തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കല്ലറയ്‌ക്കുള്ളില്‍ ഭസ്‌മവും പൂജാദ്രവ്യങ്ങളും കണ്ടെത്തി.
മൃതദേഹം ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയക്കാനുള്ള നീക്കത്തിലാണ് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി.
അതേസമയം സമാധി കല്ലറ തുറക്കാമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടതിന് പിന്നാലെ ഇക്കാര്യം ഹിന്ദു സംഘടനകളുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് മകന്‍ രാജസേനന്‍ പ്രതികരിച്ചിരുന്നു. അച്ഛന്‍റെ ആഗ്രഹം ഹിന്ദു ആചാര പ്രകാരം തങ്ങള്‍ ചെയ്യുകയായിരുന്നു എന്നും മകന്‍ പറഞ്ഞു.
‘അച്ഛന്‍ മരിക്കുകയായിരുന്നില്ല. സമാധിയാവുകയായിരുന്നു. പിന്നെങ്ങനെയാണ് മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാവുക’ എന്നും മകന്‍ ചോദിച്ചു. ‘ഹിന്ദു ആചാര പ്രകാരം സമാധിയായ എന്‍റെ അച്ഛന്‍റെ സ്ഥലത്തു വന്ന് ഹിന്ദുത്വത്തെ വ്രണപ്പെടുത്തുക എന്നതാണ് നാട്ടുകാരില്‍ ചിലര്‍ ചെയ്‌തിട്ടുള്ളത്. കോടതിയേയും നിയമങ്ങളെയും അങ്ങേയറ്റം മാനിക്കുന്നു. അച്ഛന്‍റേത് മരണമല്ല, സമാധിയാണ്. അച്ഛനെ കാണാനില്ലെന്ന് പറഞ്ഞു പരാതി നല്‍കിയ ആളിന്‍റെ പേര് എന്താണ്?
ഇക്കാര്യം പൊലീസ് അന്വേഷിക്കണം. അദ്ദേഹത്തിന്‍റെ ഉദ്ദേശം ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുക എന്നതാണ്. മരിച്ച ആളിന്‍റെ മൃതദേഹം സമാധിക്കകത്ത് ഉണ്ടോ എന്നു സ്‌കാനര്‍ വച്ച് പരിശോധിക്കാം. കോടതി വിധി പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ല. അവര്‍ അന്വേഷിക്കട്ടെ.’ -ഗോപന്‍ സ്വാമിയുടെ മകന്‍ പറഞ്ഞു.