തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഒറ്റദിവസം കൊണ്ട് പവന് 2,040 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 97,720 രൂപയിലെത്തി. ഗ്രാമിന് 255 രൂപ കുറഞ്ഞ് 12,215 രൂപയായി. വിവാഹ സീസണിൽ ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വിലക്കുറവ് വലിയ ആശ്വാസമായി.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 99,760 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണവില ഇടിഞ്ഞതും അമേരിക്കൻ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളിലെ മാറ്റവും വില താഴാൻ കാരണമായി.
ഈ മാസത്തെ ഉയർന്ന നിരക്കായ 1,07,080 രൂപയിൽനിന്ന് രണ്ടാഴ്ചയ്ക്കിടെ പവന് 9,360 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണവിലയിൽ ഇനിയും ചാഞ്ചാട്ടം ഉണ്ടാകാമെന്നാണ് വിപണി വിലയിരുത്തൽ.
