കൗമാര കലാമാമാങ്കത്തിന് ഇന്ന് കൊട്ടിക്കലാശം; ഇന്നത്തെ മത്സരയിനങ്ങളും വേദികളും അറിയാം

തിരുവനന്തപുരം: തലസ്ഥാനത്തെ കൗമാര കലാമാമാങ്കത്തിന് ഇന്ന് (ജനുവരി 8) തിരശീല വീഴും. അവസാന ദിനം 9 മത്സരങ്ങളാണ് വിവിധ വേദികളിലായി നടക്കുക. 9 മത്സര ഇനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്വര്‍ണക്കപ്പില്‍ ആര് മുത്തമിടുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. മൂന്ന് ദിവസം തുടര്‍ന്ന മത്സരങ്ങളില്‍ ഇതുവരെ തൃശൂര്‍ ജില്ലയാണ് പോയിന്‍റ് നിലയില്‍ മുന്നിലുള്ളത്.

965 പോയിന്‍റാണ് തൃശൂരിനുള്ളത്. തൊട്ട് പിന്നാലെയുണ്ടായിരുന്ന കോഴിക്കോട് കഴിഞ്ഞ ദിവസം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. രണ്ടാം സ്ഥാനത്തുള്ളത് 961 പോയിന്‍റുകളോടെ കണ്ണൂരും പാലക്കാടുമാണ്. അതേസമയം കോഴിക്കോടിന് ലഭിച്ചതാകാട്ടെ 959 പോയിന്‍റുകളാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഇന്ന് ആര് വിജയ കിരീടം ചൂടുമെന്ന ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് കലാകേരളം.

ഇന്നത്തെ മത്സരങ്ങളും വേദികളും: സ്‌കൂൾ കലോത്സവത്തിന്‍റെ പ്രധാന വേദിയായ എംടി നിളയില്‍ രാവിലെ 9 മണിക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടോടി നൃത്തം നടക്കും. വേദി രണ്ടില്‍ രാവിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റ്, വേദി മൂന്നില്‍ ഹൈസ്‌കൂള്‍ വിഭാഗം കേരള നടനം, വേദി ആറില്‍ രാവിലെ കഥാപ്രസംഗം, വേദി 9ല്‍ രാവിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ശാസ്‌ത്രീയ സംഗീതം എന്നിവ അരങ്ങേറും.

വേദി 10ല്‍ രാവിലെ ഹൈസ്‌കൂള്‍ വിഭാഗം വയലിന്‍ (ഓറിയന്‍റല്‍), വേദി 11ല്‍ രാവിലെ ട്രിപ്പിള്‍/ ജാസ്, വേദി 13ല്‍ രാവിലെ ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ട്, വേദി 14ല്‍ രാവിലെ ഹൈസ്‌കൂള്‍ വിഭാഗം ഇരുള നൃത്തം, വേദി 15ല്‍ രാവിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പളിയ നൃത്തം എന്നിവയുമുണ്ടാകും.