
കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം. ഈ സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ നിന്ന് കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയില്‍ നിന്ന് വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് വയനാട് കളക്ടര്‍ അറിയിച്ചു. താമരശ്ശേരി ചുരത്തിലൂടെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതിയെന്നും ഭാരവാഹനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസ്, സിവില്‍ ഡിഫന്‍സ്, പൊലീസ് വാഹനങ്ങള്‍, അവശ്യ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. തുടര്‍ ഉത്തരവ് പുറപ്പെടുവിക്കും വരെ നിയന്ത്രണം തുടരും.
