നടന്‍ ദിലീപ് ശങ്കറിന്‍റെ മരണം; ആത്മഹത്യയല്ലെന്ന് പോലീസ് പ്രാഥമിക നിഗമനം

തിരുവനന്തപുരം: സിനിമ സീരിയല്‍ താരം ദിലീപ് ശങ്കറിന്‍റെ മരണം ആത്മഹത്യയല്ലെന്ന് പോലീസ് പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് സൂചന. ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളൊന്നും പരിശോധനയില്‍ ലഭിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി.

ദിലീപ് ശങ്കര്‍ മുറിയില്‍ തലയിടിച്ച് വീണതായാണ് ഇപ്പോഴത്തെ സംശയം. അതേസമയം ആന്തരിക അവയവങ്ങള്‍ ശാസ്‌ത്രീയ പരിശോധനയ്ക്ക് അയച്ചു. മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍.

ഞായറാഴ്‌ച (ഡിസംബര്‍ 29 )ഉച്ചയോടെയാണ് ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തതെന്ന് കണ്ടോൺമെൻറ് പോലീസ് അറിയിച്ചത്.

അതേസമയം മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കുകയായിരുന്നു. തുടർന്നാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സീരിയലുമായി ബന്ധപ്പെട്ട് അഞ്ചുദിവസമായി ദിലീപ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. രണ്ടു ദിവസം മുന്‍പാണ് ദിലീപ് സെറ്റില്‍ വന്ന് വര്‍ക്ക് തുടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസം വര്‍ക്ക് ഇല്ലായിരുന്നു. ആ ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു അദ്ദേഹം എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.