ന്യൂഡൽഹി: 2014-ന് മുമ്പുള്ള ‘ദുർബലമായ അഞ്ച് സമ്പദ് വ്യവസ്ഥ’കളിൽ ഒന്ന് എന്നതിൽനിന്ന് ഇന്ത്യ ഇന്ന് ലോകംകണ്ട ഏറ്റവും മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഉയർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ രാജ്യംനേടിയ വളർച്ചയേക്കുറിച്ച് എൻഡിടിവി വേൾഡ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.കുതിക്കുന്ന ഇന്ത്യ’ (അൺസ്റ്റോപ്പബിൾ ഭാരത്) എന്ന വിഷയത്തിലായിരുന്നു മോദിയുടെ പ്രഭാഷണം. ലോകം ബ്ലോക്കുകളും സ്പീഡ് ബ്രേക്കറുകളുംകൊണ്ട് നിറഞ്ഞിരിക്കുന്ന കാലത്ത് കുതിക്കുന്ന ഭാരതത്തെക്കുറിച്ച് ചർച്ചയുണ്ടാകുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. കുതിപ്പ് തുടരുമെന്നും നിർത്താൻ മനസ്സില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നയപരമായ സ്തംഭനം, അഴിമതി തുടങ്ങിയവയേക്കുറിച്ചായിരുന്നു തന്റെ സർക്കാർ 2014ൽ അധികാരത്തിൽ വരുന്നതിന് മുമ്പ് ചർച്ചകൾ നടന്നിരുന്നത്. സ്ത്രീ സുരക്ഷ ഭീകരവാദം, പണപ്പെരുപ്പം എന്നിവയും അന്ന് ചർച്ചകളിൽ പ്രധാന വിഷയങ്ങളായിരുന്നുവെന്ന് മോദി പറഞ്ഞു. ഈ പ്രതിസന്ധികളെ നേരിടാനാകില്ലെന്നും ഇന്ത്യയ്ക്ക് കരകയറാൻ സാധിക്കില്ലെന്നും പലരും കരുതിയിരുന്നു. എന്നാൽ, കഴിഞ്ഞ പതിനൊന്ന് വർഷത്തിനുള്ളിൽ ഇന്ത്യ എല്ലാ വെല്ലുവിളികളേയും തരണം ചെയ്തു. ദുർബലമായ സമ്പദ് വ്യവസ്ഥയിൽനിന്ന് ഇന്ത്യ ഇന്ന് ലോകം കണ്ട മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറി.പണപ്പെരുപ്പം രണ്ട് ശതമാനത്തിലും താഴെയാണ്. വളർച്ചാനിരക്ക് ഏഴ് ശതമാനത്തിന് മുകളിലാണ്. ചിപ്പ് മുതൽ ഷിപ്പ് വരെ, എല്ലായിടത്തും ആത്മനിർഭർ ഇന്ത്യയുണ്ട്. ആത്മവിശ്വാസമുള്ള ഇന്ത്യയുണ്ട്, മോദി പറഞ്ഞു. ഭീകരതയുടെ വിഷയത്തിലും രാജ്യത്തിന്റെ പ്രതികരണം മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർജിക്കൽ സ്ട്രൈക്കുകൾ, വ്യോമാക്രമണങ്ങൾ, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയവയിലൂടെ ഇന്ത്യ ശക്തമായി പ്രതികരിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി.
