രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി, 4 ദിവസത്തെ സന്ദർശനം, നാളെ ശബരിമലയിൽ

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇന്നു രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി നാളെ ഉച്ചയോടെ ശബരിമലയിൽ ദർശനം നടത്തും. വൈകിട്ടു ഗവർണർ തലസ്ഥാനത്തെ ഹോട്ടലിൽ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും.

ബുധനാഴ്ച 9.35-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും. റോഡ് മാര്‍ഗം പമ്പയിലെത്തും. തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ സന്നിധാനത്തും.

23നു രാവിലെ 10.30നു രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ അനാഛാദനം ചെയ്തശേഷം ഉച്ചയ്ക്ക് 12.50ന് ശിവഗിരിയിൽ ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ടു 4.15നു പാലാ സെന്റ് തോമസ് കോളജിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം കുമരകത്തെ റിസോർട്ടിൽ താമസിക്കും. 24നു 12നു കൊച്ചി സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി ആഘോഷത്തിൽ സംബന്ധിച്ച്, വൈകിട്ടു 4.15നു ഡൽഹിക്കു തിരിക്കും.

നാളെ അയ്യപ്പദർശനത്തിനായി ശബരിമലയിൽ എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു മലകയറുന്നതു പമ്പയിൽനിന്ന് ഇരുമുടിക്കെട്ട് നിറച്ചശേഷം. ഗവർണർ രാജേന്ദ്ര ആർലേക്കറും പത്നി അനഘയും കെട്ടുനിറച്ചു ശബരിമലയിലേക്കു രാഷ്ട്രപതിയെ അനുഗമിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ തീരുമാനം മാറ്റി.

നാളെ രാവിലെ 10.20നു നിലയ്ക്കൽ ഹെലിപ്പാഡിൽ ഇറങ്ങുന്ന രാഷ്ട്രപതി അവിടെനിന്നു റോഡുമാർഗം പമ്പയിൽ എത്തും. പമ്പാ സ്നാനത്തിനു പകരം രാഷ്ട്രപതിക്കു കാൽകഴുകി ശുദ്ധി വരുത്തുന്നതിനായി ത്രിവേണി പാലത്തിനു സമീപം ജലസേചന വകുപ്പു പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിനു പമ്പ ഗണപതികോവിലിൽ എത്തും.

11.10ന് ഫോർ വീൽj ഡ്രൈവ് ഗൂർഖ എമർജൻസി വാഹനത്തിൽ പമ്പയിൽനിന്നു സന്നിധാനത്തേക്കു പുറപ്പെടും. 6 വാഹനങ്ങളുടെ അകമ്പടി ഉണ്ടാകും. 11.50നു സന്നിധാനത്ത് എത്തും. പതിനെട്ടാംപടി കയറി 12.20ന് അയ്യപ്പദർശനം നടത്തും. ഉച്ചപൂജയും കണ്ടു തൊഴുതശേഷം ദേവസ്വം ഗെസ്റ്റ്ഹൗസിൽ വിശ്രമിക്കും. മൂന്നോടെ നിലയ്ക്കലിലേക്കു മടങ്ങി, 4.20നു ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തേക്കു തിരിക്കും.