ന്യൂഡൽഹി: ദേശീയപാതകളിലെ അപകടങ്ങളിൽപ്പെട്ടവർക്ക് അടിയന്തര ചികിത്സ വേഗത്തിൽ ലഭ്യമാക്കാൻ കർശന സമയപരിധിയുമായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI). 10 കിലോമീറ്റർ പരിധിക്കുള്ളിൽ നടക്കുന്ന അപകടസ്ഥലത്ത് അടിയന്തര ടിക്കറ്റ് സ്വീകരിച്ച സമയത്തിൽ നിന്ന് 10 മിനിറ്റിനകം ആംബുലൻസ് എത്തണം. സമയപരിധി പാലിക്കാത്ത ഓരോ സംഭവത്തിനും ₹10,000 പിഴ ചുമത്തും.

അപകടസ്ഥലത്ത് നിന്ന് പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ ഒരു മണിക്കൂറിനകം എത്തിക്കണമെന്നും പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ഈ സമയപരിധി ലംഘിച്ചാലും ₹10,000 പിഴ ഈടാക്കും. 10 കിലോമീറ്ററിന് പുറത്തുള്ള അപകടങ്ങൾക്ക് ദൂരത്തിനനുസരിച്ച് അനുവദനീയമായ സമയം ആനുപാതികമായി വർധിപ്പിക്കും. ആംബുലൻസുകളുടെ പ്രതികരണസമയം GPS, NHAI Incident Management System Care Dashboard എന്നിവ വഴി നിരീക്ഷിക്കും.
അടിയന്തര ടിക്കറ്റ് സ്വീകരിക്കുന്നതിലും ആംബുലൻസ് യാത്ര ആരംഭിക്കുന്നതിലും വൈകിയാൽ പ്രത്യേക പിഴ വ്യവസ്ഥകളും പുതിയ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയപാതകളിലെ അപകടങ്ങളിൽ അടിയന്തര സഹായം വേഗത്തിലാക്കി ജീവൻ രക്ഷിക്കുകയാണ് നടപടിയുടെ ലക്ഷ്യം.
അപകടമുണ്ടായാൽ NHAIയുടെ 1033 ഹെൽപ്‌ലൈൻ വഴി വിവരം നൽകാനും സാധിക്കും.
