കോഴിക്കോട്: കോഴിക്കോട്ടുകാരിയായ കുഞ്ഞു പരിസ്ഥി പ്രവര്‍ത്തക റൂഹി മൊഹസബിനെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍. ‘മനുഷ്യത്വത്തോടുള്ള നിങ്ങളുടെ കരുതല്‍ അസാധാരണമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എപ്പോഴും നല്ലചിന്തകള്‍ പുലര്‍ത്തുക എന്നെഴുതി ഒപ്പുവച്ച കുറിപ്പും ചോക്ലേറ്റും ഉപരാഷ്ട്രപതി റൂഹിക്ക് കൈമാറി.

തന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉപരാഷ്ട്രപതിയെ അറിയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് റൂഹി ഇ-മെയില്‍ അയക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ തിരുവനന്തപുരം സന്ദര്‍ശന വേളയില്‍ കേരള ലോക്ഭവനില്‍ വച്ച് കൂടിക്കാഴ്ച്ചക്ക് അനുമതി നല്‍കി. നേപ്പാള്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താന്‍ വരച്ച കാന്‍വാസും,ഷിറിന്‍ യോകു എന്ന ബുക്കും റൂഹി ഉപരാഷ്ട്രപതിക്ക് സമ്മാനിച്ചു. പഞ്ചേന്ദ്രിയങ്ങള്‍ പ്രകൃതിയിലേക്ക് തുറന്നു വച്ച് വനാന്തരീക്ഷം അനുഭവിച്ചറിയുന്ന ജാപ്പനീസ് തെറാപ്പിയാണ് ഷിറിന്‍ യോകു.

കോഴിക്കോട് കോമണ്‍ഗ്രൗണ്ട് അക്കാഡമിയിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റൂഹിയുടെ പരിസ്ഥിതി പ്രവര്‍ത്തനം നാലാം വയസില്‍ തുടങ്ങിയതാണ്. രാജ്യത്തെ 1000 സ്‌കൂളുകളില്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്ന റൂഹിയുടെ ട്രീബാങ്ക് നഴ്്‌സറി പദ്ധതിയറിഞ്ഞ് കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കോഴിക്കോട്ടെത്തി റൂഹിയെ അഭിനന്ദിച്ചിരുന്നു. റീസൈക്കിള്‍ഡ് പേപ്പര്‍കൊണ്ടുള്ള ബുക്കുകള്‍ മാത്രമാണ് റൂഹി ഉപയോഗിക്കുന്നത്. ഈവര്‍ഷം ഫെബ്രുവരിയില്‍ ബാങ്കോക്കിലെ ഐക്യരാഷ്ട്രസഭ ഏഷ്യന്‍ പെസഫിക് ആസ്ഥാനത്തേക്ക് റൂഹി ക്ഷണിക്കപ്പെട്ടിരുന്നു. സുസ്ഥിരഭാവിക്കായുള്ള വിദ്യഭ്യാസം എന്ന വിഷയത്തില്‍ നടന്ന ആഗോള സെമിനാറിലേക്കായിരുന്നു ക്ഷണം. സെമിനാറിലേക്ക് ക്ഷണിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും റൂഹിയായിരുന്നു.
