ഇനിയില്ല,
ഒരു രണ്ടാമൂഴവും,രണ്ടാമൂഴക്കാരനും.
കാലവും കടന്ന്,ഒറ്റയ്ക്ക് തിരികെയൊരു യാത്രയിലേക്ക്..!
താൻ നടന്നു പോയ വഴികളെയത്രയും ശൂന്യമാക്കി,ആ മഹാകഥാക്കാരൻ യാത്രയായി.വെന്തു നീറിയ ആത്മാക്കളുടെ,തപം ചെയ്തെടുത്ത ജീവിതവും ചിന്തകളും കഥകളാക്കി,എത്രയോ തലമുറകളെ അസ്വസ്ഥരാക്കിയ,അക്ഷരങ്ങളുടെ ലോകത്തേക്ക് വലിച്ചടുപ്പിച്ച എം.ടി എന്ന രണ്ടക്ഷരം ബാക്കിയാക്കി,
മാടത്തു തെക്കെപ്പാട്ട് വാസുദേവൻ നായർ യാത്രയായി.
ഏതൊരു ജീവിതവും കഥയും എം.ടി പറയുമ്പോൾ നമുക്കത് വിശേഷപ്പെട്ട ഒന്നായി മാറി.മുമ്പും പിമ്പും ആരെല്ലാം ഏതെല്ലാം ഭാഷയിൽ പറഞ്ഞിട്ടുള്ളതാണെങ്കിൽ കൂടി നാം അനുഭവിച്ചറിഞ്ഞ ഒരാളുടെ ജീവിതമായി നമ്മെയത് മഥിച്ചു കൊണ്ടേയിരുന്നു.
ഇതിഹാസ കാവ്യത്തിന്റെ മഹാസങ്കൽപ്പങ്ങൾ കടന്ന് വന്ന ഭീമൻ,അന്നോളം നമുക്കൊരു പുരാണ കഥാപാത്രവും,അയാളോടൊരു സഹതാപമോ,പരിഹാസമോ തോന്നിയിരുന്നുള്ളു എങ്കിൽ,എം.ടി യുടെ തൂലികത്തുമ്പിലേക്ക് അയാൾ പടർന്നപ്പോൾ,ഐതിഹ്യങ്ങളും പുരാണ സങ്കൽപ്പങ്ങളും മാറി മറിഞ്ഞു.ഭീമൻ എന്ന വായുപുത്രന്റെ ജീവിതവും പ്രണയവും ശരീരവും മനസ്സും ജയവും പരാജയവും കണ്ണീരും ചിരിയുമെല്ലാം നമ്മുടെ തൊട്ടടുത്ത്,നമ്മോടൊപ്പം,ജീവിച്ച നമുക്കറിയാവുന്ന ഒരാളുടെ പച്ചയായ ജീവിതം പോലെ നമ്മെ പിന്തുടർന്നു.അയാളോടൊപ്പം മറ്റെല്ലാം മറന്ന് നമ്മളും കരഞ്ഞു,ചിരിച്ചു.
രണ്ടാമൂഴത്തെ കുറിച്ച് എം.ടി എഴുതി..
‘മഹാഭാരതത്തിലെ ചില മാനുഷിക പ്രതിസന്ധികളാണ് എന്റെ പ്രമേയം.ആ വഴിക്ക് ചിന്തിക്കാൻ അർത്ഥഗർഭമായ നിശബ്ദതകൾ കഥ പറയുന്നതിന്നിടയ്ക്ക് കരുതി വെച്ച കൃഷ്ണ ദ്വൈപയാനന്ന് പ്രണാമങ്ങൾ.’

‘വരികൾക്കിടയിൽ വായിക്കാൻ ശീലിക്കുമ്പോഴാണ് മികച്ച രചനകൾ സംഭവിക്കുന്നത്’
എന്ന വായനയുടെ പുണ്യസൂക്തം അവതരിപ്പിച്ച എം.ടി തന്റെ
ഓരോ വരികൾക്കിടയിലും,വായനക്കാരന് വേണ്ടി ഒരു മൗനം കരുതി വെച്ചിരുന്നു. വായനക്കാരന്നു കണ്ടെടുക്കാൻ പാകത്തിൽ ഓരോ കഥാപാത്രത്തിനും പറഞ്ഞു വെച്ചതിന്നുമപ്പുറമൊരു ജീവിതം വരച്ചു വെച്ചാണ് എം.ടി തന്റെ ഓരോ രചനയും മുഴുമിച്ചത്.
‘മറുകരയിൽ കടവു തോണി ഇഴഞ്ഞെത്തുന്നതും കാത്തിരിക്കുന്നു.അപ്പോൾ പൊടുന്നനെ ഒരു ബോധമുദിക്കുന്നു.
ഓർക്കാനാവുന്ന യാത്രകളുടെ തുടക്കത്തിലെല്ലാം തോണി മറുകരയിലാണ്,
തീവണ്ടിയാപ്പീസിൽ വന്നിറങ്ങി ഉച്ചവെയിലിൽ നടന്ന് മറുകരയിൽ എത്തുമ്പോഴോ.?
തോണി കടവത്തെ കുറ്റിയിൽ വിശ്രമിക്കുകയാവും.
ഇവിടെ മാത്രമാണോ..
അതെന്റെ അനുഭവം മാത്രമാണോ -’
സേതുവിന്റെ യാത്രകളിലെല്ലാം അനുഭവപ്പെട്ട ഈ കാത്തിരിപ്പുകൾ,
സ്വയം ആശ്വസിക്കുന്നത് ഞാൻ കയറിയത് കൊണ്ടാവും എന്ന തരത്തിലാവുന്നത് സേതുവിന്റെ മാത്രം ചിന്തകളായിരുന്നില്ല.സ്വപ്നങ്ങളുടെ ഭൂമികയിൽ തോറ്റു തളർന്നിരുന്നു പോയ എക്കാലത്തെയും ഏതൊരു ചെറുപ്പക്കാരന്റെയും ചിന്തകൾ ചെന്നവസാനിച്ചത് ഇത്തരം ആത്മ വിലാപങ്ങളിൽ തന്നെയാണ്.സ്വയം ശപിച്ചു കാലം കഴിക്കാൻ വിധിക്കപ്പെട്ട ഏതൊരു മനുഷ്യനും ആശ്വസിക്കാൻ ശ്രമിച്ചത് നെടുവീർപ്പിൽ അമർന്ന ഇത്തരം വാക്കുകളിലാണ്.
സേതു എന്നോ സുമിത്ര എന്നോ അപ്പുണ്ണി എന്നോ ഗോവിന്ദൻ കുട്ടി എന്നോ പേര് എന്തു തന്നെയായാലും അവരെല്ലാം,അവരിലൂടെയെല്ലാം വരച്ചു കാണിച്ചത് നമ്മളും കടന്നു പോയ ജീവിതത്തിന്റെ ദശാസന്ധികൾ തന്നെയായിരുന്നു.
ജ്ജ് ഒരു മന്സനാണെന്ന് കരുതിയാണ്,ഞാൻ നിന്നെ സ്നേഹിച്ചത്,കൂടപിറപ്പിനെന്നോണം കൂടെ കൂട്ടിയത് ..”
ഗോവിന്ദൻ കുട്ടി മുസ്ലീമായി മതം മാറി മുഹമ്മദ് ആയി വന്നപ്പോൾ,അത്രയും കാലം ഗോവിന്ദൻ കുട്ടിയെ എല്ലാറ്റിനും ചേർത്തു പിടിച്ച കുഞ്ഞരയ്ക്കാർ മുഹമ്മദിനെ നോക്കി ആട്ടി കൊണ്ട് പറയുന്ന വാചകങ്ങൾക്ക് ചാട്ടൂളിയുടെ മൂർച്ച മാത്രമല്ല,വരാനിരിക്കുന്ന ഒരു കാലത്തിലേക്കുള്ള പ്രവാചനാത്മകമായ വെളിപാട് കൂടി ആയി മാറുന്നുണ്ടത്.
അസുരവിത്ത് ഇറങ്ങി കാലങ്ങൾക്കിപ്പുറവും ആ വാക്കുകൾക്കും കുഞ്ഞരയ്ക്കാർ പോലൊരു കഥാപാത്രത്തിനും പ്രസക്തിയേറുകയാണ്.താൻ മുസ്ലിം ആയാൽ തന്നെ ആദ്യം സ്വീകരിക്കുക കുഞ്ഞരയ്ക്കാറാവും എന്ന് സങ്കൽപ്പിച്ചു ഓടി വന്ന ഗോവിന്ദൻ കുട്ടിയുടെ കാരണത്തേറ്റ കനത്ത പ്രഹരമായിരുന്നു നിഷ്കളങ്കനായ ആ മനുഷ്യന്റെ കാലാതിവർത്തിയായ ഈ വാക്കുകൾ.
ഒടുവിൽ എല്ലാം ഉപേക്ഷിച്ചു നാട് വിടാനൊരുങ്ങുന്ന ഗോവിന്ദൻ കുട്ടിയെ ചേർത്തു പിടിക്കാനൊരുങ്ങുന്നതും ഇതേ മനുഷ്യൻ തന്നെയാണ്.അപൂർവമായി മാത്രം പിറന്നു വീഴുന്ന കുഞ്ഞരയ്ക്കാർ,അന്നത്തെ മലയാളിയുടെ യഥാർത്ഥമായ ചിന്താധാരകൾക്ക് മനുഷ്യരൂപം നൽകിയതാവാനും സാധ്യതയുണ്ട്.
മതങ്ങൾക്കുമപ്പുറം മനുഷ്യനെ സ്നേഹിച്ച ഒരു കാലത്തെയും സമൂഹത്തെയും കുറിച്ചോർത്തെടുക്കാൻ വരും തലമുറയ്ക്ക് കഥകളും ചിരഞ്ജീവികളായ കഥാപാത്രങ്ങളും ആവശ്യമായി വന്നേക്കാം…
“അജ്ഞാതമായ അർത്ഥങ്ങൾ ഗർഭത്തിൽ വഹിക്കുന്ന
അഗാധ സമുദ്രങ്ങളെക്കാൾ എനിക്കിഷ്ടം,
ഞാനറിയുന്ന എന്റെ നിളയെയാണ്..!”
എം.ടി യുടെ സമ്പൂർണ കഥാസമാഹരത്തിന്റെ ആമുഖമായി എഴുതി ചേർത്ത,ഗൃഹാതുരത്വം തുളുമ്പുന്ന മനോഹര വാക്യങ്ങൾ അലങ്കാരമായി ചേർത്തതല്ലെന്ന്,എം.ടിയുടെ ഏതൊരു കൃതിയിലൂടെ കടന്നു പോയാലും നമുക്ക് അനുഭവിച്ചറിയാൻ എളുപ്പമുണ്ട്.
നാലുകെട്ടിലൂടെ,അസുരവിത്തിലൂടെ,
കാലത്തിലൂടെ തുടങ്ങിയ നോവലുകളിലും എണ്ണമറ്റ ചെറുകഥകളിലും അനേകം സിനിമകളിലുമായി എം.ടി പറഞ്ഞു വെച്ചതത്രയും താൻ അനുഭവിച്ചറിഞ്ഞ ലോകത്തിന്റെ തന്നെ കഥകളായിരുന്നു.
ആത്മകഥ മനോഹരമായ ഒരു കഥയാക്കിയത്,ഗബ്രിയേൽ മാർക്കേസ് ആണെങ്കിൽ താൻ എഴുതിയ കഥകളിൽ എന്റെ ആത്മകഥയുണ്ടെന്ന് പറഞ്ഞത് എം.ടി യാണ് എന്ന നിരീക്ഷണം ഇതോടൊപ്പം ചേർത്തു വായിക്കാവുന്നതാണ്.
വിശാലമായ സാഹിത്യനഭസ്സിൽ തുല്യം വെയ്ക്കാനില്ലാത്ത എം.ടിയുടെ മഞ്ഞ് എത്രയോ തവണ വായിക്കുകയും സ്വന്തമാക്കുകയും,ഏറ്റവും പ്രിയപ്പെട്ടവർക്ക് ഇഷ്ടത്തോടെ സമ്മാനിക്കുകയും ചെയ്‌തിട്ടുണ്ട്.
ഇന്നും ഏതൊരു ഗണത്തിൽ ചേർത്തു വെയ്ക്കണമെന്ന് മലയാള ഭാഷാ-സാഹിത്യ വിചക്ഷണന്മാർക്ക് പിടി കിട്ടിയില്ലാത്ത മഞ്ഞിലെ ഓരോ കഥാപാത്രങ്ങളും അവരുടെ ഹൃദയഹാരിയായ വാക്കുകളും വരികളും മനഃപാഠമാണ്.
മഞ്ഞിലെ ഇഷ്ടകഥാപാത്രം ആരെന്ന് ചോദിച്ചാൽ ഇന്നും ഉത്തരമില്ലാതിരിക്കുമ്പോഴും വായിച്ചതിൽ ഏറ്റവും ഇഷ്ടം തോന്നിയ കഥാപാത്രങ്ങളെ കുറിച്ച് ചോദിച്ചാൽ ആദ്യം മനസ്സിൽ തെളിയുന്നത് രണ്ടു മുഖങ്ങളാണ്.രണ്ടു പേരുകളാണ്.
വിമലയും ബുദൂസും.
അത്രയ്ക്ക് സ്വാധീനമുണർത്തും വിധമാണ് എം.ടി മഞ്ഞ് വരച്ചു വെച്ചത്.
ഇപ്പഴും മഞ്ഞിനെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ഇവരിൽ ആരെ എന്നൊരു ചോദ്യം സ്വയം ഉയർന്നു വരാറുമുണ്ട്.
സുധീർ കുമാർ മിശ്രയ്ക്ക് വേണ്ടി കാത്തിരിക്കുന്ന വിമലയോടാണോ-
വിമലയ്ക്ക് എക്കാലവും കാത്തിരിപ്പിനൊപ്പം കാത്തു വെയ്ക്കാൻ നനുനനുത്ത പ്രണയത്തിന്റെ ഓർമ്മകളെങ്കിലും ബാക്കിയുണ്ട്.
നൈനിറ്റാളിലെ ഓരോ സന്ദർശകനിലും തന്റെ അച്ഛനെ തേടുന്ന ബുദൂസിന്നോടാണോ –
അമ്മ സമ്മാനിച്ച ഒരു മുഖചിത്രത്തിനപ്പുറം മറ്റൊന്നും ഓർക്കാനില്ലാതെയാണ് ബുദൂസ് തന്റെ അച്ഛന്ന് വേണ്ടി കാത്തിരിക്കുന്നത്.
എക്കാലത്തെയും ഇഷ്ട പുസ്തകം മഞ്ഞ് ആണെങ്കിൽ,ഇഷ്ടപ്പെട്ട കഥാപാത്രം ബുദൂസ് ആണ്.
ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവർക്ക്,
വായനയെ ഗൗരവമായ ഒരു കാര്യമായിട്ടെടുക്കാത്ത ഒരു സാദാ വായനക്കാരൻ ആണെങ്കിൽ പോലും മഞ്ഞ് അയാൾക്ക് മറക്കാനാവാത്ത ഒരനുഭവമായി അവശേഷിക്കുമെന്ന കാര്യം തീർച്ചയാണ്.
“കല്ലും മരവും ദേവനും ദേവിയുമായി കഴിഞ്ഞാൽ,തച്ചൻ പിന്നെ തീണ്ടാപ്പാടകലെയാണ്..”
പെരുന്തച്ചന്റെ ഈ വാക്കുകൾ,
(മാത്രമല്ല.,എം.ടിയുടെ ഏതും.’)
മനഃപാഠമാക്കാൻ ആർത്തിയായിരുന്നു.
കളിയായും കാര്യമായും കഥയായും മനസ്സിൽ കൊണ്ടു നടന്നിട്ടുണ്ട്.നടക്കുന്നുണ്ട്,ഇപ്പോഴും..!
ഹൃദിസ്ഥമായി കഴിഞ്ഞാൽ പിന്നെ,ആഘോഷമാണ്,
ആൾക്കൂട്ടത്തിന്നിടയിൽ ഉച്ചത്തിൽ ചൊല്ലിയാർക്കുന്നത് ആഹ്ലാദമാണ്,അഹങ്കാരമാണ്..
പറയാൻ ഒട്ടും അവസരം ഇല്ലാത്തിടത്തും,ചേരുന്നിടത്തും,
ചേരാത്തിടത്തുമെല്ലാം പറഞ്ഞു,
ആഘോഷമാക്കിയിട്ടുണ്ട്.
കാരണം
മനസ്സ് കീഴടക്കിയ രണ്ടക്ഷരമുള്ള മഹാ പ്രതിഭയുടെ വാക്കുകളോരോന്നും മനഃപാഠമാക്കാനുള്ള കൊതി മാത്രമായിരുന്നില്ല,
അറിയുന്തോറും ആഴമേറുന്ന വാക്കുകളുടെ പൊരുൾ സമ്മാനിച്ച അടങ്ങാത്ത അത്ഭുതങ്ങൾ കൂടി അതിന് ഒരു കാരണമായിരുന്നു.
“ഒരു ചെറു പുഞ്ചിരിയുടെ തിരക്കഥ ഖണ്ഡശ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആനുകാലികം,ഇറങ്ങുന്ന ദിവസം മുറ തെറ്റാതെ ബുക്ക് സ്റ്റാളുകളിൽ പോയി വാങ്ങി സൂക്ഷിച്ചു വെച്ചത്,പിന്നീടത് ബുക്ക് ആയി വാങ്ങാൻ നിവൃത്തിയില്ലാഞ്ഞത് കൊണ്ടായിരുന്നില്ലെന്ന് തീർച്ച.(രണ്ടാമൂഴം വാങ്ങി തന്നത് മൂത്ത ജ്യേഷ്ടൻ ആയിരുന്നെങ്കിൽ നാലുകെട്ടും പാതിരാവും പകൽ വെളിച്ചവും വാങ്ങാൻ പൈസ തന്നത് മാമനായിരുന്നു.) അത്രമേൽ ആ എഴുത്തുക്കാരനെ ആരാധിക്കുന്നെന്നും സ്നേഹിക്കുന്നുണ്ടെന്നും മാലോകാരോട് തെളിവ് സഹിതം പറയാനുള്ള ആർത്തി തന്നെയായിരുന്നു.
അസുരവിത്തും കാലവും രണ്ടാമൂഴവും നാലുകെട്ടുമെല്ലാമാണ് വായിച്ചു വളർന്നത്.ചെറുകഥകളോരോന്നും വായിച്ചു,ബുക്കിന്റെയും കഥകളുടെയും കഥാപാത്രങ്ങളുടെയും പേരുകൾ എല്ലാം മനഃപാഠമാക്കാൻ മോഹിച്ച ഒരു കഥ,ഇന്ന് യൗവനം പിന്നിട്ടു തുടങ്ങിയ ഏതൊരു ചെറുപ്പക്കാരനും പറയാനുണ്ടാവും.
കാഥികന്റെ പണിപ്പുര’പോകുന്നിടത്തെല്ലാം കൊണ്ട് നടന്ന,ഒരു വേദഗ്രന്ഥമെന്നോണം പവിത്രമായി സൂക്ഷിച്ച ദിവസങ്ങൾ.
എഴുത്തുകാരന് ആറു തവണ എങ്കിലും മുഷിയാതെ വായിക്കാൻ കഴിഞ്ഞാൽ മാത്രമേ ഒരു വായനക്കാരന്നു ഒരു തവണ വായിക്കാൻ കഴിയൂ എന്ന കാഥികന്റെ കലയിലെ വാക്യങ്ങൾ നെഞ്ചിലേറ്റ് വാങ്ങുക മാത്രമല്ല
ഇന്നും ആ അക്കക്കണക്ക് നോക്കിയാണ് വായനയും എഴുത്തും.വിരൽ മടക്കി വായനയുടെ എണ്ണം കണക്കാക്കിയാണ് എഴുത്തിന്റെ വിധി സ്വയം നിർണയിക്കുന്നത്.
അത്രയധികമാണ് എം.ടി എന്ന രണ്ടക്ഷരം മലയാളിയുടെ മനസ്സിനെ സ്വാധീനിച്ചത്.
അന്നത്തെ,
അക്ഷരങ്ങളെ നെഞ്ചോടടുക്കി പിടിച്ച ഏതൊരു ചെറുപ്പക്കാരനും പറയാനുണ്ടാവും,എം.ടി എന്ന മനുഷ്യൻ തങ്ങളിലുണ്ടാക്കിയ,ഇതിനേക്കാൾ കരുത്തുറ്റ സ്വാധീനവും ചിന്തകളും. സൗന്ദര്യം കൊണ്ടും സ്റ്റൈല് കൊണ്ടും സിനിമാ താരങ്ങളോട് കളിയായി ഉപമിച്ചവരെല്ലാം,വർത്തമാനവും വരികളും ഇത്തിരി ‘സാഹിത്യം’കലർത്തിപറഞ്ഞാൽ ഏതൊരു കേൾവിക്കാരനും വായനക്കാരനും ചോദിച്ച ഒരു ചോദ്യമുണ്ട്,ഓ. മൂപ്പര് വല്യ എം.ടിയല്ലേ…
ആ ചോദ്യത്തിലുണ്ട്,
അക്ഷരങ്ങളെ സ്നേഹിച്ച ഏതൊരു ചെറുപ്പക്കാരനും എം.ടിയാവാൻ മോഹിച്ചു കൊണ്ടാണ് എഴുതി തുടങ്ങിയിട്ടുണ്ടാവുക എന്ന സത്യസന്ധമായ അവസ്ഥകളിലുണ്ട്,
എം.ടി വാസുദേവൻ നായർ എന്ന ഈ മനുഷ്യൻ അക്ഷരങ്ങൾ കൊണ്ട് പൊരുതി നേടിയ മഹാ സാമ്രാജ്യത്തിന്റെ അനന്ത വിസ്തൃതി.
ആ മഹാസാമ്രാജ്യത്തിൽ നിന്ന്,എഴുത്തിന്റെ ചക്രവർത്തി നാട് നീങ്ങുമ്പോൾ,ഒന്നുറപ്പാണ്,
കാലമൊടുങ്ങും കാലം വരേയ്ക്കും
ആ രജത സിംഹാസനം ആളൊഴിഞ്ഞു തന്നെ കിടക്കും.തീർച്ച..!