പ്രമുഖ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന സിറിയക് ജോണിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൻ്റെ ഭാഗമായി അനുസ്‌മരണ സമ്മേളനവും കർഷക പ്രതിഭാ പുരസ്കാര സമർപ്പണവും നടക്കും. ഡിസംബർ ഒന്ന് ഞായറാഴ്‌ച വൈകീട്ട് നാലിന് സിഎസ്ഐ കത്തീഡ്രൽ ഹാളിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ.പ്രവീൺ കുമാർ അധ്യക്ഷത വഹിക്കും. എമേർസൺ ജോസഫ് ആനക്കാംപൊയിലിന് സിറിയക് ജോൺ സ്‌മാരക കർഷക പ്രതിഭാ പുരസ്‌കാരം കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് സമ്മാനിക്കും. എം.കെ. രാഘവൻ എം.പി മുഖ്യ പ്രഭാഷണം നടത്തും
‘ഓർമ്മയിലെ സിറിയക് ജോൺ’ എന്ന വിഷയത്തെ അധികരിച്ച് എം.എൻ. കാരശേരി സംസാരിക്കും. എം.കെ. മുനീർ എംഎൽഎ. പി.വി. ചന്ദ്രൻ ( മാനേജിംഗ് എഡിറ്റർ – മാതൃഭൂമി) കെ.എം.ഷാജി ( സെക്രട്ടറി -മുസ്ലീംലീഗ്), എ. പ്രദീപ് കുമാർ ( മുൻ എംഎൽഎ), അഡ്വ. പി.എം. സുരേഷ്‌ബാബു (എൻസിപി വൈസ് പ്രസിഡൻ്റ്), കെ.സി.അബു ( ഹൗസ് ഫെഡ് ചെയർമാൻ), മുക്കം മുഹമ്മദ് (എൽഡിഎഫ് ജില്ലാ ചെയർമാൻ), സോണി സെബാസ്‌റ്റ്യൻ ( മാർക്കറ്റ് ഫെഡ് ചെയർമാൻ), അഡ്വ ജയന്ത് (കെ.പി.സി.സി ജനറൽ സെക്രട്ടറി), അഡ്വ. പി.എം.നിയാസ് (കെപിസിസി ജനറൽ സെക്രട്ടറി), കെ. ബാലനാരായണൻ (യൂഡിഎഫ് ജില്ലാ ചെയർമാൻ) എന്നിവർ അനുസ്‌മരണ ഭാഷണം നടത്തും. അനുസ്മരണ സമിതി സെക്രട്ടറി എൻ.കെ.അബ്ദുറഹിമാൻ സ്വാഗതവും ബാബു സിറിയക് നന്ദിയും പറയും.
തുടർന്ന് ‘സിറിയക് ജോൺ ചരിത്ര വഴികളിലൂടെ’ ഡോക്യുമെൻ്ററിയുടെ പ്രദർശനം നടക്കും. വാർത്താ സമ്മേളനത്തിൽ സിറിയക് ജോൺ അനുസ്‌മരണ സമിതി ചെയർമാൻ അഡ്വ കെ പ്രവീൺ കുമാർ, കൺവീനർ എൻ.കെ. അബ്ദുറഹിമാൻ, സിറിയക് ജോൺ സ്‌മാരക കർഷക പ്രതിഭാ പുരസ്‌കാര ജൂറി കമ്മറ്റി അംഗം ജോർജ്ജ്, സിറിയക് ജോൺ ഫൗണ്ടേഷൻ ചെയർമാൻ R മാത്യു, ബാബു സിറിയക് എന്നിവർ പങ്കെടുത്തു.
കർഷക പ്രതിഭാ പുരസ്‌കാരം എമേർസൻ ജോസഫിന്
കോഴിക്കോട്: പ്രഥമ സിറിയക് ജോൺ സ്‌മാരക കർഷക പ്രതിഭാ പുരസ്‌കാരത്തിന് എമേർസൻ
ജോസഫ് അർഹനായി. 25,000 രൂപയും പ്രശസ്‌തിപത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. സിറിയക് ജോണിൻ്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കോഴിക്കോട് സിഎസ്ഐ കത്തീഡ്രൽ ഹാളിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും. വിജയകരമായ സമ്മിശ്ര കൃഷി അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ അവാർഡ്. കാർഷിക മേഖലയിലെ വിദഗ്‌ധരടങ്ങിയ സംഘം കൃഷിഭൂമികൾ സന്ദർശിച്ച് വിലയിരുത്തിയാണ് അവാർഡ് ജേതാവിനെ കണ്ടെത്തിയത്. കോഴിക്കോട് ജില്ലയിലെ ആനക്കാം പൊയിൽ സ്വദേശിയായ എമേർസൻ തെങ്ങ്, ജാതി, മാവ്, മാങ്കോസ്‌റ്റിൻ, റംബൂട്ടാൻ, പേര, അവക്കാഡോ, വിവിധ തരം വാഴകൾ എന്നിവ കൃഷി ചെയ്യുന്നുണ്ട്. അഗ്രിക്കൾച്ചറൽ നഴ്‌സറി, ഡെയറി ഫാം, ഫിഷ് ഫാം എന്നിവയും ഏഴം ഏക്കർ സ്ഥലത്ത് വിജയകരമായി നടത്തുന്നു.
കാർഷിക മേഖലയ്ക്ക് സ്‌തുത്യർഹമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് മുൻ കൃഷി മന്ത്രികൂടിയായ സിറിയക് ജോൺ കേരളത്തിൽ അന്യം നിന്നു പോകുന്ന കൃഷിക്ക് പുതുജീവൻ നൽകാൻ കൈത്താങ്ങായി മാറിയ കേരളത്തിലെ കൃഷിഭവനുകൾ കൊണ്ടുവന്നത് സിറിയക് ജോണാണ്. അതിനുമപ്പുറം കർഷക കുടുംബത്തിൽ ജനിച്ച് കാർഷിക വൃത്തിയെ സ്നേഹിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ മികവു പുലർത്തുന്ന വ്യക്തികൾക്ക് എല്ലാ വർഷവും സിറിയക് ജോൺ സ്‌മാരക കാർഷിക പ്രതിഭാ പുരസ്‌കാരം നൽകും