തൃശൂർ: ബിജെപി ദേശീയ സമിതി അംഗം പത്മജ വേണുഗോപാൽ പാർട്ടി വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബിജെപി നേതൃത്വത്തിൽ നിന്ന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന അതൃപ്തിയാണ് പാർട്ടി വിടാനുള്ള നീക്കത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ബിജെപി ദേശീയ നേതൃത്വവുമായും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായും നടത്തിയ ചർച്ചകൾ ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവംബർ 19-ന് രാജിക്കത്ത് കൈമാറുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കോൺഗ്രസിലേക്ക് മടങ്ങാനുള്ള സാധ്യതയും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നുണ്ട്. പത്മജയോടൊപ്പം ബിജെപിയിലെത്തിയ ചില അനുയായികളും കോൺഗ്രസിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ.
എന്നാൽ പാർട്ടി രാജി സംബന്ധിച്ച് പത്മജ വേണുഗോപാലിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
