തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. ബസുകൾക്ക് ഇഷ്ടമുള്ള നിറങ്ങൾ തിരഞ്ഞെടുക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനത്തിന് ഹൈക്കോടതിയും അംഗീകാരം നൽകി.
2022-ലെ വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. അപകടങ്ങൾ ഒഴിവാക്കുന്നതിനും മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധതിരിയുന്നത് തടയുന്നതിനുമായിരുന്നു നടപടി.
എന്നാൽ വെള്ളനിറം നിർബന്ധമാക്കിയതോടെ കേരളത്തിലെ ടൂറിസ്റ്റ് ബസ് മേഖലയിൽ പ്രതിസന്ധി ഉണ്ടായതായി ബസുടമകൾ പരാതിപ്പെട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഓൾ ഇന്ത്യ പെർമിറ്റ് ബസുകൾക്ക് നിറത്തിന്റെ കാര്യത്തിൽ നിയന്ത്രണമില്ലാത്തത് കേരളത്തിലെ ബസുകൾക്ക് തിരിച്ചടിയായെന്നും ഉടമകൾ ചൂണ്ടിക്കാട്ടി.
തുടർന്ന് ബസുടമകളുടെയും ബന്ധപ്പെട്ടവരുടെയും നിവേദനങ്ങൾ പരിഗണിച്ചാണ് സർക്കാർ തീരുമാനം പുനഃപരിശോധിച്ചത്.
സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവില്ല
നിറം തിരഞ്ഞെടുക്കാൻ അനുമതി ലഭിച്ചെങ്കിലും ബസുകളുടെ പുറംഭാഗത്ത് വലിയ ചിത്രങ്ങൾ, ഗ്രാഫിക്സുകൾ, ശ്രദ്ധതിരിക്കുന്ന എഴുത്തുകൾ, പരസ്യങ്ങൾ എന്നിവ അനുവദിക്കില്ല.
അനധികൃത എൽഇഡി ലൈറ്റുകൾ, സ്ട്രിപ്പ് ലൈറ്റുകൾ, ഹാലൊജൻ ലാമ്പുകൾ എന്നിവ ഘടിപ്പിച്ച വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നിറങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോഴും റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി തുടരും.
