കോട്ടയം : കേന്ദ്ര ബജറ്റിൽ കേരളത്തിന് എന്ത് ലഭിച്ചു എന്നത് സംബന്ധിച്ച് അർഥമില്ലാത്ത വാഗ്വാദത്തിന് ഒരു പ്രസക്തിയുമില്ലെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കൻ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രബജറ്റിൽ എല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സംശയത്തിനും സന്ദേഹത്തിനും ഇടയില്ല. ഭാരതത്തിൻറെ സമഗ്ര വികസനത്തിന് ഉതകുന്ന ദീർഘവീക്ഷണമാണ് ബജറ്റിൽ അനാവരണം ചെയ്യുന്നത്. ഇവിടെ വാചാടോപത്തിൻ്റെ കാര്യം ഇല്ല.
കേന്ദ്ര പദ്ധതികൾ സ്വന്തം പേരിൽ ആക്കി അവതരിപ്പിക്കുന്ന സ്റ്റിക്കർ പ്രചാരണമാണ് കേരളത്തിൽ നടക്കുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനപ്രദമായ നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്നത്. ഇതിൻറെ എല്ലാം പിതൃത്വം ഏറ്റെടുത്ത് മേനി നടിക്കുകമാത്രമാണ് കേരളത്തിലെ ഇടതു സർക്കാർ ചെയ്യുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ വ്യവസായങ്ങളെ ആകർഷിക്കാനോ കേരളത്തിന് കഴിയുന്നില്ല.ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ് ) കേരളത്തിൽ വൈകാതെ യാഥാർത്ഥ്യമാകും. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇതിൽ വൈകാതെ അന്തിമ തീരുമാനം ഉണ്ടാകും. അത് ഉറപ്പാണ്.

കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി
എയിംസ് വരാൻ കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും ഇലക്ഷൻ ഒന്ന് മാറ്റി വെച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമർശിച്ചു.
ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇനിയും സമയമുണ്ട്. സംസ്ഥാന സർക്കാർ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കുമെന്നദ്ദേഹം പറഞ്ഞു.
