കോഴിക്കോട്: അമിത വില നൽകി ഇനി കുപ്പിവെള്ളം വാങ്ങേണ്ട, ഒരു രൂപ നാണയത്തിന് വേണ്ടുവോളം കുടിവെള്ളം ലഭ്യമാക്കുന്ന വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിക്കാനൊരുങ്ങി കോർപ്പറേഷൻ. പ്ലാസ്റ്റിക് കുപ്പികളുടെ വലിച്ചെറിയൽ തടയുക, കുറഞ്ഞ ചെലവിൽ കുടിവെള്ളമെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നത്. ഇതിനായി കഴിഞ്ഞ ബഡ്ജറ്രിൽ 12 ലക്ഷം രൂപ കോർപ്പറേഷൻ വകയിരുത്തിയിരുന്നു. 2025 ലെ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുജനം സ്ഥിരമായി വന്ന് ചേരുന്ന ഇടങ്ങളിലാണ് ആദ്യഘട്ടത്തിൽ വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിക്കുക. പദ്ധതിയ്ക്ക് സ്വീകാര്യത നോക്കി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
എങ്ങനെ കുടിവെള്ളം ശേഖരിക്കാം
ഒരു രൂപ കോയിൻ നിക്ഷേപിച്ച് സ്വിച്ച് അമർത്തുന്നതോടെ വെള്ളം വരുന്ന തരത്തിലാണ് എ.ടി.എമ്മുകൾ പ്രവർത്തിക്കുക. ആവശ്യത്തിനനുസരിച്ച് പച്ചവെള്ളമോ ചൂടു വെള്ളമോ തിരഞ്ഞെടുക്കാം. ഫിൽട്ടർ ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന വെള്ളമായതിൽ വിശ്വാസത്തോടെ കുടിക്കാം. മെഷീനിൽ സ്ഥാപിക്കുന്ന സ്കാനർ ഉപയോഗിച്ച് ഫോൺ പേ, ഗൂഗിൾ പേ, തുടങ്ങി യു.പി.ഐ അക്കൗണ്ടുകൾ വഴിയും പണമടച്ച് വെള്ളമെടുക്കാം.
വാട്ടർ എ.ടി.എം കേന്ദ്രങ്ങൾ
ബീച്ച്
മാനാഞ്ചിറ
മിഠായിത്തെരുവ്
പാളയം
ബസ് സ്റ്റാൻഡുകൾ
വാട്ടർ എ.ടി.എം
പൊതുജനങ്ങൾ സ്ഥിരമായി വന്ന് ചേരുന്ന ഇടങ്ങളിൽ വാട്ടർ കിയോസ്കുകൾ സ്ഥാപിച്ച് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി.
” പദ്ധതി ഉടൻ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. പി.ദിവാകരൻ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ