നെൽവിത്തുകളുടെ സംരക്ഷകൻ ചെറുവയൽ രാമൻ അന്തരിച്ചു

മാനന്തവാടി: പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ കർഷകൻ ചെറുവയൽ രാമൻ (75) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.തനതു കൃഷിരീതികളിലൂടെയും ജൈവവൈവിധ്യ സംരക്ഷണത്തിലൂടെയും ശ്രദ്ധേയനായ അദ്ദേഹം വയനാട് മാനന്തവാടി കമ്മന സ്വദേശിയാണ്. ‘തലക്കര ചെറിയ രാമൻ’ എന്നാണ് പൂർണനാമം. കുറിച്യ സമുദായത്തിൽപ്പെട്ട ഇദ്ദേഹം അന്യംനിന്നുപോകുമായിരുന്ന അൻപതോളം അപൂർവ പരമ്പരാഗത നെല്ലിനങ്ങളാണ് സ്വന്തം പാടത്ത് കൃഷിചെയ്ത് വരുംതലമുറയ്ക്കായി കാത്തുസൂക്ഷിച്ചത്. നെൽവിത്തുകൾക്കു പുറമെ നാടൻ പച്ചക്കറികളും ഔഷധസസ്യങ്ങളും വൃക്ഷങ്ങളും അദ്ദേഹം സംരക്ഷിച്ചുപോന്നു.

2011-ൽ ഹൈദരാബാദിൽ നടന്ന പതിനൊന്ന് രാജ്യങ്ങളുടെ അന്താരാഷ്ട്ര ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ചെറുവയൽ രാമനായിരുന്നു. കാർഷിക മേഖലയ്ക്കും പരിസ്ഥിതിക്കും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2023 ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.