പത്ത് ജില്ലകളിലെ വിവിധ വിദ്യാലയങ്ങൾക്ക് നാളെ അവധി; ചില സ്കൂളുകൾക്ക് ബുധനാഴ്ചയും അവധി, വിശദമായി അറിയാം

തിരുവനന്തപുരം : 31 തദ്ദേശ വാർഡുകളിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. വാർഡ് പരിധിയിലെ വിദ്യാലയങ്ങൾക്ക് നാളെയും വോട്ടെണ്ണൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയുമാണ് അവധികൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് പത്ത് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ (ഡിസംബർ 10, ചൊവ്വാഴ്ച) അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനമൊട്ടാകെയായി 31 തദ്ദേശ വാർഡുകളിലാണ് നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്നും നാളെയും അവധിയാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളായ ചില സ്കൂളുകൾക്ക് ബുധനാഴ്ചയും അവധി നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പ്രാദേശിക അവധി. ഏതൊക്കെ സ്കൂളുകൾക്കാണ് അവധിയെന്നും കളക്ടർമാരുടെ അറിയിപ്പും വായിക്കാം.

തിരുവനന്തപുരം വെള്ളറട ഗ്രാമപഞ്ചായത്തിലെ കരിക്കാമൻകോട് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വാർഡിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നളെ (ചൊവ്വാഴ്ച) ജില്ലാ കളക്ടർ അനുകുമാരി പ്രാദേശിക അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനത്തിന് 11 നും പ്രാദേശിക അവധി ആയിരിക്കും.

കൊല്ലം ജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ഡിസംബർ 10ന് ജില്ലാ കളക്ടർ എൻ ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, കുന്നത്തൂരിലെ തെറ്റിമുറി, ഏരൂരിലെ ആലഞ്ചേരി, തേവലക്കരയിലെ കോയിവിള സൗത്ത്, പാലയ്ക്കൽ നോർത്ത്, ചടയമംഗലത്തെ പൂങ്കോട് വാർഡുകളിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രദേശത്തെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് എന്നിവയ്ക്കും അവധി ബാധകമാണ്.

തൃശൂരിൽ ചൊവ്വാഴ്ച അവധി ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്
ഉപതെരഞ്ഞെടുപ്പു നടക്കുന്ന ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിലെ പൂശപ്പിള്ളി, നാട്ടിക ഗ്രാമപഞ്ചായത്തിലെ ഗോഖലെ എന്നീ വാർഡുകളിൽ ഡിസംബർ 10ന് കളക്ടർ അവധി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾക്കും ഉപതെരഞ്ഞെടുപ്പുദിവസമായ 10-ന് അവധിയായിരിക്കും.
പാലക്കാട് നാളെ അവധി ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ ഉൾപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾക്കും തെരഞ്ഞെടുപ്പുദിവസം പ്രാദേശിക അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. പോളിങ് സ്റ്റേഷനായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവ. ഓഫീസുകൾക്കും ഒമ്പതിനും അവധിയായിരിക്കും. ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ചാലിശ്ശേരി ടൗൺ (വാർഡ് ഒമ്പത്), തച്ചമ്പാറ ഗ്രാമപ്പഞ്ചായത്തിലെ കോഴിയോട് (വാർഡ് നാല്), കൊടുവായൂർ ഗ്രാമപ്പഞ്ചായത്തിലെ കോളോട് (വാർഡ് 13) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

മലപ്പുറത്ത് നാളെ പ്രാദേശിക അവധി ഈ ഭാഗങ്ങളിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പോളിങ് സ്റ്റേഷനുകളായും വോട്ടെണ്ണൽ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വോട്ടെടുപ്പ് ദിവസവും തിങ്കളാഴ്ചയും അവധി അനുവദിച്ചതായി ജില്ലാ കളക്ടർ വിആർ വിനോദ് അറിയിച്ചു. ജില്ലാപഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷൻ, മഞ്ചേരി നഗരസഭാ കരുവമ്പ്രം വാർഡ്, തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാർഡ്, ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക് വാർഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.

കോഴിക്കോട് നാളെ അവധി ഈ സ്കൂളുകൾക്ക്
കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് ഡിസംബർ 10ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വാർഡിന്‍റെ പരിധിക്കുള്ളിൽവരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ പ്രാദേശിക അവധിയായി പ്രഖ്യാപിച്ചു. പോളിങ്‌ സ്റ്റേഷനുകൾ, വിതരണ, സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ആനയാംകുന്ന് സിഎം വലിയുല്ലാഹി മെമ്മോറിയൽ മദ്രസയ്ക്ക് ഡിസംബർ ഒൻപത്‌, 10 തീയതികളിലും ജിഎൽപി സ്കൂൾ കക്കാടിന് ഒൻപത്‌, 10, 11 തീയതികളിലും അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

കണ്ണൂരിൽ നാളെ അവധി നാല് സ്കൂളുകൾക്ക്
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മാടായി പഞ്ചായത്തിലെ പോളിങ്, കൗണ്ടിങ് സ്റ്റേഷുകളായ മാടായി ഗവ. ഗേൾസ് ഹൈസ്‌കൂളിന് ഒൻപത്, 10 തീയതികളിലും മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് ഒൻപത്, 10, 11 തീയതികളിലും കണിച്ചാർ പഞ്ചായത്തിലെ പോളിങ്, കൗണ്ടിങ് സ്‌റ്റേഷുകളായ കൊളക്കാട് ഗവ. എൽപി സ്‌കൂളിന് ഒൻപത്, 10 തീയതികളിലും തുണ്ടിയിൽ സെന്‍റ് ജോൺസ് യുപി സ്‌കൂളിന് ഡിസംബർ ഒൻപത്, 11 തീയതികളിലും കളക്ടറുടെ ചുമതലയുള്ള എഡിഎം അവധി പ്രഖ്യാപിച്ചു. പത്തിന് പ്രാദേശിക അവധിയും പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലും നാളെ അവധി
പത്തനംതിട്ടയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിയിൽവരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ ഡിസംബർ 10ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ജോലിയിലുള്ളവർക്ക് അവധി ബാധകമല്ല. ആലപ്പുഴയിൽ വളവനാട് നിയോജകമണ്ഡലം (മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ 1, 2, 3, 4, 5, 20 എന്നീ വാർഡുകൾ ഉൾപ്പെടുന്നു), എരുവ നിയോജകമണ്ഡലം എന്നിവയുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 10 (ചൊവ്വാഴ്ച) ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

കോട്ടയത്ത് ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഈരാറ്റുപേട്ട നഗരസഭയിലെ പതിനാറാം വാർഡ് (കുഴിവേലി) അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് ( ഐടിഐ) എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഡിസംബർ പത്തിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.