പത്തനംതിട്ട : ജില്ലയിൽ ശക്തമായ മഴ തുടരുന്നു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (മെയ് 29 വ്യാഴം) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും .ജില്ലയില്‍ മെയ് 29, 30 തീയതികളില്‍ അതിതീവ്ര മഴയ്ക്കും മെയ് 31ന് അതിശക്തമായ മഴയ്ക്കുമുളള മുന്നറിയപ്പ് പ്രഖ്യാപിച്ചതിനാല്‍ ഓറഞ്ച് ബുക്ക് 2021 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് എന്നടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുളള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവ് നല്‍കി. പ്രാദേശികമായി വള്‍നറബിള്‍ ഗ്രൂപ്പായിട്ടുള്ള പ്രദേശങ്ങളില്‍ പാര്‍ക്കുന്നവരെയും ക്യാമ്പുകളിലേയ്ക്ക് മാറ്റുന്നതിന് ഉത്തരവുണ്ട്.