സാമ്പത്തിക, ബിസിനസ് വാർത്തകളുടെ ലോകത്ത് പുതിയ ഡിജിറ്റൽ അധ്യായത്തിന് തുടക്കമിട്ട് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ്. സാമ്പത്തിക മേഖലയിലെ വാർത്തകൾക്കും വിശകലനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന ദ ഫിനാൻഷ്യൽ സ്റ്റാൻഡേർഡ് വെബ്സൈറ്റ് വായനക്കാർക്കായി തുറന്നു.
കൊച്ചി : ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർത്തുകൊണ്ട് ദേശീയ ബിസിനസ് ദിനപത്രമായ ദ ഫിനാൻഷ്യൽ സ്റ്റാൻഡേർഡിന്റെ വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു. ബിസിനസ്, വിപണി, സാമ്പത്തിക ലോകം എന്നിവിടങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ തത്സമയം വായനക്കാരിലെത്തിക്കുകയാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ സമഗ്രതയും സങ്കീർണതയും ഉൾക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണം എന്ന ആശയത്തിലാണ് ദ ഫിനാൻഷ്യൽ സ്റ്റാൻഡേർഡ് രൂപംകൊള്ളുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംരംഭങ്ങളും വ്യവസായ കൂട്ടായ്മകളും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുപകരുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ദേശീയ വളർച്ചയിൽ നിർണായക പങ്കുവഹിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇവയുടെ സംഭാവനകൾ പലപ്പോഴും മുഖ്യധാരാ ബിസിനസ് ചർച്ചകളിൽ വേണ്ടത്ര പ്രതിഫലിക്കാറില്ല.
ഈ വിടവ് നികത്തുന്നതിനൊപ്പം പ്രാദേശിക സംരംഭങ്ങളെ ദേശീയ, ആഗോള സാമ്പത്തിക സാഹചര്യങ്ങളുമായി ബന്ധിപ്പിക്കാനും പുതിയ പ്രസിദ്ധീകരണം ലക്ഷ്യമിടുന്നു
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച, മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ, വ്യാപാര മേഖലയിലെ മാറ്റങ്ങൾ, വിപണിയിലെ ചാഞ്ചാട്ടങ്ങൾ എന്നിവ ഇന്ത്യൻ ബിസിനസ് ലോകത്തിന് പുതിയ വെല്ലുവിളികളും അവസരങ്ങളും സൃഷ്ടിക്കുന്ന കാലഘട്ടമാണിത്. ഈ സാഹചര്യങ്ങളെ ആഴത്തിൽ വിശകലനം ചെയ്ത് വായനക്കാർക്ക് അറിവോടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായിക്കുന്ന വാർത്തകളും നിരീക്ഷണങ്ങളും വെബ്സൈറ്റിലൂടെ ലഭ്യമാകും.
