കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ താൽക്കാലിക മദ്യനിരോധനം പ്രഖ്യാപിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് 39 മണിക്കൂർ നീളുന്ന ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 3ന് വൈകീട്ട് 6 മണി മുതൽ മെയ് 5ന് രാവിലെ 9 മണിവരെ ജില്ലയിൽ മദ്യവിൽപ്പന പൂർണ്ണമായും നിരോധിച്ചിരിക്കും.
ഇതനുസരിച്ച് കള്ളുഷാപ്പുകൾ, ബിവറേജസ് ഔട്ട്ലറ്റുകൾ, വിദേശമദ്യ വിൽപ്പന കേന്ദ്രങ്ങൾ, ബാറുകൾ, ബിയർ-വൈൻ പാർലറുകൾ എന്നിവ അടച്ചിടേണ്ടതാണ്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബുകൾ തുടങ്ങി മദ്യം വിളമ്പുന്നതോ വിൽക്കുന്നതോ ആയ എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്.
നിരോധന ഉത്തരവ് കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്കും സിറ്റി, റൂറൽ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135 സി, കേരള അബ്കാരി ആക്ടിലെ വകുപ്പ് 54 എന്നിവ പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
