സ്വാതന്ത്ര്യദിനം: കൊച്ചി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കും

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കും. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (BCAS) നിർദേശപ്രകാരം ഓഗസ്റ്റ് 20 വരെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.

വിമാനത്താവളത്തിനകത്തും പുറത്തുമുള്ള നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം യാത്രക്കാരുടെയും ബാഗേജുകളുടെയും കാർഗോ ചരക്കുകളുടെയും സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കും. പതിവ് പരിശോധനകൾക്ക് പുറമെ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് ലാഡർ പോയിന്റിലും യാത്രക്കാർക്ക് അധിക സുരക്ഷാ പരിശോധന നടത്തും.

ഓഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. വിമാനത്താവള പരിസരത്തെ വാഹന പരിശോധനയും ശക്തമാക്കും.

സുരക്ഷാ പരിശോധനകൾക്ക് പതിവിലധികം സമയം ആവശ്യമായേക്കുന്നതിനാൽ ആഭ്യന്തര, അന്തർദേശീയ സർവീസുകളിലെ യാത്രക്കാർ നേരത്തേ വിമാനത്താവളത്തിലെത്തണമെന്ന് അധികൃതർ നിർദേശിച്ചു.