കേരള ബാങ്കിന് ഇന്റർനെറ്റ് ബാങ്കിംഗിന് ആർബിഐ അനുമതി

തിരുവനന്തപുരം: ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ നടപ്പാക്കുന്നതിന് കേരള ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി ലഭിച്ചു. ഇതോടെ ഉപയോക്താക്കൾക്ക് ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ ഇന്റർനെറ്റിലൂടെ 24 മണിക്കൂറും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുങ്ങും.

വ്യക്തിഗത ഉപയോക്താക്കൾക്ക് പുറമെ അംഗസംഘങ്ങളായ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും കേരള ബാങ്ക് വഴി ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ലഭ്യമാകും. അംഗസംഘങ്ങൾക്ക് കേരള ബാങ്കിലെ അക്കൗണ്ട് ഉപയോഗിച്ച് ആർടിജിഎസ്, എൻഇഎഫ്ടി ഉൾപ്പെടെയുള്ള ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ നടത്താനാകുമെന്നതാണ് പ്രധാന നേട്ടം.

സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഫണ്ട് ട്രാൻസ്ഫർ, ബൾക്ക് പേയ്മെന്റുകൾ, അക്കൗണ്ട് മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങൾ ബാങ്ക് ശാഖയിലെത്താതെ ഓൺലൈനായി നിർവഹിക്കാനും ഇതോടെ കഴിയും. കൂടാതെ ക്യുആർ കോഡ്, ഇപോസ് തുടങ്ങിയ സേവനങ്ങളും ഉടൻ ലഭ്യമാകും.

2019ൽ കേരള ബാങ്ക് രൂപീകരിച്ചതിന് പിന്നാലെ ചുരുങ്ങിയ കാലംകൊണ്ട് കോർ ബാങ്കിംഗ് (CBS) സംവിധാനം ഏകീകരിക്കുകയും KB Prime, KB Prime Plus മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ വഴി യുപിഐ ഉൾപ്പെടെയുള്ള ദൈനംദിന ബാങ്കിംഗ്, നിക്ഷേപ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്തുവരുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം 9.8 കോടി ഇടപാടുകളിലായി 16,041.25 കോടി രൂപയുടെ ഇടപാടുകളാണ് യുപിഐ വഴി നടത്തിയത്. കേരള ബാങ്കിന്റെ ആകെ ബിസിനസ് നിലവിൽ 1,28,697 കോടി രൂപയാണ്.