കോഴിക്കോട്: ദേശീയ അപസ്മാര ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീകളിൽ അപസ്മാര രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം വളർത്തുന്നതിന് തുടക്കം കുറിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്. അപസ്മാരം അവളെ നിർവചിക്കുന്നില്ല എന്ന പ്രമേയത്തിൽ പ്രൊവിഡൻസ് കോളേജിൽ സംഘടിപ്പിച്ച പരിപാടി കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഇത്തരം നിർണ്ണായക വിഷയങ്ങളിൽ കൃത്യമായ അവബോധം സൃഷ്ടിക്കാൻ കോഴിക്കോട് ആസ്റ്റർ മിംസ് മുൻകൈയെടുത്തതിനെ അസിസ്റ്റന്റ് കളക്ടർ അഭിനന്ദിച്ചു.
അപസ്മാരം എന്നത് തലച്ചോറിലെ നാഡീകോശങ്ങളുടെ പ്രവർത്തനത്തിലുണ്ടാകുന്ന ഒരു താൽക്കാലിക വ്യതിയാനം മാത്രമാണ്. കൃത്യമായ മരുന്നുകളിലൂടെയും മാനസിക പിന്തുണയിലൂടെയും ഇത് പൂർണ്ണമായും നിയന്ത്രിക്കാനാകുമെന്നും രോഗത്തിന്റെ പേരിൽ വിദ്യാഭ്യാസമോ തൊഴിലോ സ്വപ്നങ്ങളോ ഉപേക്ഷിക്കേണ്ടതില്ല എന്ന ആത്മവിശ്വാസം വളർത്തിയെടുക്കേണ്ടതുണ്ടെന്നും ചടങ്ങിൻ്റെ മുഖ്യാതിഥിയും ന്യൂറോ സൈക്കോളജിസ്റ്റുമായ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി സ്കോളറുമായ വൈഷ്ണവി ഭട്ട് ചൂണ്ടിക്കാട്ടി. സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും കാരണം അപസ്മാര രോഗബാധിതരായ സ്ത്രീകൾ പലപ്പോഴും കടുത്ത മാനസിക സാമൂഹിക വെല്ലുവിളികൾ നേരിടുന്നുണ്ട്. വിവാഹം, ഗർഭധാരണം, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങി സ്ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ അപസ്മാര രോഗത്തിന് കൃത്യമായ ചികിത്സയും വിദഗ്ധ പരിചരണവും അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ക്യാമ്പസ് തലത്തിൽ ഇത്തരമൊരു തുറന്ന ചർച്ചയ്ക്ക് പ്രസക്തിയേറുന്നതെന്ന് പ്രൊവിഡൻസ് കോളേജ് ഹിസ്റ്ററി വിഭാഗം പ്രൊഫസർ ഡോ. പ്രിയദർശിനി പി പറഞ്ഞു.
കൃത്യസമയത്തുള്ള രോഗനിർണ്ണയവും ശാസ്ത്രീയമായ ചികിത്സയും ലഭിച്ചാൽ അപസ്മാരമുള്ള ഏതൊരു സ്ത്രീക്കും സാധാരണ ജീവിതം നയിക്കാനും ഉന്നത വിജയങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നും അപസ്മാരം ഒരാളുടെ കഴിവിനെയോ വ്യക്തിത്വത്തെയോ ഒരിക്കലും നിർവചിക്കുന്നില്ലന്നും ന്യൂറോളജിസ്റ്റ് ആൻഡ് എപ്പിലെപ്റ്റോളജിസ്റ്റ് ഡോ. പൂർണിമ നാരായണൻ വ്യക്തമാക്കി. രോഗാവസ്ഥയേക്കാൾ ഉപരിയായി സമൂഹത്തിന്റെ കാഴ്ചപ്പാടാണ് പലപ്പോഴും രോഗികളെ തളർത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഗൈനക്കോളജിസ്റ്റ് ഡോ. ഗീത .കെ, ന്യൂറോളജിസ്റ്റ് ആൻഡ് എപ്പിലെപ്റ്റോളജിസ്റ്റ് ഡോ. പൂർണിമ നാരായണൻ, പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹൻലാൽ, ഡോ. മുബീന പി.എം, ഡോ. ഖലീൽ റഹ്മാൻ കെ. കെ എന്നിവർ നയിച്ച പാനൽ ചർച്ചയിൽ പ്രൊവിഡൻസ് വിമൻസ് കോളേജ് അധികൃതർ, അധ്യാപകർ, വിദ്യാർത്ഥിനികൾ എന്നിവർ ഭാഗമായി. ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിർമ്മിതിയിൽ ചികിത്സ പോലെ തന്നെ പ്രധാനമാണ് കൃത്യമായ രോഗപ്രതിരോധവും ബോധവൽക്കരണവും. അത്യാധുനിക ന്യൂറോളജി ചികിത്സാ സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും മേഖലയിലെ ജനങ്ങൾക്ക് ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങളിൽ ആരോഗ്യ അവബോധം വളർത്തുന്നതിലും കോഴിക്കോട് ആസ്റ്റർ മിംസ് നിർണ്ണായക പങ്ക് വഹിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ഇത്തരം സാമൂഹിക ഇടപെടലുകൾ വരും ദിവസങ്ങളിലും ആശുപത്രിയുടെ ഭാഗത്തുനിന്ന് തുടരുമെന്ന് ആശുപത്രി മാനേജ്മെന്റ് അധികൃതർ അറിയിച്ചു. ചടങ്ങിന് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ അശ്മിത, വിവിധ ഡിപ്പാർട്ട്മെൻ്റ് മേധാവികളും വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളും നേതൃത്വം നൽകി.
