4 പേർക്ക് പുതുജീവൻ നൽകി; വിഷ്ണു മടങ്ങി

കോഴിക്കോട്: കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും. കഴിഞ്ഞ ജൂലൈ 6-നാണ് വിഷ്ണുവിനെ കടുത്ത തലവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തലച്ചോറിലെ അതിതീവ്രമായ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. വിദഗ്ധ മെഡിക്കൽ സംഘം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരമാവധി നടത്തിയെങ്കിലും ഫലമുണ്ടായില്ല. മസ്തിഷ്ക മരണം സ്ഥിരീകരിച്ച ശേഷം മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ കടുത്ത ദുഃഖത്തിനിടയിലും അവയവങ്ങൾ ദാനത്തിൻ്റ മഹത്വം ഉൾക്കൊണ്ട് മകൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനമെടുക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ അവയവദാന ഏജൻസിയായ കെ-സോട്ടോയുടെ പൂർണ്ണമായ ഏകോപനത്തോടെ പോലീസിൻ്റെയും മറ്റു ഏജൻസികളുടെയും സഹായത്തോടെയായിരുന്നു ഈ ജീവൻരക്ഷാ ദൗത്യം നടന്നത്. പൊലീസിന്റെ കൃത്യതയാർന്ന ഇടപെടലാണ് കോട്ടയത്തേക്കുള്ള ദീർഘദൂര യാത്രയിലുൾപ്പെടെ അവയവങ്ങൾ സുരക്ഷിതമായി എത്തിക്കാൻ സഹായിച്ചത്.
കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ രോഗിക്കും, ഒരു വൃക്ക ആസ്റ്റർ മിംസിൽ ചികിത്സയിലുള്ള മുപ്പത്തിരണ്ടുകാരിക്കും, രണ്ടാമത്തെ വൃക്ക കോട്ടയം മെഡിക്കൽ കോളേജിലെ രോഗിക്കും, രണ്ട് കോർണിയകൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിനും കൈമാറി.
ആസ്റ്റർ മിംസിലെ നെഫ്രോളജി, യുറോളജി, അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരുടെയും, ട്രാൻസ്പ്ലാൻറ് കോർഡിനേറ്ററുടെയും നേതൃത്വത്തിലാണ് ഈ ട്രാൻസ്പ്ലാൻറ് പ്രോസീജ്യർ വിജയകരമായി നടത്തിയത് . ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞ പ്രക്രിയയായിരുന്നിട്ടും, വിദഗ്ധ ഡോക്ടർമാരുടെയും അനുബന്ധ മെഡിക്കൽ സംഘത്തിന്റെയും ദീർഘനാളത്തെ പരിചയസമ്പത്തും കൃത്യതയാർന്ന ഇടപെടലുമാണ് മണിക്കൂറുകൾ നീണ്ട ഈ ശസ്ത്രക്രിയ സുരക്ഷിതമായി ലക്ഷ്യത്തിലെത്തിക്കാൻ സഹായിച്ചത്. ആസ്റ്റർ മിംസിൽ നിന്നും വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്നും യുറോളജി വിഭാഗം ഡോക്ടർമ്മാർ അറിയിച്ചു.

തികച്ചും വെല്ലുവിളികൾ നിറഞ്ഞതും സമയബന്ധിതവുമായി പൂർത്തിയാക്കേണ്ടതുമായ ഒരു മെഡിക്കൽ ദൗത്യമായിരുന്നു ഇത്. വിഷ്ണുവിന്റെ വിയോഗത്തിനിടയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാൻ മുന്നോട്ടുവന്ന കുടുംബത്തിന്റെ തീരുമാനം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. ഇതിനായി പ്രയത്നിച്ച എല്ലാവരോടും നന്ദി രേഖപെടുത്തുന്നു എന്ന് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു.

വലിയൊരു നഷ്ടത്തിലും സമൂഹത്തിന് വലിയൊരു സന്ദേശം നൽകിയ വിഷ്ണുവിന്റെ കുടുംബത്തോടുള്ള ആദരവ് ആശുപത്രി മാനേജ്‌മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ, കെ-സോട്ടോ, ആശുപത്രിയിലെ മെഡിക്കൽ ടീമുകൾ, നഴ്സിംഗ് ജീവനക്കാർ തുടങ്ങിയവരുടെ ഒത്തൊരുമയും ആത്മാർത്ഥതയുമാണ് ഈ ദൗത്യത്തിന്റെ വിജയത്തിന് പിന്നിലെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് മാനേജ്മെന്റ് വ്യക്തമാക്കി. അവയവദാനമെന്ന മഹത്തായ സന്ദേശം സമൂഹത്തിൽ കൂടുതൽ വ്യാപിക്കാൻ ഇത്തരം മാതൃകകൾ കാരണമാകുമെന്നും മാനേജ്മെന്റ് കൂട്ടിച്ചേർത്തു.

onwin