കോഴിക്കോട്: കുറഞ്ഞ തുകയ്ക്ക് ആരോഗ്യ ഇൻഷുറൻസുമായി തപാൽ വകുപ്പ്. പ്രതിവർഷം വെറും 899 രൂപയ്ക്കാണ് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നത്.
തപാൽ വകുപ്പിനു കീഴിലുള്ള ഇന്ത്യ പോസ്‌റ്റ് പേയ്മെന്റ്റ്സ് ബാങ്ക് (ഐപിപിബി) അക്കൗണ്ട് ഉള്ളവർക്കാണ് ഈ പോളിസിയിൽ അംഗമാകാൻ സാധിക്കുക. അല്ലാത്തവർക്ക് 200 രൂപ നൽകി അക്കൗണ്ട് തുടങ്ങാം. 4 തരത്തിലാണ് പദ്ധതി. 899 രൂപയുടേത് വ്യക്‌തി – ഗത പ്ലാൻ ആണ്. ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ച് 1399 രൂ പയും അവർക്കൊപ്പം ഒരു കുട്ടിയെക്കൂടി ചേർത്താൽ 1799 രൂപയും ഭാര്യയ്ക്കും ഭർത്താവിനും 2 കുട്ടികൾക്കുമായി 2199 രൂപയുമാണു നിരക്ക്.
18 മുതൽ 60 വയസ്സ് വരെയാണു പോളിസിയിൽ ചേരാനുള്ള പ്രായപരിധി. 60 വയസ്സിനു മുൻപു പോളിസി എടുത്താൽ ആജീവനാന്തം തുടർന്നു പോകാം. ജനിച്ച് 91 ദിവസം മുതലുള്ള കുട്ടികളെ പദ്ധതിയിൽ ഉൾപ്പെടുത്താം.
പോളിസി കാലാവധി ഒരു വർഷം. പോളിസി എടുത്ത് 30 ദിവസത്തിനു ശേഷം വരുന്ന എല്ലാ അസുഖങ്ങളും കവർ ചെയ്യും. നിവാ ബുപാ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണു പദ്ധതിയെന്ന് ഇന്ത്യ പോസ്‌റ്റ് പേയ്മെന്റ്സ് ബാങ്ക് ബ്രാഞ്ച് മാനേജർ ജെ.ഷൈ മൺ പറഞ്ഞു. കൂടുതൽ വിവര ങ്ങൾക്ക്: 0495 2380690