
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളിലടക്കം നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്വേഷണം പുരോഗമിക്കുന്നതിനാൽ ലഭിച്ച വിവരങ്ങളിൽ പലതും ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ലഭിച്ചശേഷം ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എസ്.സി ചെയർമാന്റെ ഔദ്യോഗിക വാഹനത്തിന് ഒമ്പത് വർഷമായി യാത്രാരേഖകളില്ലെന്ന പരാതിയും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
അതേസമയം, എൽ.പി.എസ്.ടി പരീക്ഷയുമായി ബന്ധപ്പെട്ടും വിവാദം നിലനിൽക്കുകയാണ്. 500 ഒഴിവുകൾ ഉണ്ടായിരുന്ന ഘട്ടത്തിലാണ് പരീക്ഷ നടത്തിയത്. തുടർന്ന് 15,000 പേരുടെ റാങ്ക് പട്ടിക തയ്യാറാക്കി. എന്നാൽ ഇതേ കാലയളവിൽ ഡിവിഷൻ ഫാൾ കാരണം 1,131 അധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.
അധ്യാപകരെ സംരക്ഷിക്കേണ്ട സാഹചര്യം നിലനിന്നതിനാൽ യഥാർഥത്തിൽ ആവശ്യമായ ഒഴിവുകൾ ഉണ്ടായിരുന്നില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇതോടെ റാങ്ക് പട്ടികയിലുള്ളവരുടെ നിയമനം നിലവിലെ യു.ഡി.എഫ് സർക്കാരിന് ബാധ്യതയായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധ്യാപക-വിദ്യാർഥി അനുപാതം 1:40ൽ നിന്ന് 1:30 ആയി കുറച്ചതോടെ നിയമനസാധ്യത വർധിച്ചിരുന്നെങ്കിലും നിലവിൽ ഇത് 1:25 ആക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അതേസമയം സർക്കാർ സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം കുറയുന്ന സാഹചര്യവുമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എൽ.പി.എസ്.ടി സമരക്കാരുമായി വിദ്യാഭ്യാസ മന്ത്രി മൂന്ന് തവണയും മുഖ്യമന്ത്രി ഒരുതവണയും ചർച്ച നടത്തിയതായും വി.ഡി. സതീശൻ അറിയിച്ചു.
ph
