കേന്ദ്ര ബജറ്റ് നാളെ

ന്യൂഡൽഹി : 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം നാളെ. രാവിലെ 11 മണിക്ക് മന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ലോക്‌സഭയില്‍ ഫെബ്രുവരി 3, 4 ദിവസങ്ങളില്‍ നടക്കും. രാജ്യസഭയില്‍ 3 ദിവസമാണ് ചര്‍ച്ചയുണ്ടാകുക. ഫെബ്രുവരി 6ന് രാജ്യസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയ്‌ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗവും ഉണ്ടായേക്കും.

ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം നടക്കുക. ബജറ്റിലെ ധനാഭ്യാര്‍ഥനകള്‍ സൂക്ഷ്‌മമായി പരിശോധന നടത്തിയതിന് ശേഷം മാര്‍ച്ച് 10ന് സമ്മേളനം പുനരാരംഭിക്കും. തുടര്‍ന്ന് ഏപ്രില്‍ 4ന് സമ്മേളനം പിരിയും. 27 ദിവസത്തെ സിറ്റിങ്ങാണ് ബജറ്റ് സമ്മേളനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.

ബജറ്റ് അവതരണത്തിന്‍റെ മുന്നോടിയായി പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്ന് നടന്നു. രാവിലെ 11ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനം രാഷ്‌ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്‌തു.