കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപം നവജാത പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നാടിനെ ഞെട്ടിച്ചു. ബുധനാഴ്ച രാവിലെ ആറുമണിയോടെ പ്രഭാതസവാരിക്കെത്തിയവരാണ് മണലിൽ കിടന്ന മൃതദേഹം ആദ്യം കണ്ടത്.

ആദ്യം കളിപ്പാട്ടമോ പാവയോ ആണെന്ന് കരുതിയെങ്കിലും അടുത്തെത്തി പരിശോധിച്ചപ്പോഴാണ് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബീച്ചിലെ സുരക്ഷാ ജീവനക്കാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ വെള്ളയിൽ പൊലീസ് പരിശോധന നടത്തി തുടർനടപടികൾ സ്വീകരിച്ചു. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണോ, മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

കുഞ്ഞിന്റെ മാതാപിതാക്കളെയും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സമീപത്തെ പ്രവേശന വഴികളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതടക്കമുള്ള നടപടികൾ പൊലീസ് സ്വീകരിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.