സംസ്ഥാനത്ത് അതിശക്തമായ മഴ; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു. വടക്കൻ ജില്ലകളിലും, മധ്യകേരളത്തിലും കനത്ത മഴയാണ് ഇന്ന് ലഭിച്ചത്. കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടും, ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണ സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ കോഴിക്കോട് , കണ്ണൂർ, കാസർഗോഡ്, തൃശൂര്‍, വയനാട്, എറണാകുളം, മലപ്പുറം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നൽകിയിട്ടുണ്ട്. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് അതാത് ജില്ലകളിലെ കളക്ടർമാർ അറിയിച്ചു.