തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ‘NTL’ എന്ന വ്യാജ ആപ്പ് ഉപയോഗിച്ച് ഓൺലൈൻ നിക്ഷേപ തട്ടിപ്പ് നടക്കുന്നതായി കേരളാ പൊലീസ് മുന്നറിയിപ്പ് നൽകി. വീട്ടിലിരുന്ന് ഉയർന്ന വരുമാനം നേടാമെന്ന വാഗ്ദാനവുമായി വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നത്.

വ്യാജ ലിങ്കുകൾ അയച്ച് ‘NTL’ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വിശ്വാസം നേടുന്നതിനായി ആദ്യഘട്ടത്തിൽ ചെറിയ തുക കമ്മീഷനായി പിൻവലിക്കാൻ തട്ടിപ്പുകാർ അനുവദിക്കും. ഇതോടെ കൂടുതൽ പണം നിക്ഷേപിക്കാൻ ഇരകളെ പ്രേരിപ്പിക്കും.
വലിയ തുക നിക്ഷേപിച്ച ശേഷം പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതാണ് അടുത്ത ഘട്ടം. പണം പിൻവലിക്കാൻ പ്രോസസിംഗ് ഫീസ്, നികുതി തുടങ്ങിയവ അടയ്ക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പണം തട്ടിയെടുക്കുന്നതായും പൊലീസ് അറിയിച്ചു.
പരിചയമില്ലാത്ത ലിങ്കുകൾ വഴി ലഭിക്കുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്ന് പൊലീസ് നിർദേശിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒടിപി, യുപിഐ പിൻ തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്നും മുന്നറിയിപ്പുണ്ട്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടണം. പണം നഷ്ടപ്പെട്ട വിവരം എത്രയും വേഗം റിപ്പോർട്ട് ചെയ്യുന്നത് തുക തിരിച്ചുപിടിക്കാനുള്ള സാധ്യത വർധിപ്പിക്കും.
