ശബരിമല: മണ്ഡലകാല തീർഥാടനത്തിന്റെ ആദ്യ ആറുദിവസങ്ങളിൽ ശബരിമലയിൽ ദർശനത്തിനെത്തിയ തീർഥാടകരുടെ എണ്ണത്തിൽ 47 ശതമാനം കുറവ് രേഖപ്പെടുത്തി. ആദ്യ ആറുദിവസത്തിനിടെ 2.71 ലക്ഷം പേരാണ് അയ്യപ്പദർശനം നടത്തിയത്.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് തീർഥാടകരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായിരിക്കുന്നത്. തിരക്ക് നിയന്ത്രണം, ഓൺലൈൻ ബുക്കിങ്, യാത്രാ സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ തീർഥാടകരുടെ വരവിനെ സ്വാധീനിച്ചിട്ടുണ്ടോ എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം ഇതേ ആറുദിവസത്തിനുള്ളിൽ 5.10 ലക്ഷം പേരാണ് ദർശനം നടത്തിയത്. ഇത്തവണ 2.38 ലക്ഷം പേരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അരവണ വിൽപ്പനയിലും ഇടിവ്
തീർഥാടകരുടെ എണ്ണത്തിലെ കുറവ് അരവണ വിൽപ്പനയെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 17 ലക്ഷത്തോളം ഡപ്പി അരവണ വിറ്റപ്പോൾ ഇത്തവണ എട്ടു ലക്ഷത്തോളം ഡപ്പികൾ മാത്രമാണ് വിറ്റഴിച്ചത്.
ദേവസ്വം ബോർഡിന്റെ വിശദീകരണം
അതേസമയം, തീർഥാടകരുടെ എണ്ണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ പ്രതികരണം. പമ്പയിൽനിന്ന് ഭക്തരെ ശാസ്ത്രീയമായി നിയന്ത്രിച്ച് കടത്തിവിടുന്നതും കെ.എസ്.ആർ.ടി.സിയുമായുള്ള ഏകോപനവുമാണ് സന്നിധാനത്തെ തിരക്ക് കുറയാൻ കാരണമെന്നാണ് ബോർഡിന്റെ വിശദീകരണം.
