ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് ഉൾപ്പെടുത്തണം; മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര കായികമന്ത്രിയ്ക്ക് കത്തയച്ചു

തിരുവനന്തപുരം : ഉത്തരാഖണ്ഡിൽ നടക്കുന്ന 38 -ാമത് ദേശീയ ഗെയിംസിൽ കളിപ്പയറ്റ് മത്സരയിനമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര കായികമന്ത്രിയ്ക്ക് കത്തയച്ചു.

കഴിഞ്ഞ തവണ ഗോവയിൽ കളരി മത്സര ഇനമായിരുന്നു. എന്നാൽ ഇത്തവണ പ്രദർശന ഇനമായാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പുറത്തുവിട്ട പട്ടികയിൽ കളരിയെ ഉൾപ്പെടുത്തിയത്. കേരളത്തിന് കഴിഞ്ഞ തവണ കളരിയിൽ 19 മെഡൽ ലഭിച്ചിരുന്നു.

ലോകത്തെ തന്നെ ഏറ്റവും പാരമ്പര്യമുള്ള കായിക ഇനമാണ് കളരി. ചരിത്രപരമായ പ്രാധാന്യമുള്ള കളരി നാടിൻ്റെ പാരമ്പര്യത്തിൻ്റെ അടയാളമാണ്. യുണെസ്കോ പട്ടികയിലുള്ള ആയോധന കലയ്ക്ക് അർഹമായ പ്രാധാന്യം നൽകണമെന്ന് കത്തിൽ മന്ത്രി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.

കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്. ലോകത്ത് ആദ്യമായി നിയമങ്ങളാൽ ചിട്ടപ്പെടുത്തിയ ആയോധന മുറ കളരിപ്പയറ്റാണ്. അത് കൊണ്ട് തന്നെ കളരിപ്പയറ്റിനെ ആയോധനകലകളുടെയും മാതാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. കളരിപയറ്റിനെ ബോധിധർമൻ ചൈനയിലെ ഭൂഘടനക്കനുസരിച്ചു മാറ്റിയെടുത്തതാണ് ഷാവോലിൻ കുങ്ഫു.