വേദന മറന്ന് വളയം പിടിച്ച വണ്ടർ വുമൺ

ലോകമൊട്ടാകെ വിറങ്ങലിച്ച മഹാ ദുരന്തമായിരുന്നു വയനാട്ടില്‍ സംഭവിച്ചത്. കൃത്യമായ മരണനിരക്ക് പോലും രേഖപ്പെടുത്താന്‍ കഴിയാത്ത അത്രയും ഭീകരമായ പ്രകൃതി ദുരന്തമായിരുന്നു അത്. തോടും വീടും മണ്ണും ജീവനും കുത്തിയൊലിച്ചു പോയിടത്ത് മനുഷ്യരായ മനുഷ്യര്‍ മുഴുവന്‍ തോളോട് തോള്‍ ചേര്‍ന്ന് അതിജീവനത്തിന്റെ പുതിയ പാത വെട്ടി ഒരേയൊരു രാത്രി കൊണ്ട് ഒറ്റപ്പെട്ടുപോയവര്‍ക്ക് താങ്ങും തണലുമായി മാറിയവര്‍. കൂട്ടായി നിന്ന് കുടുംബമായി മാറിയവര്‍. പലതും വിട്ട് ഒരേ മെയ്യും മനസ്സുമായി വിധിയെ തോല്‍പ്പിച്ച കുറേയേറെ മനുഷ്യര്‍. അവരിലൊരാളായി ദീപയും ഉണ്ടായിരുന്നു. കലങ്ങി ചുവന്ന മണ്ണിലൂടെ തകര്‍ന്ന മനസ്സിനെ പാകപ്പെടുത്തി ജീവനും ജീവിതത്തിനുമിടയിലെ സാരഥിയായി.

നൊമ്പരം മറന്ന് ദീപ പറന്നെത്തി;സങ്കടത്തിന് തുലാഭാരമില്ലല്ലോ ?

മകളുടെ മരണത്തോടെ ഉപേക്ഷിച്ച ജോലിയിലേക്ക് തിരികെ വരാന്‍ ദീപയെ പ്രേരിപ്പിച്ചത് വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ തകര്‍ന്നവരുടെ നൊമ്പരമായിരുന്നു. പത്ത് മാസം മുന്‍പു മകള്‍ എയ്ഞ്ചല്‍ മരിയയുടെ അപ്രതീക്ഷിത മരണത്തോടെ ആംബുലന്‍സിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്നിറങ്ങിയതായിരുന്നു കല്ലാച്ചി സ്വദേശിനി ദീപ ജോസഫ്. വയനാട്ടിലെ ചൂരല്‍മലയിലെ ഉരുള്‍പൊട്ടലിനെക്കുറിച്ചറിഞ്ഞാണു വീണ്ടും ആംബുലന്‍സെടുത്തത്. ചൂരല്‍മലയിലും മുണ്ടക്കൈയിലെ ദുരന്തഭൂമിയിലേക്കും ഓടിയെത്തിയ ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവറും ദീപയായിരുന്നു. പിന്നീടങ്ങോട്ട് വിശ്രമമില്ലാത്ത സേവനമായിരുന്നു. ആദ്യ മൂന്ന് ദിവസം വണ്ടിയില്‍ത്തന്നെ ഉറക്കം. പിന്നിടങ്ങോട്ടുള്ള ദിനങ്ങളില്‍ ദുരന്ത ഭൂമിയിലെ സജീവ പ്രവര്‍ത്തകയായി. വയനാട്ടിലെ ആ ദിവസങ്ങള്‍ മനസില്‍ നിന്ന് ഒരിക്കലും മായാത്തതാണെന്ന് ദീപ പറയുന്നു. മകളെ നഷ്ടപ്പെട്ടതിന്റെ സങ്കടം മനസ്സില്‍ മായാതെ കിടക്കുകയാണ്. അതുപോലെയൊരു നഷ്ടത്തിന്റെ നോവുമായി എത്തിയതാണ് മേപ്പാടിയില്‍ മല്ലികയെന്ന മുത്തശ്ശിയും. ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ തന്റെ കൊച്ചുമകള്‍ അനന്തികയുടെ മൃതദേഹം തിരിച്ചറിയാനെത്തിയതായിരുന്നു മല്ലിക. സ്വയം കണ്ണീര്‍ തുടച്ചുമാറ്റി ദീപ മല്ലികയെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ചു. ഇത്തരത്തില്‍ ബന്ധുക്കളെയും കുഞ്ഞുങ്ങളെയും തിരിച്ചറിയാനെത്തുന്നവരുടെ വിലാപങ്ങള്‍ സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ഓരോ കുടുംബത്തിലേയും പ്രിയപ്പെട്ടവരെ ബന്ധുക്കള്‍ തിരിച്ചറിയുന്നത് കരളലിയിക്കും കാഴ്ചയായിരുന്നു. എന്റെ മകള്‍ മൈലാഞ്ചി ഇട്ടിരുന്നു, കാതില്‍ കല്ലുള്ള കമ്മലുണ്ടായിരുന്നു, കൈ നിറയെ വളയുണ്ടായിരുന്നു. കാലില്‍ കുഞ്ഞു സ്വര്‍ണ പാദസരമുണ്ടായിരുന്നു എന്നെല്ലാം പറഞ്ഞ് ഓരോരുത്തരും പൊട്ടിക്കരഞ്ഞാണെത്തുന്നത്. കൈയും കാലും തലയുമില്ലാത്ത മൃതദേഹങ്ങളുടെ അവസ്ഥയെ കുറിച്ച് ബന്ധുക്കളെ പറഞ്ഞു മനസിലാക്കാനും വളരെ ബുദ്ധിമുട്ടാണ്. മകളെ നഷ്ടപ്പെട്ട എന്റെ സങ്കടത്തേക്കാള്‍ എത്രയോ ഇരട്ടിയിലധികം ദു:ഖം അനുഭവിക്കുന്നവരെയാണ് ഞാനവിടെ കണ്ടുമുട്ടിയത്. ഇനി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക മാത്രമെ നമുക്ക് ചെയ്യാനുള്ളു… ദീപയുടെ വാക്കുകള്‍ ഇടറുന്നു.

അനുഭവങ്ങളുടെ തീച്ചൂടേറ്റ ജീവിതം…

ഉപജീവനത്തിനായി പല വിധം ജോലികളും ചെയ്ത് ധൈര്യം കൈവിടാതെ ദീപ പൊരുതി നിന്നു. പിന്നീടാണ് തനിക്കറിയാവുന്ന ഡ്രൈവിങ് സ്ഥിരം തൊഴിലാക്കാന്‍ തീരുമാനിച്ചത്. 2016 ല്‍ ഹെവി ലൈസന്‍സ് എടുത്തു. ഒരു മാര്‍ബിള്‍ ഷോറൂമില്‍ ജോലി ചെയ്യുമ്പോള്‍ ഡ്രൈവറില്ലാത്തപ്പോള്‍ അവിടത്തെ വാഹനങ്ങള്‍ ഓടിച്ചത് ആത്മവിശ്വാസം നല്‍കി. പിന്നീട് ബസ് ഡ്രൈവറുടെ ജോലി. കോവിഡ് സമയത്ത് ഓട്ടം ഇല്ലാതായതോടെയാണ് ആംബുലന്‍സ് ഡ്രൈവറായി മാറുന്നത്. വേദനകള്‍ മാത്രം നല്‍കിയ ജീവിതത്തില്‍ പ്രതീക്ഷയും ആത്മവിശ്വാസവുമായി ഈ ജോലി. ചെറുപ്പത്തിലേ തന്നെ മറ്റ് വാഹനങ്ങളുടെ വേഗത്തെ കീഴക്കിയതിനാല്‍ ആംബുലന്‍സിന്റെ വളയം ദീപക്ക് ഒട്ടും അപരിചിതമല്ലായിരുന്നു. കൊറോണ പിടിമുറുക്കുമ്പോള്‍ തന്നെ ദീപ ആംബുലന്‍സിന്റെ ഡ്രൈവര്‍ സീറ്റിലെത്തിയിരുന്നു. പിന്നീടങ്ങോട്ട് നിര്‍ത്താതെയുള്ള ഓട്ടങ്ങള്‍. ഏഴ് മാസത്തോളം കൊവിഡ് പോസിറ്റീവ് കേസുകള്‍ മാത്രമാണ് എടുത്തിരുന്നത്. രോഗികളെ സുരക്ഷിതമായി ആശുപത്രിയിലും തിരിച്ച് വീടുകളിലും എത്തിക്കുന്ന ജോലികളും പിന്നീട് അപകടത്തില്‍പ്പെട്ടവരെയും മരിച്ചവരെയും കൊണ്ടുള്ള യാത്രകളുമൊക്കെയായി അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് തന്റെ പൊന്നോമനയായ ഏയ്ഞ്ചല്‍ മരിയയുടെ മരണം. മകള്‍ രക്താര്‍ബുദം കാരണം മരണപ്പെട്ടതോടെ ദീപ ശാരീരികമായും മാനസികമായും തളര്‍ന്നു. അടച്ചുപൂട്ടിയ ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ഡ്രൈവിങ് ജോലി പാടെ ഉപേക്ഷിച്ചു. കല്ലാച്ചിയിലെ ആയുര്‍വേദ ആശുപ്രതിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണു ചൂരല്‍മല ഉരുള്‍പൊട്ടലിനെക്കുറിച്ചു കേള്‍ക്കുന്നത്. വടകര മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ സ്പെക്ടര്‍ ഇ കെ അജീഷാണ് മേപ്പാടിയിലേക്ക് ആംബുലന്‍സും ഫ്രീസറും എത്തിക്കാന്‍ വഴിയുണ്ടോ എന്നന്വേഷിച്ച് വിളിച്ചത്. വിളി വന്നതോടെ ആശുപത്രിക്കിടക്ക വിട്ട് ആംബുലന്‍സെടുത്ത് നേരെ ദുരന്ത ഭൂമിയിലേക്ക്.

ജീവിത വഴികളില്‍ കുതിച്ചുപാഞ്ഞ് ദീപ.

കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ എന്ന നിലയില്‍ നാട്ടുകാര്‍ക്കെല്ലാം ഏറെ പ്രിയങ്കരിയും ഉദാത്തമായ പ്രവര്‍ത്തന മാതൃകയുമാണ് ദീപ. ആരെയും വിസ്മയിപ്പിക്കുന്നതാണ് ദീപയുടെ ജീവിത വഴികള്‍. പ്രളയത്തിലും ദുരന്തമുഖത്തുമെല്ലാം വാഹനങ്ങളുടെ വളയം പിടിച്ച് ദീപ സജീവമാണ്. പ്രതിസന്ധികളില്‍ തളരാതെ പ്രതികൂല സാഹചര്യങ്ങളെ മറികടന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍നിന്നും പറന്നുയര്‍ന്നവളാണ് ഇവര്‍. കഠിനാധ്വാനം ചെയ്ത് സാഹസിക വഴികളിലേക്ക് ഇറങ്ങിത്തിരിച്ച ദീപയുടെ ജീവിതം കേരള സമൂഹത്തിന് തന്നെ വലിയ സന്ദേശമാണ് നല്‍കുന്നത്. കോവിഡ് കാലത്ത് രോഗികളുമായി ചീറിപ്പായുന്ന ദീപയുടെ ചിത്രം പതിഞ്ഞത് അനേകം ആളുകളുടെ മനസ്സിലായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ ശക്തി പുരസ്‌കാരമടക്കം നൂറോളം പുരസ്‌കാരങ്ങളാണ് ദീപയെ തേടിയെത്തിയിട്ടുള്ളത്. നാട്ടില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമാണ് ദീപ. പ്രതിരോധ സേനയിലോ ഫയര്‍ ഫോഴ്സിലോ ജോലി ചെയ്യണമെന്നാണ് ദീപയുടെ ഏറ്റവും വലിയ ആഗ്രഹം. @വണ്ടര്‍ വുമണ്‍…. കുട്ടിക്കാലം മുതല്‍ ഡ്രൈവിങ്ങിനേയും അഭിനയത്തേയും പ്രണയിച്ചിരുന്ന ദീപ ഇരുപതോളം ഹൃസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പാല്‍നിലാ മഴയത്ത് എന്ന മ്യൂസിക്കല്‍ വീഡിയോയിലൂടെ സംവിധായികയുമായി മാറി. അഭിനയ രംഗത്ത് സജീവമായ ദീപ ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹയായിട്ടുണ്ട്. ദീപ ബസ് ഡ്രൈവറുടെ വേഷത്തിലെത്തിയ ജേണി എന്ന ഷോട്ട് മൂവിക്ക് യൂട്യൂബില്‍ നാല് മില്യണ് മുകളില്‍ കാഴ്ച്ചക്കാരുണ്ട്. കോവിഡ് വ്യാപന സമയത്ത് ആംബുലന്‍സ് ഡ്രൈവറായി ഏറെ ശ്രദ്ധിക്കപ്പെട്ട ദീപയുടെ സേവനത്തെ മലയാളത്തിലെ മഹാ നടന്‍ മമ്മുട്ടിയടക്കം ഏറെപേര്‍ പ്രശംസിച്ചിരുന്നു. ദീപ ജോസഫ് ഒരു വണ്ടര്‍ വുമണ്‍ എന്നായിരുന്നു മമ്മുട്ടി പറഞ്ഞത്. സ്വന്തം ജീവന്‍ പോലും പണയം വച്ച് മറ്റൊരു ജീവനുമായി ആംബുലന്‍സില്‍ കൃത്യ സ്ഥലത്തെത്തിക്കുന്ന ദീപ പെണ്‍കരുത്തിന്റ പ്രതീകമായി മാറുകയായിരുന്നു. 2022 ലെ കൈരളി പുരസ്‌കാര സമര്‍പ്പണ വേളയിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആണുങ്ങളാരുമില്ലേ?

ഒരിക്കല്‍ വളയത്ത് ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുറെ ആളുകള്‍ വന്നു. എന്നാല്‍ ആണുങ്ങള്‍ ആരുമില്ലേ വണ്ടി ഓടിക്കാന്‍ എന്നായിരുന്നു കൂടെ നിന്നവരില്‍ ചിലരുടെ സംശയം. അവിടെയുള്ള സെക്യൂരിറ്റി ജീവനക്കാരന്‍ ഇടപെട്ടു. ഇവിടെയുള്ള ആണുങ്ങളേക്കാള്‍ വേഗത്തില്‍ ദീപ വാഹനമോടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതോടെ ധൈര്യമായി. അതുപോലെ കോവിഡ് രൂക്ഷമായ സമയത്ത് പിപിഇ കിറ്റ് ധരിച്ച് രോഗികളെ എടുക്കാന്‍ ആംബുലന്‍സുമായി ചെന്നപ്പോള്‍ കുടിക്കാനായി വെള്ളം ചോദിച്ചപ്പോള്‍ പുറത്തെ ബാത്റൂമിലെ പൈപ്പില്‍നിന്ന് എടുക്കാന്‍ വരെ പറഞ്ഞവരുണ്ട്. പേടികൊണ്ടാണ്. അവരെ കുറ്റം പറയാനുമാകില്ല. നാല് തവണ കോവിഡ് വന്ന് ഐ സി യു വിലായി. അവിടെ നിന്നും ജീവന്‍ തിരിച്ചുപിടിച്ച് വീണ്ടും പി പി ഇ കിറ്റ് ധരിച്ച് ആ മഹാമാരിയോട് പൊരുതി. നിരവധിയാളുകളുടെ ജീവന്‍ രക്ഷിക്കുന്ന സന്ദര്‍ഭങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. അവരൊക്കെ പിന്നീട് ഓര്‍മിക്കുകയും വിളിക്കുകയും ചെയ്യുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ജീവനും മരണത്തിനും ഇടയിലെ നിരവധി നിമിഷങ്ങള്‍ കണ്ടും അനുഭവിച്ചും നേടിയ ഉള്‍ക്കരുത്ത് തന്നെയാണ് ഇപ്പോഴും മുന്നോട്ട് നയിക്കുന്നതെന്ന് ദീപ പറയുന്നു

മിനു ലിഗിത്