മഹാരാഷ്ട്രയിലെ മൺസൂണിന് ഒരു മാന്ത്രികതയുണ്ട്. അതുവരെ കണ്ട വരണ്ടുണങ്ങിയ ഭൂമികയെ രൂപത്തിലും ഭാവത്തിലും ഒന്നാകെ മാറ്റി അവിടം ഒരു പറുദീസയാക്കും. മൺസൂണിൽ മഹാരാഷ്ട്ര മാറ്റൊരു ദേശമാണ്. പച്ചപ്പണിഞ്ഞ് തലയുയർത്തി നിൽക്കുന്ന മലനിരകളിൽ എല്ലാം എണ്ണിയാൽ ഒടുങ്ങാത്ത വെള്ളച്ചാട്ടങ്ങൾ പ്രത്യക്ഷമാകും. ആകാശത്തിൽ നിന്നും നേരിട്ട് പതിക്കും പോലെ തൂവെള്ളനിറമായി അതിങ്ങനെ മാടിവിളിച്ചുകൊണ്ടേയിരിക്കും.

മൺസൂണിലെ മഹാരാഷ്ട്രയുടെ വർണനകൾ കേട്ടറിഞ്ഞതുകൊണ്ട് തന്നെ യാത്ര ബൈക്കിൽ ആകാം എന്നു തീരുമാനിച്ചു. ആദ്യം 615 കിലോമീറ്റർ ദൂരെയുള്ള അമ്പോലി വെള്ളചാട്ടം ലക്ഷ്യമാക്കി യാത്ര തുടങ്ങി. പുലർച്ചെ 4.30 ന് തുടങ്ങിയ യാത്ര അമ്പോലിയിൽ എത്തുമ്പോൾ വൈകീട്ട് നാലിനോട് അടുത്തിരുന്നു. ഒഴിവുദിവസമായതിനാൽ അഭൂതപൂർവ്വമായ ജനക്കൂട്ടമായിരുന്നു. പോരാത്തതിന് മെയിൻ റോഡിനോട് ചേർന്ന് നിൽക്കുന്ന വെള്ളച്ചാട്ടവും. വീഡിയോയിൽ കണ്ടറിഞ്ഞ അമ്പോലി ഫാൾസ് ആദ്യദിനം തന്നെ നിരാശയായിരുന്നു സമ്മാനിച്ചത്. ആൾക്കൂട്ടത്തിനിടയിലൂടെ മുഖത്തോട് മുഖംനോക്കി പരസ്പരം നിരാശ പങ്കുവെച്ച് ഞാനും കൂട്ടാളി സ്വരൂപും വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് നടന്നു… “പെട്ടെന്ന് കിട്ടുന്നതിനൊന്നും അത്ര രസം ഉണ്ടാകില്ല” എന്ന് പറഞ്ഞ സ്വരൂപിന്റെ വാക്കുകൾ അർത്ഥവത്താക്കുന്നതായിരുന്നു പിന്നീടുള്ള കാഴ്ചകൾ. കാരണം പിന്നെയൊന്നും പെട്ടെന്ന് എത്തിപ്പെടാൻ പറ്റുന്നതായിരുന്നില്ല.
അവിടുന്ന് 400 കിലോമീറ്ററിലധികം ദൂരെയുള്ള കുംബൈ വെള്ളച്ചാട്ടമായിരുന്നു അടുത്ത ലക്ഷ്യം. താമസം ടെന്റിൽ ആയതുകൊണ്ട് തന്നെ അധികം ഇരുട്ട് ആകാതെ ടെന്റടിക്കാൻ പറ്റിയ സ്ഥലം കണ്ടുപിടിച്ച് അന്നത്തെ യാത്ര അവസാനിപ്പിച്ചു.
പിറ്റേന്ന് 500 മീറ്ററിൽ അധികം ദൂരമുള്ള പാറ തുരന്നുള്ള ഗുഹയും കടന്ന് കുംബൈ വാട്ടർ ഫാൾസിന് അരികിൽ എത്തി. ഇത് കാണാനായി എത്തിയ പത്തോളം പേർ വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത് മാത്രം നിൽപ്പ് ഉറപ്പിച്ചപ്പോൾ ഫോട്ടോയിൽ കണ്ട വെള്ളച്ചാട്ടം ഇങ്ങനെ അല്ലല്ലോ എന്ന് സംശയിച്ചു. അവിടെയുള്ള ചായ വിൽപ്പനക്കാരനോട് കാര്യം പറഞ്ഞപ്പോൾ വ്യൂ കിട്ടാൻ കുറച്ചധികം റിസ്ക് എടുക്കണം എന്നാണ് പറഞ്ഞത്. മഴക്കാലമായതുകൊണ്ടുതന്നെ മുൻപുള്ളതിനേക്കാൾ കൂടുതൽ ‘ഡെയ്ഞ്ചർ’ എന്ന് മുന്നറിയിപ്പും തന്നു. കേവലം 200 മീറ്റർ മാത്രം ദൂരമുള്ളൂ ഈ പറഞ്ഞ സ്ഥലത്തേക്ക്. യാതൊരുവിധ സുരക്ഷാസംവിധാനവും ഇല്ലാതെ ചളി നിറഞ്ഞ വഴുവഴുപ്പുള്ള 50 മീറ്റർ കുത്തനെയുള്ള ഇറക്കം. അതുകഴിഞ്ഞാൽ ഇരുവശവും ചെങ്കുത്തായ കൊക്കെയുള്ള, ഒരാൾക്ക് മാത്രം കഷ്ടിച്ച് നടന്നു പോകാൻ കഴിയുന്ന ഒരു വഴിയും.

ഞങ്ങൾ കണ്ടതിലും പോയതിലും വച്ച് ഏറ്റവും റിസ്ക് എന്ന് തോന്നിയ സ്ഥലം. മുന്നേ മറ്റുള്ളവർ പോയിട്ടുള്ളതുകൊണ്ടും അവിടെയുള്ള കാഴ്ചയുടെ ഭംഗി വീഡിയോകളിൽ കണ്ടതുകൊണ്ടും ആ റിസ്ക് എടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. മുൻപ് സ്വരൂപ് പറഞ്ഞ വാക്കുകളിൽ മനസ്സിൽ അൽപ്പം മാറ്റം വരുത്തി- കഷ്ടപ്പെട്ട് എത്തിച്ചേർന്നാൽ കാണുന്ന കാഴ്ച അതിമനോഹരമാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത ആ കാഴ്ച്ച ഒന്ന് മാത്രം മതിയായിരുന്നു ആയിരത്തിൽ അധികം കിലോമീറ്റർ പിന്നിട്ട ഈ യാത്ര സമ്പൂർണമാകാൻ…
സംതൃപ്തിയോടെ അടുത്ത ലക്ഷ്യസ്ഥാനമായ 40 കിലോമീറ്റർ മാത്രം അകലെയുള്ള ദേവ്കുണ്ട് വെള്ളച്ചാട്ടത്തിലേക്ക് തിരിച്ചു.
അവിടെ എത്തുമ്പോഴേക്കും അഞ്ച് മണി. അന്നത്തെ പ്രവേശനം കഴിഞ്ഞിരുന്നു. 2 മണിക്കൂറിനടുത്ത് ട്രക്ക് ചെയ്ത് പോകേണ്ടതിനാലും രാത്രി കാടിനുള്ളിലെ യാത്ര അനുവദിക്കാത്തതുകൊണ്ടും ഇന്നിനി സ്ഥലം കാണൽ നടക്കില്ലെന്ന് മനസ്സിലായി. വന്യജീവികൾ ഉള്ള കാരണം ടെന്റ് അടിക്കാൻ സമ്മതിക്കാത്തതിനാൽ തൊട്ടടുത്തായി ഒരു ചെറിയ ഹോംസ്റ്റേ തരപ്പെടുത്തി.
പിറ്റേന്ന് രാവിലെ 7 മണിക്ക് തന്നെ സ്റ്റാർട്ടിങ് പോയിന്റ് ആയ ഭീറയിൽ എത്തി ദേവ്കുണ്ടിലേക്ക് യാത്ര തുടർന്നു. 2 മണിക്കൂർ എന്ന് പറഞ്ഞ ട്രക്കിങ് ഞങ്ങൾ ഒരുമണിക്കൂർ കൊണ്ട് പൂർത്തിയാക്കി. വെള്ളച്ചാട്ടം അടുത്തടുത്ത് വരുമ്പോഴുള്ള ശബ്ദം തളർച്ചകളെ ഇല്ലാതാക്കി. ദേവ്കുണ്ടിന് മുന്നിൽ എത്തിച്ചേർന്നപ്പോൾ ഇതുവരെ അനുഭവിച്ച വെള്ളച്ചാട്ടങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് തോന്നി. അത്രയും തണുപ്പുള്ള വെള്ളച്ചാട്ടത്തിൽ ചെറിയൊരു കുളിയും നടത്തി ആ തണുപ്പിനെ കൂടെ കൂട്ടി തിരിച്ചുനടന്നു. അതിന് അടുത്തായി അധികം ആളുകൾ ശ്രദ്ധിക്കാത്ത പേരില്ലാത്തൊരു കുഞ്ഞൻ വെള്ളച്ചാട്ടവും കണ്ട് അതിനടുത്തേക്ക് പോയി. കാറ്റിന്റെ ശക്തിക്കനുസരിച്ച് ദിശ മാറിപ്പോകുന്ന ആ വെള്ളച്ചാട്ടത്തിന് നേരെ കീഴിൽ പോയി ഇരുന്നു. ചില നിമിഷങ്ങൾ, ചില വികാരങ്ങൾ, ചില അനുഭൂതികൾ ഇവയൊന്നും പറഞ്ഞറിയിക്കാൻ പറ്റിയെന്നുവരില്ല. അങ്ങനെ ദേവ്കുണ്ടിൽനിന്നും മനസും ശരീരവും നിറയെ ഉന്മേഷവും സന്തോഷവുമായി ഹരിഹർ ഫോർട്ട് ലക്ഷ്യമാക്കി യാത്ര തിരിച്ചു.

250 കിലോമീറ്ററിൽ അധികമുണ്ട് ഹരിഹർഫോർട്ടിലേക്ക്. നേരത്തെ പറഞ്ഞ ഭൂപ്രകൃതിയുടെ മനോഹാരിത ഇപ്പോഴാണ് കൂടിവന്നത്. ഇരുവശങ്ങളിലും കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പച്ചപ്പണിഞ്ഞ പുൽമേടുകളും അതിനിടയിൽ ഒറ്റയായി നിൽക്കുന്ന ചെറിയ മരങ്ങളും. ഈ മനോഹരമായ കാഴ്ച്ച കണ്ടുകൊണ്ടുള്ള യാത്രയിൽ പേരറിയാത്ത പല സ്ഥലങ്ങളിലും ബൈക്ക് നിർത്തി പച്ചപ്പ് ആസ്വദിച്ചും ഫോട്ടോ പകർത്തിയും ഹരിഹർ ഫോർട്ടിലേക്കുള്ള സമയം വീണ്ടും മുന്നിൽ കിടന്നു.
പല പല ഉൾഗ്രാമങ്ങളിലൂടെയുള്ള യാത്ര പലതരം കാഴ്ചകൾ മുന്നിൽ കൊണ്ടുവന്നു. പശുക്കളെയും ആടുകളെയും മേയ്ച്ചുകൊണ്ട് പോകുന്ന ഗ്രാമീണ കർഷകരെ ആ വഴിയിൽ ഉടനീളം കാണാം. വികസനങ്ങൾ ഒന്നും തന്നെ എത്തിപ്പെടാത്ത ഗ്രാമങ്ങൾ, ഇലക്ട്രിസിറ്റി ലൈനുകൾ പോലും ഇവിടെ കാണാനില്ല.
പലയിടത്തും നിർത്തി നിർത്തി പോയതിനാൽ ഫോർട്ടിന്റെ താഴ്വാരഗ്രാമമായ ഹരേസ്വർവാടിയിൽ എത്തുമ്പോൾ സമയം വൈകീട്ട് 7 മണിയോട് അടുത്തിരുന്നു.
അന്നത്തെ രാത്രി ഹരിഹർ ഫോർട്ടിന്റെ മുകളിൽ ആയിരുന്നു ടെന്റ് അടിച് താമസം പ്ലാൻ ചെയ്തിരുന്നത്. ട്രക്കിങ്ങിന് ഒരു മണിക്കൂറിലധികം വേണം. രാത്രി മറ്റ് വെളിച്ചങ്ങൾ ഒന്നുമില്ലാതെ ഇന്ത്യയിലെ ഏറ്റവും അപകടകരമായ ട്രക്കിങ് സ്ഥലങ്ങളിൽ ഒന്നായ ഹരിഹർ ഫോർട്ടിൽ കയറുക എന്നത് ശ്രമകരമാണെന്ന് പലരും പറഞ്ഞെങ്കിലും സ്വരൂപിന്റെ കേറിക്കൂടെ എന്ന ചോദ്യത്തിന് നീ ഓകെ ആണേൽ ഞാനും ഒക്കെ എന്ന് മറുപടി നൽകി.
ബൈക്കും ബാഗും ഒരു വീട്ടിൽ ഏൽപ്പിച്ച് ടെന്റും ഭക്ഷണവും എടുത്ത് ട്രക്കിങ് തുടങ്ങുമ്പോൾ സമയം 7.45 നോട് അടുത്തിരുന്നു. കയ്യിലുള്ള മൊബൈൽ വെട്ടത്തിൽ അത്യാവശ്യം കാട് എന്ന് തോന്നിക്കുന്ന മലകൾക്കിടയിലൂടെ 40 മിനിറ്റോളം നടന്ന് കോട്ടമലയുടെ താഴെ എത്തി. ഇനിയാണ് 80 ഡിഗ്രി കുത്തനെ ഉള്ള കുഞ്ഞൻ സ്റ്റെപ്പുകളുമായി കുത്തനെ നിൽക്കുന്ന ഹരിഹർഫോർട്ട്. 117 ഓളം പടികൾ.
യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത ഈ കയറ്റം തന്നെയാണ് ഇതിന്റെ പ്രത്യേകതയും. സ്റ്റെപ്പിൽ പിടിച്ചു കൊണ്ട് ഓരോ പടികളും ശ്രദ്ധിച്ച് മാത്രം കയറേണ്ടുന്നവ. ഒരു കൈയ്യിൽ മൊബൈലും തെളിയിച്ചു കൊണ്ട് ഹരിഹർ ഫോർട്ടിനെ കീഴടക്കിമുകളിൽ എത്തുമ്പോൾ മറ്റൊരു വെളിച്ചമോ മനുഷ്യ സമ്പർക്കമോ ഇല്ലെന്ന് തോന്നി.

കോട്ടയുടെ ഏറ്റവും മുകളിൽ അര കിലോമീറ്ററിൽ അധികം വ്യാപിച്ചു കിടക്കുന്ന ചെറിയ ചെറിയ കുന്നുകൾ പോലുള്ള ചെറിയ പുല്ല് നിറഞ്ഞ പ്രദേശമാണ്. അവിടെയാണ് ടെന്റ് അടിക്കാനുള്ള സ്ഥലം കണ്ടെത്തേണ്ടത്. അപ്പോഴാണ് ചെറിയ ശബ്ദം കേൾക്കാൻ തുടങ്ങിയത്. ഞങ്ങളുടെ സംസാരം കേട്ടത്കൊണ്ടാവണം സാധനം കയ്യിലുണ്ടോ എന്നൊരു ചോദ്യമായിരുന്നു. കേരളത്തിന് പുറത്ത് മലയാളികൾക്കായുള്ള ആ ‘കോഡ്’ പറഞ്ഞത് മലപ്പുറത്ത് നിന്നുള്ള 7 ചെറുപ്പക്കാരായിരുന്നു. അവരും ടെന്റ് അടിച്ച് അവിടെ നിൽക്കുകയാണ്. അവരോട് കുശലം പറഞ്ഞും ബിസ്കറ്റ് പങ്കുവെച്ചും അത് മറ്റൊരു സന്തോഷനിമിഷമായി മാറി.
നല്ല ശക്തിയേറിയ കാറ്റും ചെറിയ ചാറ്റൽ മഴയും നിറഞ്ഞ രാത്രി ഒരു വലിയ ആഗ്രഹപൂർത്തീകരണം പോലെ ആയിരുന്നു. ഹരിഹർ ഫോർട്ട് കയറിയിരിക്കുന്നു.
രാവിലെ മുഴുവൻ കോടയാൽ ചുറ്റപ്പെട്ടുകൊണ്ടാണ് ഹരിഹർഫോർട്ടിന്റെ നിൽപ്. മെല്ലെ മെല്ലെ കാറ്റിനു കോട പോകുന്നുണ്ടെങ്കിലും അടുത്ത കാറ്റിനു വീണ്ടും വന്നുകൊണ്ടിരിക്കുന്നു.. കോട്ടയുടെ മുകളിൽ നിന്നുള്ള 360 ഡിഗ്രി വ്യൂ വാക്കുകൾക്കും അപ്പുറമാണ്. അങ്ങനെ കോട്ടയിലെ താമസം മതിയാക്കി താഴേക്കിറങ്ങാൻ തുടങ്ങി. ഇറക്കമാണ് കയറ്റത്തേക്കാൾ ഭീകരം. വഴുവഴുപ്പുള്ള പടികൾ ഓരോന്നായി ഇറങ്ങി താഴെ എത്തിയപ്പോൾ കൂടുതൽ ആൾക്കാർ കോട്ട കയറാൻ വരാൻ തുടങ്ങുന്നുണ്ടായിരുന്നു.
അവിടെ നിന്നുള്ള യാത്ര 90 കിലോമീറ്റർ അപ്പുറമുള്ള ബന്ധർദാര വെള്ളച്ചാട്ടം ലക്ഷ്യമാക്കിയായിരുന്നു. ഒരു ഉൾഗ്രാമ പ്രദേശത്ത് 500 മീറ്റർ നടന്നാൽ എത്തിച്ചേരാൻ കഴിയുന്ന അതിമനോഹരമായ വെള്ളച്ചാട്ടമാണ് ബന്ധർധാര. അധികം ആയാസകരമല്ലാത്ത യാത്ര ആയതിനാൽ ചെറിയ കുട്ടികൾ മുതൽ വയോജനങ്ങൾ വരെ ഇവിടെ സന്ദർശകരായി എത്തുന്നുണ്ട്.
അവിടുന്ന് 10 കിലോമീറ്റർ അകലെയാണ് രത്തൻഗഡ് ഫോർട്ട്. ഫോർട്ടിന്റെ താഴ്വാര ഗ്രാമമായ രത്തൻവാടിയിൽ ബൈക്കും ബാഗും ഏൽപ്പിച്ച് 10 കിലോമീറ്ററിൽ അധികം ദൂരമുള്ള ട്രക്കിങ് തുടങ്ങുമ്പോൾ സമയം വൈകീട്ട് ആറിനോട് അടുത്തിരുന്നു. കാട്ടിലൂടെയുള്ള കുത്തനെയുള്ള കയറ്റങ്ങളുംചെറിയ അരുവികളും കടന്ന് ചെന്ന് അവിടെ എത്താൻ ഏതാണ്ട് 3 മണിക്കൂർ വേണം. രാത്രി ആയതുകൊണ്ടും കാട്ടിൽ കൃത്യമായ സൈൻ ബോർഡുകൾ ഇല്ലാത്തതിനാലും ഞങ്ങൾ പ്രതീക്ഷിച്ചതിലും ഭീകരമായിരുന്നു ആ ട്രക്കിങ്. ചെറിയ ചാറ്റൽ മഴയും കോടയും നിറഞ്ഞ കാട് കഴിഞ്ഞ് മീറ്ററുകളോളം മുകളിലേക്ക് നീളമുള്ള ഇരുമ്പ് ഗോവണി കണ്ടപ്പോൾ മാത്രമാണ് ആ യാത്ര ലക്ഷ്യത്തിൽ എത്തിച്ചേർന്നു എന്ന് മനസിലായത്.
1,263 മീറ്ററാണ് കോട്ടയുടെ സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം. അവിടെ ആ രാത്രിയിൽ ഞങ്ങൾ രണ്ടുപേർ മാത്രം. ടെന്റ് അടിച്ച് ഭക്ഷണം കഴിച്ച് ഇതുവരെ ചെയ്തിട്ടുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ ട്രക്കിങ് അനുഭവത്തിന്റെ തളർച്ച മാറ്റി. മുഴുവനായും കോടമൂടിയത് കൊണ്ട് തന്നെ രാവിലത്തെ കാഴ്ച്ച അത്ര മനോഹരം ആയിരുന്നില്ല. രാവിലെ 11 മണി ആയിട്ടും സൂര്യപ്രകാശം മതിയായ രീതിൽ അവിടെ എത്തിയില്ല. തിരിച്ച് ഇറങ്ങാൻ നേരമാണ് അതിന്റെ ചുവട്ടിലായി ഒരു ചെറിയ ചായക്കടയുടെ ബോർഡ് ശ്രദ്ധിച്ചത്. ശനിയാഴ്ച ആയത് കൊണ്ട് അവിടെ കട തുറന്നിരുന്നു. ശനിയും ഞായറും സഞ്ചാരികൾ വരാറുള്ളത് കൊണ്ട് അവർ അവിടെ ശനിയാഴ്ച രാവിലെ വന്ന് തിങ്കളാഴ്ച വരെ താമസിച്ച് കട തുറക്കുകയാണ് പതിവെന്ന് പറഞ്ഞു. ചായ കുടിച്ച് തിരിച്ചിറങ്ങി രത്തൻവാടിയിലെ പുഴയിൽ ഒരു കുളിയും നടത്തി അടുത്ത ലക്ഷ്യ സ്ഥാനമായ കാലു വെള്ളച്ചാട്ടത്തിലേക്ക് യാത്ര തുടർന്നു.

കാലുവിലേക്കുള്ള യാത്രയിൽ നല്ല മഴയും കോടമഞ്ഞും കാരണം ദൃശ്യങ്ങൾ ഒന്നും വ്യക്തമായിരുന്നില്ല. അതുകൊണ്ട് വെള്ളച്ചാട്ടത്തിന്റെ അടുത്തായി ഒരു ചെറിയ ഗ്രാമത്തിൽ താമസിച്ച് പിറ്റേന്ന് രാവിലെയാക്കി യാത്ര. തലേന്ന് വെള്ളച്ചാട്ടത്തിൽ ഒരാൾ മരിച്ചതുകാരണം അതിന്റെ താഴേക്കുള്ള യാത്ര താത്കാലികമായി നിരോധിച്ചതിനാൽ മുകളിൽ നിന്നുമാത്രം കാഴ്ച കണ്ട് മടങ്ങി വരേണ്ടിവന്നു. തട്ടുതട്ടായി ഒഴുകുന്ന വലിയ വെള്ളച്ചാട്ടം ദൂരെ നിന്ന് മാത്രം കണ്ട് അടുത്ത ലക്ഷ്യമായ റിവേഴ്സ് വാട്ടർഫാളിലേക്ക് നീങ്ങി.
എന്തെറിഞ്ഞാലും തിരിച്ചുവരുന്ന, മുകളിൽ നിന്ന് പതിക്കുകയും എന്നാൽ നേരെ താഴെ എത്താതെ പറന്ന് പോവുകയും ചെയ്യുന്ന റിവേഴ്സ് വെള്ളച്ചാട്ടം കാണാൻ നിരവധി പേർ എത്തുന്നുണ്ട്. റോഡ് സൈഡിൽ നിന്ന് അധികം ട്രക്കിങ് ഒന്നുമില്ലാതെ കാണാൻ കഴിയുന്ന സ്ഥലമായത് കൊണ്ടാണ് ഈ തിരക്ക്. മഴയും കോടയും കാരണം ഇടക്കിടക്ക് മാത്രമേ അത് മുഴുവനായും കാണാൻ കഴിയുന്നുള്ളു.
ഇനിയും കാണാൻ ഒരുപാടുള്ള മഹാരാഷ്ട്രയോട് താൽക്കാലത്തേക്ക് വിടപറഞ്ഞ് തിരിച്ച് നാട്ടിലേക്ക് ഞങ്ങൾ മടങ്ങി.
രചന, ചിത്രങ്ങൾ അരുൺ മുഴക്കുന്ന്