റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ ആശുപ​ത്രിയിലെത്തിച്ചാൽ 25,000 രൂപ നൽകുമെന്ന് ഗഡ്കരി

ന്യൂഡൽഹി: റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ സമ്മാനമായി നൽകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ‘ഗുഡ് സമാർതിയൻ​’ പദ്ധതി പ്രകാരമാണ് പണം അനുവദിക്കുന്നത്. നേരത്തെ 5000 രൂപ നൽകിയിരുന്ന സ്ഥാനത്താണ് ഇത് 25,000 രൂപയാക്കി ഉയർത്തിയിരിക്കുന്നത്.

നാഗ്പൂരിൽ നടന്ന റോഡ് സുരക്ഷാ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഗഡ്കരിയുടെ പരാമർശം. പദ്ധതി പ്രകാരം ആദ്യം നിശ്ചയിച്ച 5,000 രൂപ റോഡപകടത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ എത്തിക്കാൻ പ്രേരിപ്പിക്കുന്നതിന് പര്യാപ്തമല്ലെന്ന് കണ്ടെന്നതിനെ തുടർന്നാണ് തുക ഉയർത്താൻ തീരുമാനിച്ചതെന്ന് ഗഡ്കരി പറഞ്ഞു.
അപകടത്തിൽപ്പെട്ടയാളുടെ ഒന്നര ലക്ഷം രൂപ വരെയുള്ള ചികിത്സാചെലവുകൾ സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആനുകൂല്യം ദേശീയപാതകളിൽ അപകടത്തിൽപ്പെട്ടവർക്ക് മാത്രമല്ല സംസ്ഥാനപാതകളിൽ അപകടത്തിൽപ്പെടുന്നവർക്കും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 2021ലാണ് അപകടങ്ങളിൽപ്പെടുന്നവ​​രെ ആശുപത്രികളിൽ എത്തിക്കുന്നവർക്ക് സഹായം നൽകുന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചത്. അപകടം നടന്ന് ഒരു മണിക്കൂറിനകം ആളുകളെ ആശുപത്രിയിലെത്തിക്കുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.