഗവൺമെന്റൽ ഓഷ്യനോഗ്രാഫിക് കമ്മീഷൻ (IOC) മുൻ എക്സിക്യൂട്ടീവ് സെക്രട്ടറിയും യുനെസ്കോ അസിസ്റ്റന്റ് ഡയറക്ടർ ജനറലുമായിരുന്ന ഡോ. വ്ലാഡിമിർ റിയാബിനിൻ തുടങ്ങിയ പ്രമുഖർ ചർച്ചയിൽ പങ്കെടുത്തു. സമുദ്ര ശാസ്ത്രത്തെ മുന്നോട്ട് നയിക്കുന്നതിനും ശാസ്ത്രീയ അറിവുകളെ കാലാവസ്ഥാ മുന്നറിയിപ്പ് സേവനങ്ങളിലൂടെ സമൂഹത്തിന് പ്രയോജനപ്രദമാക്കുന്നതിനുമുള്ള ദേശീയ-അന്തർദേശീയ കാഴ്ചപ്പാടുകളുടെ കൈമാറ്റത്തിന് ഈ സംവാദം വേദിയായി.
സമുദ്രാവസ്ഥാ പ്രവചനങ്ങൾ, സുനാമി മുന്നറിയിപ്പ് സംവിധാനങ്ങൾ, മത്സ്യബന്ധന സാധ്യതാ മേഖലകളുടെ (Potential Fishing Zone) അറിയിപ്പുകൾ, തീരദേശ അപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിൽ ഇൻകോയിസ് നിർണ്ണായകമായ പങ്കു വഹിക്കുന്നു. ദുരന്തനിവാരണ തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്തുന്നതിനും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യത്തൊഴിലാളി സമൂഹത്തെ സഹായിക്കുന്നതിനും തീരദേശ-സമുദ്ര വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനും ഈ സേവനങ്ങൾ വലിയ കരുത്താകുന്നു.
കാലാവസ്ഥാ വ്യതിയാനത്തെയും ദീർഘകാല മാറ്റങ്ങളെയും കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും പ്രവചിക്കുന്നതിനുമായി തദ്ദേശീയമായ ‘എർത്ത് സിസ്റ്റം മോഡലിംഗ്’ ശേഷികൾ ഐഐടിഎം വികസിപ്പിച്ചുവരികയാണ്.
തുടർച്ചയായ സമുദ്ര നിരീക്ഷണങ്ങൾ, സമുദ്ര പ്രവചനങ്ങൾ, നൂതന എർത്ത് സിസ്റ്റം മോഡലിംഗ്, ‘ഡിജിറ്റൽ ട്വിൻസ് ഓഫ് ദി ഓഷ്യൻ’ (Digital Twins of the Ocean) പോലുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവ സംയോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചയിൽ ഊന്നിപ്പറഞ്ഞു. സമുദ്ര-കാലാവസ്ഥാ വ്യവസ്ഥയിലെ മാറ്റങ്ങൾ മുൻകൂട്ടി കാണുന്നതിനും തീരദേശങ്ങളുടെ അപകടസാധ്യതകൾ വിലയിരുത്തുന്നതിനും, പ്രത്യേകിച്ച് ദുർബലരായ തീരദേശ സമൂഹങ്ങൾക്ക് പ്രയോജനമാകുന്ന രീതിയിൽ ശാസ്ത്രീയ അറിവുകളെ പ്രായോഗിക നിർദ്ദേശങ്ങളാക്കി മാറ്റുന്നതിനും ഇത്തരം സംയോജിത സമീപനങ്ങൾ അത്യന്താപേക്ഷിതമാണ്.
ഭൗമശാസ്ത്ര മന്ത്രാലയം, ഇൻകോയിസ്, ഐഐടിഎം എന്നിവയിലൂടെ ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങൾ തദ്ദേശീയമായ ശാസ്ത്ര-സാങ്കേതിക ശേഷി വർധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്. ശാസ്ത്രീയ ഗവേഷണങ്ങൾ, സേവനങ്ങൾ, നയരൂപീകരണം, സാമൂഹിക വിനിയോഗം എന്നിവ തമ്മിലുള്ള വിടവ് നികത്താൻ ഇതിലൂടെ സാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ശേഷിയുള്ള തീരദേശ സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിനായി സമുദ്ര-കാലാവസ്ഥാ ശാസ്ത്രത്തെ പ്രായോഗിക വിവരങ്ങളാക്കി മാറ്റുന്നതിൽ ശക്തമായ ദേശീയ-അന്തർദേശീയ പങ്കാളിത്തത്തിന്റെ പ്രാധാന്യവും ഈ സംവാദം പ്രത്യേകം പരാമർശിച്ചു.
