ലക്ഷദ്വീപിൽ ബോട്ട് മറിഞ്ഞ് രണ്ട് പൊലീസുകാരെ കാണാതായി

കവരത്തി: ലക്ഷദ്വീപിൽ ബോട്ട് മറിഞ്ഞ് രണ്ട് പൊലീസുകാരെ കാണാതായി. സുഹലി ദ്വീപിലെ പൊലീസ് ഔട്ട്‌പോസ്റ്റിലെ ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്. കടലിൽ പട്രോളിങ്ങിന് പോയപ്പോഴാണ് ബോട്ട് അപകടത്തിൽപ്പെട്ടത്.

മൂന്ന് പൊലീസുകാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ അമിനി ദ്വീപിലെ ഉമ്മർ ഫാറൂഖ് നീന്തി രക്ഷപ്പെട്ടു. ഇദ്ദേഹത്തെ കവരത്തിയിലെത്തിച്ച് ചികിത്സ നൽകി വരികയാണ്.

കവരത്തി ദ്വീപിലെ നബീൽ, ആന്ത്രോത്ത് ദ്വീപിലെ ഹിദായത്ത് എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നുണ്ട്.