ചന്ദ്രനെ തേടി: ആർട്ടെമിസ് 3 ദൗത്യ സംഘത്തെ പ്രഖ്യാപിച്ച് നാസ, ഇത്തവണ ചന്ദ്രനിൽ ഇറങ്ങില്ല

ന്യൂയോർക്ക്: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായ ആർട്ടെമിസ് 3 ദൗത്യത്തിനുള്ള സംഘത്തെ വെളിപ്പെടുത്തി. ഇന്നലെ (ജൂൺ 9) ഇന്ത്യൻ സമയം രാത്രി 9 മണിയോടെ ടെക്‌സസിലെ നാസയുടെ ജോൺസൺ സ്പേസ് സെന്‍ററിൽ വെച്ച് നടന്ന ചടങ്ങിലാണ് യാത്രികരുടെ പേര് വെളിപ്പെടുത്തിയത്. നാല് പേർ അടങ്ങുന്ന സംഘത്തെയാണ് അയക്കുക.

ആർട്ടെമിസ് 3 ദൗത്യത്തിൽ ആരൊക്കെ?
റാണ്ടി ബ്രെസ്‌നിക്, ഫ്രാങ്ക് റൂബിയോ, ആൻഡ്രെ ഡഗ്ലസ്, ലൂക്ക പർമിറ്റാനോ എന്നിവരാണ് ആർട്ടെമിസ് 3 ദൗത്യത്തിൽ യാത്ര തിരിക്കുക. ഇതിൽ നാസയുടെ റാണ്ടി ബ്രെസ്‌നിക് ആണ് കമാൻഡർ. ലൂക്ക പർമിറ്റാനോ പൈലറ്റും, ഫ്രാങ്ക് റൂബിയോയും ആൻഡ്രെ ഡഗ്ലസും മിഷൻ സ്പെഷ്യലിസ്റ്റുകളുമാണ്. ആർട്ടെമിസ് 3 ചന്ദ്രേപരിതലത്തിൽ ഇറക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും തീരുമാനത്തിൽ മാറ്റം വരുത്തിയതായി നാസ അറിയിച്ചു.

ഡോക്കിങ് പരിശീലനത്തിനായി 2027-ഓടെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ പരീക്ഷണ പറക്കൽ നടത്താനും, 2028-ഓടെ ആർട്ടെമിസ് 4 ദൗത്യത്തിൽ മനുഷ്യരെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുമാണ് നാസ നിലവിൽ പദ്ധതിയിടുന്നത്.

ആർട്ടെമിസ് 2 ദൗത്യത്തിന് പിന്നാലെ
ചന്ദ്രോപരിതലത്തിൽ ഇറക്കുന്ന ദൗത്യത്തിന് മുന്നോടിയായുള്ള ലോ എർത്ത് ഓർബിറ്റ് പരീക്ഷണ പറക്കലാണ് നാല് യാത്രികരുമായി പോകുന്ന ആർട്ടെമിസ് 3 ദൗത്യത്തിൽ നടക്കുക. ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി രണ്ട് മാസത്തിന് ശേഷമാണ് ആർട്ടെമിസ് 3 ദൗത്യവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ നാസ പുറത്തുവിടുന്നത്. 2026 ഏപ്രിൽ 1നാണ് ആർട്ടെമിസ് 2 വിജയകരമായി വിക്ഷേപിച്ചത്.2026 ഏപ്രിൽ 10ന് ദൗത്യസംഘം വിജയകരമായി ഭൂമിയിൽ തിരികെയെത്തി. 1972ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം മനുഷ്യർ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിനപ്പുറം ആദ്യമായി സഞ്ചരിച്ച 10 ദിവസത്തെ ദൗത്യമാണിത്. അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാനുള്ള നാസയുടെ ശ്രമത്തിന്‍റെ ഭാഗമാണ് ആർട്ടെമിസ് ദൗത്യം.

ഓറിയോണിന്‍റെ ലൈഫ് സപ്പോർട്ടും ബഹിരാകാശയാത്രികരുമായുള്ള സിസ്റ്റം പ്രകടനവും മുൻ ദൗത്യത്തിൽ വിലയിരുത്തിയ ശേഷമാണ് ആർട്ടെമിസ് 3 ദൗത്യത്തിൽ അടുത്ത ലോ എർത്ത് ഓർബിറ്റ് പരീക്ഷണ പറക്കലും നടത്താനിരിക്കുന്നത്. 2027-ഓടെ വിക്ഷേപിക്കാനാണ് പദ്ധതി.

ആർട്ടെമിസ് 3 ദൗത്യത്തിൽ ചന്ദ്രനിൽ ഇറങ്ങില്ല
ആർട്ടെമിസ് 3 ദൗത്യത്തിൽ ചന്ദ്രനിൽ ഇറങ്ങാൻ പദ്ധതിയില്ലെങ്കിലും, ഡോക്കിങ് പരീക്ഷണം ഉൾപ്പെടെ നടത്താനാണ് നാസയുടെ പദ്ധതി. ബ്ലൂ ഒറിജിന്‍റെ ബ്ലൂ മൂൺ ലാൻഡറുമായും സ്‌പേസ് എക്‌സിന്‍റെ സ്റ്റാർഷിപ്പ് ഹ്യൂമൻ ലാൻഡിങ് സിസ്റ്റമായും ഓറിയോൺ പേടകം ഡോക്ക് ചെയ്യും.

ബ്ലൂ ഒറിജിന്‍റെ ബ്ലൂ മൂൺ വിക്ഷേപണത്തിന് ശേഷമായിരിക്കും നാല് യാത്രക്കാരുമായി സ്റ്റാർഷിപ്പ് ഹ്യൂമൻ ലാൻഡിങ് സിസ്റ്റം വിക്ഷേപിക്കുക. ബ്ലൂ മൂണുമായി ഡോക്കിങ് ചെയ്‌ത് വേർപ്പെട്ടതിന് ശേഷം സ്റ്റാർഷിപ്പുമായും ഡോക്കിങ് നടത്തും. ഡോക്കിങ് പരീക്ഷണം ഭാവി ദൗത്യങ്ങൾക്ക് വളരെ നിർണായകമാണ്.

ചാന്ദ്രരഹസ്യം തേടി നാസ
ചന്ദ്രനിൽ മനുഷ്യ ലാൻഡിങ് പുനഃരാരംഭിക്കുക എന്ന ലക്ഷ്യമാണ് ആർട്ടെമിസ് ദൗത്യങ്ങൾക്ക് പിന്നിൽ. എങ്കിലും ആർട്ടെമിസ് 3 ദൗത്യത്തിൽ നാലംഗ സംഘം ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങില്ല. പകരം ഭൂമിയെ പരിക്രമണം ചെയ്യുമ്പോൾ രണ്ട് ചാന്ദ്ര ലാൻഡറുകളുമായി ഓറിയോൺ പേടകം ഡോക്കിങ് പരീക്ഷിക്കും.

ആർട്ടെമിസ് 3 അംഗങ്ങൾക്ക് മുന്നോട്ടുള്ള യാത്രയ്‌ക്കായി ആശംസകൾ നേരുന്നതായി നാസ അഡ്‌മിനിസ്ട്രേറ്റർ ജാരെഡ് ഐസക്‌മാൻ പറഞ്ഞു. ആർട്ടെമിസ് 3 ദൗത്യം നിർവ്വഹിക്കുന്ന സംഘമാകാൻ കഴിയുന്നതിൽ വിനീതരാണെന്ന് കമാൻഡർ റാണ്ടി ബ്രെസ്‌നിക് പറഞ്ഞു. ചന്ദ്രനിൽ ഭാവിയിൽ താവളം കെട്ടിപ്പടുക്കാൻ ലാൻഡറുകൾ, റോവറുകൾ, ഡ്രോണുകൾ എന്നിവ നിർമ്മിക്കുന്നതിനായി ബ്ലൂ ഒറിജിൻ ഉൾപ്പെടെ നാല് കമ്പനികൾക്ക് കോടിക്കണക്കിന് ഡോളറിന്‍റെ കരാറുകൾ നാസ നൽകി.

മുന്നേറി സ്‌പേസ് എക്‌സും ബ്ലൂ ഒറിജിനും
എലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സും ജെഫ് ബെസോസിന്‍റെ ബ്ലൂ ഒറിജിനും ചാന്ദ്ര ലാൻഡറുകൾ എത്തിക്കാനുള്ള മത്സരത്തിലാണ്. ബ്ലൂ ഒറിജിൻ്റെ ന്യൂ ഗ്ലെൻ ദൗത്യത്തിന്‍റെ (NG-4) ഭാഗമായ റോക്കറ്റ്, ലോഞ്ചിന് മുന്നോടിയായി നടത്തിയ എഞ്ചിൻ-ഫയറിങ് പരീക്ഷണത്തിനിടെ അടുത്തിടെ പൊട്ടിത്തെറിച്ചിരുന്നു. യുഎസിലെ ഫ്ലോറിഡയിലുള്ള കേപ് കാനവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ലോഞ്ച് പാഡിൽ വെച്ചാണ് പൊട്ടിത്തെറി ഉണ്ടായത്.

ഇത് ബ്ലൂ ഒറിജിന് അടുത്തിടെ വലിയ തിരിച്ചടി ഉണ്ടാക്കി. തിരിച്ചടിയെ ഒരു പാഠമാക്കിയെടുക്കുന്നെന്നും, വിശകലനം ചെയ്‌ത് റോക്കറ്റ് സമയബന്ധിതമായി തയ്യാറാക്കുമെന്ന് ഉറപ്പുണ്ടെന്നും നാസയുടെ ജെറമി പാർസൺസ് പറഞ്ഞു.

നാസയുടെ ശക്തിയേറിയ വിക്ഷേപണ സംവിധാധമായ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിലായിരിക്കും ഓറിയോൺ ബഹിരാകാശ പേടകം വിക്ഷേപിക്കുക. ചന്ദ്രനിൽ മനുഷ്യ ലാൻഡിങ് പുനഃരാരംഭിക്കുക എന്നതിനൊപ്പം ചന്ദ്രോപരിതലത്തെ കുറിച്ച് കൂടുതലറിയുന്നതിനും സാമ്പത്തിക നേട്ടങ്ങൾ സൃഷ്‌ട്ടിക്കുന്നതിനും ലക്ഷ്യം വെച്ചാണ് ആർട്ടെമിസ് ദൗത്യം ഘട്ടംഘട്ടമായി മുന്നോട്ട് പോകുന്നത്. ആർട്ടെമിസ് 3 വിജയകരമായാൽ മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന അടുത്ത ദൗത്യത്തിനുള്ള തയ്യാറെടുപ്പുകളും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.

onwin