കുഞ്ഞുങ്ങളിലെ കാൻസർ അറിയാതെ പോവരുത് ഓരോ ലക്ഷണങ്ങളും

ശരീരത്തിലെ കോശങ്ങൾ തകരാറിലാകുമ്പോൾ ,നിയന്ത്രണമില്ലാതെ ശരീര കോശങ്ങള്‍ ക്രമാതീതമായി വിഭജിക്കുന്ന അവസ്ഥയാണ് കാൻസർ അഥവാ അർബുദം.  മുതിർന്നവരെയും ,കുട്ടികളെയും ഒരുപോലെ ബാധിക്കാവുന്ന അവസ്ഥയാണ് ഇത് അഥവാ കാൻസറിന് പ്രായപരിധിയില്ല എന്ന് അർത്ഥം. പ്രതിവർഷം 0 മുതൽ 19 വയസ്സുവരെയുള്ള ഏകദേശം 4 ലക്ഷം കുട്ടികൾക്ക് കാൻസർ സ്ഥിരീകരിക്കപ്പെടുന്നതായി വ്യത്യസ്ത പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

കുട്ടികളിൽ കണ്ടുവരുന്ന പ്രധാന കാൻസറുകൾ

 ബ്ലഡ് കാൻസർ അഥവാ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ALL), കുട്ടികളുടെ ശരീരത്തില്‍  മജ്ജ, ലിംഫാറ്റിക് സംവിധാനം എന്നിവിടങ്ങളില്‍ രൂപപ്പെടുന്ന അർബുദമാണ് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ.

 ലക്ഷണങ്ങൾ:

 ക്ഷീണം , പനി, ശരീരഭാരം കുറയുക ലിംഫ് നോഡുകളിൽ ഉള്ള വീക്കം, അണുബാധ തുടങ്ങിയവ.

 ചികിത്സകൾ

 കീമോതെറാപ്പിയിലൂടെ  അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ പൂർണമായും ചികിത്സിക്കാം.  85% ൽ കൂടുതൽ കുട്ടികൾ നല്ലരീതിയിൽ ചികിത്സയോട് പ്രതികരിക്കുകയും അതിലൂടെ അവർക്ക് സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാനും സാധിക്കാറുണ്ട്.

 മസ്തിഷ്ക ട്യൂമറുകൾ

  തലച്ചോറിൽ അല്ലെങ്കിൽ അതിനു സമീപത്തുണ്ടാകുന്ന കോശങ്ങളുടെ അനിയന്ത്രിത വളർച്ചയെ ആണ്  മസ്തിഷ്ക ട്യൂമറുകൾ എന്ന് പറയുന്നത്.   മസ്തിഷ്ക ട്യൂമറുകൾ പല തരത്തിലുണ്ട്.  ചിലത് കാൻസറസ്  ആണെങ്കിൽ, ചിലത് കാൻസറസ് അല്ലാത്ത  ബിനൈൻ ട്യൂമറുകൾ ആകുന്നു.  ട്യൂമറിന്റെ സ്ഥാനം, വലിപ്പം, അതിന്റെ വളർച്ചയുടെ വേഗത എന്നിവയെ ആശ്രയിച്ചാകുന്നു മസ്തിഷ്ക ട്യൂമറുകളുടെ ലക്ഷണങ്ങൾ കാണപ്പെടാറ്.

ലക്ഷണങ്ങൾ:

തലവേദന,അമിതമായ ഛർദ്ദി,അപസ്മാരം, ബലഹീനത, കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ.

ചികിത്സകൾ

മസ്തിഷ്കാർബുദ ചികിത്സയിൽ ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി തുടങ്ങിയ വിവിധ ചികിത്സാരീതികൾ സംയോജിപ്പിച്ചുള്ള  സമീപനമാണ് സ്വീകരിക്കുന്നത്. രോഗിയുടെ പ്രായം, ആരോഗ്യനില, അർബുദത്തിന്റെ തരം എന്നിവയെല്ലാം കണക്കിലെടുത്ത് ഓരോ രോഗിയ്ക്കും അനിവാര്യമായ ചികിത്സയാകുന്നു നടപ്പിലാക്കുന്നത്.

 ലിംഫോമ

രോഗങ്ങളേയും ഇൻഫെക്ഷനുകളേയും പ്രതിരോധിക്കാൻ സഹായിക്കുന്ന  പ്രതിരോധ സംവിധാനമായ ലിംഫാറ്റിക് സിസ്റ്റത്തിൽ അസാധാരണമായ  കോശങ്ങളുടെ വളർച്ച മൂലം ഉണ്ടാകുന്ന കാൻസർ ആകുന്നു  ലിംഫോമ. ഈ കാൻസർ ബാധിച്ചവർക്ക് കാലക്രമേണ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടുത്തുകയും  ലിംഫ് നോഡുകൾ വീർക്കുകയും ചെയ്യുന്നു.  ലിംഫോമയുടെ ആദ്യഘട്ടങ്ങളിൽ രോഗമുക്തി നിരക്ക് 90% ത്തിലും കൂടുതലാകുന്നു.

ലക്ഷണങ്ങൾ :

കഴുത്ത്, കക്ഷം, അല്ലെങ്കിൽ നെഞ്ച് എന്നീ  ശരീര ഭാഗങ്ങളിൽ കാണപ്പെടുന്ന വീക്കം ചേർന്ന വേദനയില്ലാത്ത ലിംഫ് നോഡുകൾ.

ശ്വാസതടസ്സം,ചുമ, ശരീര ഭാരം കുറയുക, ക്ഷീണം ,ആവർത്തിച്ചുള്ള അണുബാധ (ഇൻഫെക്ഷനുകൾ)  തുടങ്ങിയവ ആകുന്നു ലിംഫോമയുടെ പ്രധാന ലക്ഷണങ്ങൾ .

ബോൺ കാൻസർ / അസ്തി കാൻസർ

10 വയസ്സിന് മുകളിലുള്ള കൗമാരകാരിൽ  കാണപ്പെടുന്ന വളരെ അപൂർവമായ ഒരു കാൻസർ ആകുന്നു അസ്ഥി കാൻസർ ( ബോൺ കാൻസർ). അസ്ഥിയിലെ മുഴ ശരീരത്തിലെ ഒരു ഭാഗത്ത്  മാത്രമാണുള്ളതെങ്കിൽ  65% വരെ രോഗമുക്തി സാധ്യമാണ്. എന്നാൽ മുഴ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്ന ഒരാവസ്ഥയാണെങ്കിൽ രോഗമുക്തി 30% ലും താഴെയാണ്. രണ്ടു തരത്തിലാണ് ഈ രോഗം കാണപ്പെടാറുള്ളത്

ഓസ്റ്റിയോസാർകോമ ബോൺ കാൻസർ

അസ്ഥിയിൽ രൂപപ്പെടുന്ന  ഒരു ക്യാൻസറാണ് ഓസ്റ്റിയോസാർകോമ . ഇവ ട്യൂമറുകളുടെ  രൂപത്തിൽ  സാധാരണയായി തുടയെല്ല് (ഫീമർ) പോലുള്ള  കാലുകളിലേയോ കൈകളിലേയോ  നീളമുള്ള അസ്ഥികളുടെ അറ്റത്താണ് കാണപ്പെടുന്നത്.

ഇവിങ് സാർകോമ ബോൺ കാൻസർ

കുട്ടികളുടെ അസ്ഥിയിൽ കാണപ്പെടുന്ന മറ്റൊരു തരം കാൻസറാണ്  ഇവിങ് സാർകോമ. ഇത് സാധാരണയായി കാലുകളിലെയോ കൈകളിലെയോ നീളമുള്ള അസ്ഥികളിലോ അല്ലെങ്കിൽ മറ്റു ഭാഗങ്ങളായ നട്ടെല്ല് , പേൽവിസ്,തലയോട്ടി എന്നീ ഇടങ്ങളിലും കാണപ്പെടാറുണ്ട്.അതുകൂടാതെ ഈ രോഗാവസ്ഥ അസ്ഥിയെ ദുർബലപ്പെടുത്തുകയും അസ്ഥിയ്ക്ക് പുറത്തുള്ള മൃദുവായ ടിഷ്യൂകളിലേക്ക് വളരുകയും ചെയ്യും.

വിൽംസ് ട്യൂമർ (കിഡ്നിയിലെ ട്യൂമർ)

കുട്ടികളുടെ വൃക്കയിൽ ഉണ്ടാകുന്ന അപൂർവമായതും  4 – 5 % മാത്രം കുട്ടികളിൽ കാണപ്പെടുന്നതുമായ  ഒരു  കാൻസർ ആകുന്നു വിൽംസ് ട്യൂമർ (നെഫ്രോബ്ലാസ്റ്റോമ) .1 മുതൽ 5 വയസ്സ് വരെയുള്ള കുട്ടികളുടെ അടിവയറിൽ മുഴയുടെ രൂപത്തിൽ ആകുന്നു വിൽംസ് ട്യൂമർ  സാധാരണമായി കാണപ്പെടുന്നത്.

ചികിത്സകൾ

കിഡ്നിയുടെ പ്രവർത്തനം നിലനിനിർത്തുന്നതിന് വേണ്ടി ശസ്ത്രക്രിയ വഴി അർബുദത്തെ നീക്കം ചെയ്യപ്പെടുന്നു.ട്യൂമറിന്റെ വ്യാപ്തിക്കും വലുപ്പത്തിനും അനുസരിച്ചാകും മറ്റു ചികിൽത്സാ രീതികളായ റേഡിയേഷൻ കീമോതെറാപ്പി തുടങ്ങിയവ അവലംബിക്കുന്നത്.

കുട്ടികളിലെ കാൻസർ അപൂർവമാണെങ്കിലും, അതിനായുള്ള സമഗ്രമായ ചികിത്സകൾ ഇന്ന് ലഭ്യമാണ്. കുട്ടികളുടെ ആരോഗ്യത്തിൽ ചെറിയ വ്യത്യാസങ്ങൾ പോലും കണ്ടാൽ ഉടൻ ഡോക്ടറുടെ ഉപദേശം തേടുക അത്യന്താപേക്ഷിതമാണ്. പ്രാഥമിക ഘട്ടത്തിൽ കാൻസർ കണ്ടെത്തിയാൽ, വൈദ്യശാസ്ത്രം ഇന്ന് നൽകുന്ന മികച്ച ചികിത്സകളിലൂടെ 70-75% കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്കും ചിറക് വിരിക്കാൻ കഴിയുന്നുണ്ട്.