മിത്തും ചരിത്രവും ഇരുമുടിക്കെട്ടുമായി അയ്യപ്പൻ

ധർമ്മശാസ്താവായ അയ്യപ്പന്റെ സന്നിധാനം കുടികൊള്ളുന്ന ശബരിമല ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രം എന്ന നിലയിൽ പ്രസിദ്ധമാണ്. അയ്യപ്പന്റെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകളും ഐതീഹ്യങ്ങളും വിശ്വാസങ്ങളും നിലവിലുണ്ട്. മറ്റ് ദേവസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇരുമുടിക്കെട്ടുമായി എത്തുന്ന നാനാജാതി മതസ്ഥർക്കും പ്രവേശനവും ദർശന സായൂജ്യവും അരുളുന്നതാണ് പതിനെട്ടാംപടി കടന്നുള്ള അയ്യപ്പന്റെ സന്നിധാനം. വൃശ്ചികമാസത്തിൽ തുടങ്ങി മകരവിളക്കിന് സമാപിക്കുന്ന അയ്യപ്പദർശനം വിശ്വാസികൾക്കും ഭക്തജനങ്ങൾക്കും ഏറെ പ്രിയപ്പെട്ടതാണ്. കേരളത്തിൽ നിന്ന് മാത്രമല്ല, ആന്ധ്ര, തമിഴ്നാട്, കർണ്ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഏറെ ഭക്തർ ഇവിടെ എത്തിചേരുന്നു. ലക്ഷകണക്കിന് ഭക്തരാണ് എത്തുന്നത്.

അയ്യപ്പന്റെ ആത്മീയപ്രഭാവം എവിടെ നിന്ന് തുടങ്ങുന്നു, അദ്ദേഹം വാസ്തവത്തിൽ ആരാണ് തുടങ്ങിയ ചോദ്യങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചരിത്രവും വിശ്വാസവും പുരാണവും മിത്തുകളും കൂടിക്കുഴഞ്ഞു കിടക്കുന്നതാണ് അയ്യപ്പൻ എന്ന ഇതിഹാസം. അതുകൊണ്ടുതന്നെ അയ്യപ്പനെപ്പറ്റി പലവിധത്തിലുള്ള കഥകളും പാട്ടുകളും ഭജനകളും ഉണ്ടായിട്ടുണ്ട്. മാത്രമല്ല, അയ്യപ്പന്റെ കഥ വിശദമാക്കുന്ന ചലച്ചിത്രങ്ങളും എത്രയോ പുറത്തിറങ്ങി. വൃശ്ചികമാസക്കാലത്ത് പ്രഭാത, പ്രദോഷങ്ങളെ തഴുകിയുണർത്തുന്നത് സ്വാമി അയ്യപ്പന്റെ സ്തുതിഗീതങ്ങളാണ്. വയലാർ, ശ്രീകുമാരൻ തമ്പി, എസ്. രമേശൻ നായർ തുടങ്ങിയ കവികൾ ഉൾപ്പെടെ നിരവധി പേർ അയ്യപ്പന്റെ ജീവിതത്തെ ആസ്പദമാക്കി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. അങ്ങനെ കേരളത്തിന്റെ വിശ്വാസമണ്ഡലത്തിൽ പ്രഥമസ്ഥാനമാണ് അയ്യപ്പനും ശബരിമലയ്ക്കും ലഭിക്കുന്നത്.

അയ്യപ്പന്റെ സാന്നിധ്യവുമായി ഒരു നോവൽ

അയ്യപ്പന്റെ ജീവിതോദ്ദേശ്യം എന്ത്?, ആരായിരുന്നു അയ്യപ്പൻ, അദ്ദേഹം നേരിട്ട പ്രതിസന്ധികൾ എന്തൊക്കെ എന്നെല്ലാം ആരായുന്ന ഒരു നോവൽ മലയാളത്തില് വന്നിട്ടുണ്ട്. തിരുവനന്തപുരം വെമ്പായം സ്വദേശി അനീഷ് തകടിയിൽ എഴുതിയ ‘;അയ്യപ്പൻ’ എന്ന നോവലാണ് അയ്യപ്പന്റെ ചരിത്രം വ്യത്യസ്തമായ വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നത്.

പന്തളം കൊട്ടാരത്തിലെ രാജാവിന് നായാട്ടിനിടെ കളഞ്ഞുകിട്ടിയ കുഞ്ഞായിട്ടാണ് മിത്തുകളിൽ അയ്യപ്പനെ കാണുന്നത്. ശിവന് മോഹിനീവേഷധാരിയായ വിഷ്ണുവിൽ ജനിച്ച പുത്രനാണ് അയ്യപ്പനെന്നും കാട്ടിൽ ഉപേക്ഷിച്ച കുട്ടിയെ പന്തളം രാജാവ് എടുത്തുവളർത്തി എന്നുമാണ് കഥ. ഇതിൽ നിന്ന് വ്യത്യസ്തമായി അയ്യപ്പൻ അഥവാ മണികണ്ടൻ മലയരയ വിഭാഗത്തിലെ കണ്ടൻ, കറുത്തമ്മ ദമ്പതികളുടെ മകനായിരുന്നുവെന്നാണ് നോവലിൽ പറയുന്നത്. ആ കാലത്ത് തന്നെ ചോളരുടെ സൈന്യം ശബരിമല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആക്രമണം അഴിച്ചുവിട്ടിരുന്നു. അവരെ അമർച്ച ചെയ്യാനും സൈന്യത്തിന്റെ നേതാവായ ഉദയനെ കൊലപ്പെടുത്തി പന്തളം രാജവംശത്തെ സംരക്ഷിക്കുന്നതുമാണ് അയ്യപ്പന്റെ പ്രധാന ദൗത്യം.

അമ്പലമേട്ടിൽ കുടിയേറി പാർത്ത മലയരയ വംശത്തിലെ ചെറുപ്പക്കാരായ ചിണ്ടനും ചീരനും പെരുമ്പാറ്റ എന്നറിയപ്പെടുന്ന ചോള സൈന്യത്തിന്റെ ആക്രമണത്തിന് വിധേയമാവുന്നിടത്താണ് നോവലിന്റെ തുടക്കം. പതിനെട്ടുമലകൾ ചേർന്നതാണ് ഈ നാട്. കരിമലയും നീലിമലയും അപൂർവ്വ സസ്യങ്ങളുടെയും ഔഷധങ്ങളുടെയും വിളഭൂമി കൂടിയാണ്. ഇവിടെയുള്ള ഓരോ ഊടുവഴിയും ഹൃദിസ്ഥമായ ചിണ്ടനും ചീരനും പാരമ്പര്യ വൈദ്യന്മാരാണ്. ചോളന്മാരുടെ അമ്പേറ്റ് ചീരൻ മരണമടയുന്നു. ചിണ്ടന് അമ്പേറ്റെങ്കിലും രക്ഷപ്പെടുന്നു. ചോളന്മാർക്കെതിരെ പടയൊരുക്കം നടത്തേണ്ടതിന്റെ ആവശ്യം മലയരയന്മാർക്കിടയിൽ ചർച്ചയാവുന്നു.കണ്ടനും ഭാര്യ കറുത്തമ്മയും ഇതെല്ലാം കാണുന്നുണ്ട്. അവരുടെ മകൻ അയ്യപ്പൻ അന്ന് കൈക്കുഞ്ഞാണ്. പല്ല് മുളച്ചുവരുന്നതേയുള്ളു. എന്നാൽ അവനിൽ ഒരുപാട് സവിശേഷതകൾ കാണാൻ കഴിയുന്നുണ്ട്. ഇവൻ ചോളന്മാരിൽ നിന്ന് രാജ്യത്തെ രക്ഷിക്കുമെന്ന് കോർമ്മൻ കാരണവർ പ്രവചിക്കുന്നു.

ചോളന്മാരെ നേരിടുന്നതിന് ആയുധ പരിശീലനം സജീവമാകുന്ന ഘട്ടത്തിൽ അയ്യപ്പൻ നവയുവാവാണ്. പന്തളം രാജാവായ രാജശേഖരന് അധിനിവേശശക്തികളിൽ നിന്ന് രാജ്യത്തെ രക്ഷിച്ചെടുക്കുകയെന്നത് വലിയ വെല്ലുവിളിയായി മാറുന്നു. വർഷങ്ങൾക്ക് മുമ്പ് പാണ്ഡ്യദേശത്ത് നിന്ന് എത്തിയവരാണ് പന്തളത്തുകാർ. പത്ത് ദളങ്ങൾചേർന്നതാണ് പന്തളംഎന്നു നോവലിസ്റ്റ് പറയുന്നു. അക്കാലത്ത് കൈപ്പുഴ എന്ന പ്രദേശത്താണ് രാജവംശം എത്തുന്നത്. അവർ കൊട്ടാരം വിലയ്ക്ക് വാങ്ങിയതാണ്. അധികാരമാവട്ടെ ദാനം കിട്ടിയതും. അതുകൊണ്ടുതന്നെ പ്രജകളുടെ പൂർണ്ണമായ വിശ്വാസവും സ്നേഹവും നേടിയെടുക്കാൻ സാധിക്കുന്നില്ല. ഈ സന്ദിഗ്ധാവസ്ഥയിലാണ് അയ്യപ്പൻ കടന്നുവരുന്നത്. നായാട്ടിന് നീലിമലയിൽ എത്തിയ രാജാവ് അയ്യപ്പനെ കാണുന്നു. ചോള സൈന്യം വാരിക്കുഴിയിൽ വീഴ്ത്തിയ കൊമ്പനാനയെ മെരുക്കുന്ന അയ്യപ്പന്റെ സിദ്ധി രാജാവ് കണ്ടറിഞ്ഞു. അങ്ങനെയാണ് അയ്യപ്പനെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുന്നത്. രാജ്യത്തിന്റെ സർവ്വസൈന്യാധിപനായി അയ്യപ്പനെ നിയോഗിക്കുന്നു. കാടിന് മാത്രമല്ല, നാടിനും ആവശ്യമുണ്ട് അയ്യപ്പനെ. അയ്യപ്പന് ആവശ്യമായ ആയുധ പരിശീലനംനൽകാൻ തിരുനെല്ലിയിൽ നിന്ന് രാമൻ കടുത്ത എത്തുന്നു. വിവിധ ആദിവാസി വിഭാഗങ്ങളുടെ നേതാക്കളും അണികളും ഇവിടെയുണ്ട്. ഉള്ളാളന്മാരുടെ നേതാവ് കുഞ്ഞോവനും കാണിക്കാരുടെ വൈദ്യൻ പ്ലാത്തിയും എത്തുന്നു. ചീരപ്പൻ ചിറയിലെ പണിക്കരുടെ മകൾ പൂങ്കുടി അയ്യപ്പന്റെ പ്രിയസുഹൃത്താവുന്നു.

വ്യാപാരിയായ വാവരും കൊള്ളക്കാരിയായ ലീല എന്ന മഹിഷിയും അയ്യപ്പൻ നേരിടേണ്ടവരാണ്. അയ്യപ്പന്റെ സിദ്ധി കണ്ടറിഞ്ഞ വാവർ പിന്നീട് അടുത്ത കൂട്ടുകാരനായി മാറുന്നു. ചോളന്മാരെ പരാജയപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും വാവർ നല്കുന്നു. മഹിഷിയാകട്ടെ അയപ്പനാൽ കൊല്ലപ്പെടുന്നു.

ആരാണ് അയ്യപ്പൻ എന്ന ചോദ്യത്തിന് നോവലിസ്റ്റ് മറുപടി പറയുന്നുണ്ട്. അതിങ്ങനെയാണ്: പൂങ്കുടിക്ക് പ്രാണപ്രിയൻ , വാവർക്ക് പ്രിയതോഴൻ, കൊച്ചുകടുത്തക്ക് ജീവൻ, രാമൻ കടുത്തക്ക് പ്രിയശിഷ്യൻ, പന്തളം ജനതക്ക് പെരുമ്പാറ്റയെ അടക്കാൻ പിറന്ന അവതാരം. ഇപ്രകാരം യോദ്ധാവായ അയ്യപ്പനെയും മലയരയവിഭാഗത്തിലെ അംഗമായ അയ്യപ്പനെയും വെളിച്ചത്തുകൊണ്ടുവരുന്ന നോവലാണിത്. പുരാണകഥകളെ പൂർണ്ണമായി തള്ളിക്കളയുന്നില്ല. അതേസമയം, ദൈവമായ അയ്യപ്പനേക്കാൾ മനുഷ്യനായ അയ്യപ്പന് മിഴിവും വ്യക്തിത്വവും നല്കുകയും ചെയ്യുന്നു.

മിത്തിനെ നിഷേധിക്കാതെയുള്ള അന്വേഷണം

അയ്യപ്പനെപ്പറ്റി ധാരാളം മിത്തുകളും കഥകളും നിലനിൽക്കുന്നുണ്ട്. അവയെ പൂർണ്ണമായി പൊളിച്ചെഴുതാൻ പറ്റില്ല. എന്നാൽ പരമാവധി യഥാർത്ഥ കഥ വ്യക്തമാക്കുകയും വേണം. അതിനാണ് നോവലിൽ ശ്രമിച്ചതെന്ന് അനീഷ് തകടിയിൽ പറഞ്ഞു. നോവൽ രചനക്കായി ധാരാളം റഫർ ചെയ്തിട്ടുണ്ട്. എട്ടുവർഷത്തോളം ഇതിനായി അലയുകയും അന്വേഷണം നടത്തുകയും ചെയ്തു. അയ്യപ്പനെപ്പറ്റി ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് നോവൽ എന്ന ആശയം വീണുകിട്ടി. ഓരോ നാട്ടിലും അയ്യപ്പനെ പറ്റി വെവ്വേറെ കഥകളുണ്ട്. അതെല്ലാം മനസ്സിലാക്കി. അതിൽ നിന്ന് ആവശ്യമുള്ളത് എടുത്തു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാല, പി കെ സജീവിന്റെ ‘അയ്യപ്പൻ എന്ന മല അരയദൈവം’, ഇളം കുളം കുഞ്ഞൻ പിള്ളയുടെ ‘കേരളം ഒൻപതും പത്തും നൂറ്റാണ്ടുകളിൽ’ തുടങ്ങിയ പുസ്തകങ്ങളും ഇതിനായി വായിച്ചു. മലയരയന്മാരായ കണ്ടന്റെയും കറുത്തമ്മയുടെയും മകൻ മണികണ്ടനാണ് അനീഷിന്റെ അയ്യപ്പൻ. അതിനെ അടിസ്ഥാനമാക്കിയാണ് നോവൽ വികസിപ്പിച്ചത്.

ചോളരാജ്യത്തിലെ ഒരു സേനാപതിയായ ഉദയൻ കരിമലയിൽ എത്തുന്നതും കോട്ട കെട്ടുന്നതും ചരിത്രത്തിന്റെ ഭാഗമാണ്. കാഞ്ഞിരപ്പള്ളിയിലെ മധുരമീനാക്ഷി ക്ഷേത്രത്തിലെ ഭിത്തിയിലുള്ള ഒരു ശാസനത്തിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട്. ചോളരാജാക്കന്മാരുടെ സൈന്യം പത്ത് ലക്ഷത്തോളം അംഗബലം വരുന്നതാണ്. അവരെ അയ്യപ്പൻ പരാജയപ്പെടുത്തിയെന്ന് വിശ്വസിക്കാനാവില്ല. ഉദയൻ നേതൃത്വം നല്കിയ സൈന്യം അതിന്റെ ഒരു ബറ്റാലിയൻ ആകാനെ നിവൃത്തിയുള്ളു. രാജരാജ ചോളനുശേഷം അധികാരം ഏറ്റെടുത്ത രാജേന്ദ്ര ചോളൻ ദക്ഷിണേന്ത്യൻ പ്രദേശങ്ങൾ പിടിച്ചടക്കാൻ താല്പര്യം കാട്ടിയിരുന്നില്ല. പകരം ഉത്തരേന്ത്യയിലേക്കാണ് നീങ്ങിയത്. ഇതിനോട് യോജിക്കാത്ത ഒരു റിബലായിരിക്കണം ഒരുപക്ഷെ ഉദയൻ. അതുകൊണ്ടാണ് തന്റെ കൂടെയുള്ള സൈന്യവുമായി അയാൾ കരിമലയിൽ തുടർന്നത്. അവരെ പരാജയപ്പെടുത്താൻ കാടും നാടും ഒന്നിപ്പിച്ച അയ്യപ്പന് എളുപ്പം സാധിച്ചിട്ടുണ്ടാവണം.

അയ്യപ്പന്റെ ജീവസമാധിയുമായി ബന്ധപ്പെട്ട മണിമണ്ഡപം ഇപ്പോഴും സന്നിധാനത്തിന് സമീപം ഉണ്ട്. കളമെഴുത്താണ് അവിടെ പ്രധാനം. ദ്രാവിഡരീതിയിലാണ് ചടങ്ങുകൾ. കൊച്ചുകടുത്ത, രാമൻ കടുത്ത എന്നിവർക്കും അയ്യപ്പന്റെ അമ്മ കറുത്തമ്മയ്ക്കും അച്ഛൻ കണ്ടനും ശബരിമലയിൽ പ്രതിഷ്ഠകളുണ്ട്. കറുത്തമ്മ കറുപ്പായി അമ്മയായും കണ്ടൻ കറുപ്പസ്വാമിയായും മാറുന്നു എന്നുമാത്രം.
മഹിഷി എന്നത് പുരാണങ്ങളിലും മറ്റും മഹിഷാസുരന്റെ സഹോദരിയാണ്. നോവലിൽ ഒരു തസ്ക്കരസംഘത്തിന്റെ നേതൃസ്ഥാനത്തുള്ള ആളാക്കി മാറ്റി. ആണ്ടി എന്ന കൊള്ളക്കാരന്റെ മകളാണ് നോവലിലെ മഹിഷി. യഥാർത്ഥ പേര് ലീല എന്നാണെങ്കിലും എരുമയുടെ കൊമ്പ് ശിരസിലണിഞ്ഞ് മഹിഷിയായി മാറുകയാണ്. വൈദ്യവും സൂഫിസവും കച്ചവടവും എല്ലാമായി തുർക്കിയിൽ നിന്നെത്തുന്ന ആളാണ് നോവലിലെ വാവർ.

പുസ്തകം എഴുതി പ്രസിദ്ധീകരിച്ചപ്പോൾ പുസ്തകവുമായി അനീഷ് ആദ്യം പോയത് ശബരിമലയിലേക്കാണ്. പുസ്തകം അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു. കൊച്ചുകടുത്ത അമ്പലത്തിലെ മുൻ ശാന്തിക്കാരൻ പുസ്തകം വായിച്ചശേഷം വിളിച്ചത് വലിയ അനുഭവമായിരുന്നുവെന്ന് അനീഷ് പറഞ്ഞു.

നോവലിന്റെ രണ്ടാം എഡീഷൻ ഇപ്പോൾ ഇറങ്ങി. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഉടനേ പുറത്തിറങ്ങും. എഴുത്തുകാരിയും നിരൂപകയുമായ ഡോ. എലൈൻ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. ബുദ്ധപ്രകാശത്തിലൂടെ എന്ന യാത്രാവിവരണം, ഹുമയൂണ് തെരുവിലെ സാക്ഷി, ഉച്ചവിളാകത്തെ ഉരുവം എന്നീ നോവലുകളാണ് അനീഷ് തകടിയിലിന്റെ മറ്റുകൃതികൾ.
പ്രവാസി ഭാരതി റേഡിയോയിലെ ബ്യൂറോചീഫ് ആണ് അനീഷ് തകടിയിൽ. ഭാര്യ: നീതു കെ.എസ്.എഫ്.ഇയിൽ ജോലി ചെയ്യുന്നു. മകൾ അതീത മൂന്നാം ക്ലാസിൽ പഠിക്കുന്നു.

വാസുദേവൻ കുപ്പാട്ട്