ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് വൻ പ്രഹരമേൽപ്പിച്ചുകൊണ്ട് രാജ്യസഭാ എം.പിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവർ പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയിലേക്ക്. രാജ്യസഭയിലെ ആം ആദ്മി പാർട്ടി അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗം പേരും തങ്ങളോടൊപ്പമുണ്ടെന്നും അതിനാൽ ഭരണഘടനാപരമായ വ്യവസ്ഥകൾ ഉപയോഗിച്ച് ബിജെപിയിൽ ലയിക്കാൻ തീരുമാനിച്ചതായും രാഘവ് ഛദ്ദ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവർക്കൊപ്പമാണ് രാഘവ് ഛദ്ദ ബിജെപി അംഗത്വം സ്വീകരിച്ചത്. ആം ആദ്മി പാർട്ടി അതിന്റെ ആദർശങ്ങളിൽ നിന്ന് വഴിമാറിയതാണ് തങ്ങളുടെ തീരുമാനത്തിന് പിന്നിലെന്ന് നേതാക്കൾ സൂചിപ്പിച്ചു. അരവിന്ദ് കെജ്രിവാളിന്റെ ഏറ്റവും അടുത്ത വിശ്വസ്തരായിരുന്ന സന്ദീപ് പഥക് (പാർട്ടിയുടെ ദേശീയ സംഘടനാ സെക്രട്ടറി), രാഘവ് ഛദ്ദ എന്നിവരുടെ ഈ അപ്രതീക്ഷിത മാറ്റം പാർട്ടിയുടെ അടിത്തറ ഇളക്കുന്നതാണ്.

മൂന്നിൽ രണ്ട് എംപിമാരും ഒന്നിച്ചു നീങ്ങുന്നതിനാൽ ഇവർക്ക് എം.പി സ്ഥാനം നഷ്ടപ്പെടാതെ തന്നെ ബിജെപിയിൽ ലയിക്കാൻ സാധിക്കും. പാർട്ടിയുടെ തന്ത്രപ്രധാനമായ നീക്കങ്ങൾ നിയന്ത്രിച്ചിരുന്ന നേതാക്കൾ തന്നെ എതിർപക്ഷത്തേക്ക് പോയത് ആപ്പിനെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി ഭരണത്തിലിരിക്കെ, ദേശീയ തലത്തിൽ പാർട്ടിയെ വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാക്കളുടെ ഈ കൂടുമാറ്റം പാർട്ടിക്ക് വലിയ പ്രതിസന്ധിയാണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്.
