തിരുവനന്തപുരം: നാളെ വോട്ടെണ്ണൽ. രാവിലെ 8.30 മുതൽ ആദ്യ ഫല സൂചനകൾ വന്നുതുടങ്ങും. ബലാബല മത്സരം നടക്കുന്ന മണ്ഡലങ്ങൾ ഒഴികെയുള്ളിടങ്ങളിലെ ആദ്യ ചിത്രം ഒൻപതു മണി മുതൽ ലഭ്യമാകും. 10 മണിയോടെ കേരളം ആരു ഭരിക്കുമെന്ന ഏകദേശ ചിത്രം വ്യക്തമാകും.
സംസ്ഥാനത്തെ 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ആറിന് വോട്ടെണ്ണൽ പ്രക്രിയയിലെ ആദ്യഘട്ടമായ സ്ട്രോംഗ് റൂം തുറക്കൽ നടപടി തുടങ്ങും. ഇവിഎമ്മുകളും വിവിപാറ്റുകളും തരംതരിക്കും. സ്ട്രോംഗ് റൂം ചുമതലയുള്ള ഉദ്യോഗസ്ഥനും സഹായിയുമാകും സ്ട്രോംഗ് റും തുറക്കുക.
സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ ഒബ്സർവറുടെ സാക്ഷ്യപത്രത്തോടെ വീഡിയോ റെക്കോർഡിംഗോടുകൂടിയാണ് സ്ട്രോംഗ് റൂമുകൾ തുറക്കുക. തുടർന്ന് ത്രിതല സുരക്ഷയോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകും. മുഴുവൻ സമയ സിസിടിവി നിരീക്ഷണവുമുണ്ടാകും.
ആദ്യമെണ്ണുന്നത് തപാൽ വോട്ടുകൾ
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആദ്യമെണ്ണുന്നത് തപാൽ വോട്ടുകളാണ്. 500 തപാൽ വോട്ടുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് കേന്ദ്രീകരിക്കുന്നത്. ഒരു മണ്ഡലത്തിൽ 2500 തപാൽ വോട്ടുകൾ ഉണ്ടെങ്കിൽ അഞ്ച് ടേബിളുകൾ ക്രമീകരിക്കും. ഓരോ ടേബിളിലും ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ വീതം കാണും. 8.30ന് ഇവിഎമ്മുകൾ എണ്ണിത്തുടങ്ങും. 8.30നു ശേഷവും തപാൽ വോട്ടുകൾ എണ്ണേണ്ടി വന്നാൽ ഒരു ഭാഗത്ത് അതും തുടരും.
വോട്ടെണ്ണൽ ഹാളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്ഥാനാർഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയൽ കാർഡ് പ്രദർശിപ്പിക്കണം. വോട്ടെണ്ണൽ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഹാജരാകണമെന്നും നിർദേശമുണ്ട്.
ഇവിഎമ്മുകൾ എണ്ണാൻ ഒരു ഹാളിൽ ഏഴു മുതൽ 14 വരെ ടേബിളുകൾ
ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) രാവിലെ 8.30 മുതലാണ് എണ്ണിത്തുടങ്ങുക. ഒരു ടേബിളിൽ ഒരു സമയം ഒരു ഇവിഎം വീതമാണ് എണ്ണുക. ഒരു നിയോജക മണ്ഡലത്തിനായി ഒരുക്കുന്ന ഒരു ഹാളിൽ ഏഴു മുതൽ പരമാവധി 14 വരെ ടേബിളുകൾ ക്രമീകരിക്കും. തർക്കമില്ലാതെ ഒരു ഇവിഎം എണ്ണിത്തീർക്കാൻ അഞ്ചു മുതൽ എട്ടു മിനിറ്റ് വരെ വേണ്ടി വരാമെന്നാണ് കണക്കാക്കുന്നത്. തർക്കമുണ്ടായാൽ സമയം നീളും.
ഒരു പോളിംഗ് ബൂത്താണ് ഒരു ഇവിഎം. എട്ടു മിനിറ്റിൽ 14 ഇവിഎമ്മുകൾ വരെ എണ്ണാമെന്നു സാരം. ഇവിഎമ്മിലും നേരത്തെ നോട്ടിഫൈ ചെയ്ത പട്ടികയിലുമായി ഒരു വോട്ടിന്റെ എങ്കിലും കുറവുണ്ടായാൽ വിവിപാറ്റുകൾ എണ്ണാൻ ആവശ്യപ്പെടാനാണ് കോണ്ഗ്രസ് എല്ലാ കൗണ്ടിംഗ് ഏജന്റുമാർക്കു നൽകിയ നിർദേശം.
എല്ലാ മണ്ഡലത്തിലും അഞ്ച് വിവിപാറ്റുകൾ വീതം എണ്ണും
കൃത്യത ഉറപ്പാക്കാൻ ഓരോ റൗണ്ടിലും രണ്ട് ഇവിഎം റാൻഡമായി എണ്ണും. ഓരോ മണ്ഡലത്തിലും അഞ്ചു ബൂത്തുകളിലെ വീതം വിവിപാറ്റും നിർബന്ധമായും എണ്ണാനാണ് നിർദേശം. ഒരു സ്ഥാനാർഥിക്കും ഇവിഎമ്മിന് ആനുപാതികമായി കൗണ്ടിംഗ് ഏജന്റുമാരെ നിയമിക്കും. ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ പരമാവധി 25 കൗണ്ടിംഗ് ഏജന്റുമാരെ വരെ പാർട്ടികൾക്കു നിയോഗിക്കാം. ഒരു മണിക്കൂറിനുള്ളിൽ ഫലസൂചനകൾ വന്നു തുടങ്ങും.
11 മണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നത്.
വോട്ടെണ്ണാൻ 15,465 ഉദ്യോഗസ്ഥർ
വോട്ടെണ്ണൽ ജോലികൾക്കായി 15,465 ഉദ്യോഗസ്ഥരെയാണ് ജോലിക്കായി നിയോഗിച്ചത്. 140 ആർഒമാർ, 1,340 അഡീഷണൽ എആർഒമാർ, 4,208 മൈക്രോ ഒബ്സർവർമാർ, 4,208 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 5,563 കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവർ ഭാഗമാകും. വോട്ടെണ്ണൽ വിവരങ്ങൾ അറിയാൻ: results. eci.gov.in.
