Text : എ.വി. ഫർദിസ്

കഠിനമായ വേനൽ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെയെല്ലാം ആരോഗ്യത്തെ ഇപ്രാവശ്യം ഏറെ ബാധിച്ചിട്ടുണ്ട്. ഏ സിയിൽ മാത്രം ഇരിക്കുകയും സഞ്ചരിക്കുകയും ചെയ്തിരുന്ന മന്ത്രിമാരും എം.എൽ. എമാരുടെയെല്ലാം മുഖവും കൈകാലുകളുമെല്ലാം വെള്ളപാണ്ട് പിടിച്ചവരെ പോലെ നിറവ്യത്യാസം വരെ വന്നത് നമ്മളെല്ലാം നേരിട്ടനുഭവിച്ചറിഞ്ഞതാണല്ലോ? എന്നാൽ ഇങ്ങനെ കഠിനമായ വേനലടക്കം ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രമാണ് സ്ഥാനാർത്ഥികളെ തളർത്തിയതെങ്കിൽ, ഇവിടെ കോഴിക്കോട് നോർത്തിൽ ഒരു സ്ഥാനാർത്ഥിയുണ്ടായിരുന്നു അഡ്വ. കെ ജയന്ത് , ഏപ്രിൽ 9ന് വോട്ടിംഗ് മെഷീനുകൾ എല്ലാം സീൽ ചെയ്തു കഴിഞ്ഞതോടെ നേരെ അദ്ദേഹം വിളിച്ചത്, അസ്ഥി രോഗ വിദഗ്ധൻ ഡോ . ഷമീറിനെയായിരുന്നു. പിന്നീട് നേരെ ചെന്നത് ആശുപത്രിയിലെ ശസ്‌ത്ര ക്രിയാ ടേബിളിലേക്കായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഏറ്റ കാൽമുട്ടി ൻ്റെ പരുക്കു മാറ്റുവാനുള്ള ശസ്ത്രക്രിയയിലേക്കായിരുന്നു, ഏകദേശം രണ്ടാഴ്ചയോളമായി അദ്ദേഹം ഇതു സംബന്ധമായ വിശ്രമത്തിലുമായിരുന്നു. ഏതാനും ദിവസം മുൻപാണ് വീണ്ടും പൊതുരംഗത്ത് സജീവമായത്.
എന്നാൽ ഒരു മാസത്തോളം അതി കഠിനമായ വേദന സഹിച്ചാണ് ഇദ്ദേഹം തൻ്റെ പ്രചാരണ രംഗത്ത് സജീവമായതെന്നറിയുമ്പോഴാണ്, കവി എം.എൻ. കക്കാടിൻ്റെ ‘പുതുവഴി നീ വെട്ടുന്നാകിൽ
പലതുണ്ടേ ദുരിതങ്ങൾ
പല കാലം തപസ്സു ചെയ്ത്
പല പീഡകളേല്ക്കണം’ ഈ വരികൾ ഈ സ്ഥാനാർത്ഥിയുമായി കൂട്ടിചേർത്തു വായിക്കുവാൻ നാം നിർബന്ധിതരാകുന്നത്. ചിലപ്പോൾ ഒന്നും ചിലപ്പോൾ രണ്ടും സ്‌റ്റീറോയ്‌ഡ് ഇഞ്ചക്ഷനുകളെടുത്താണ് തന്നെ നോക്കി ചിരിക്കുന്നവർക്കായി വേദന ഇല്ലാത്ത മുഖം സൃഷ്ടിച്ചത്.
എന്തിനധികം, കൊട്ടിക്കലാശ ദിവസം മാത്രം, മാവൂർ റോഡ് ജംഗ്ഷനിൽ വെച്ച്
പ്രചാരണ വാഹനത്തിൻ്റെ മുകളിലൂടെ വിഹായസ്സിലേക്ക് കയറിയത് തന്നെ
അതി കഠിനമായ വേദന സഹിച്ചാണെന്നറിയുമ്പോഴാണ് അന്ന് അവിടെ ഇത് കണ്ടവരെയെല്ലാം കൂടുതൽ അത്ഭുത സ്തംബധരാക്കുക. ഇദ്ദേഹത്തിൻ്റെ ഈ പ്രവർത്തി കണ്ടാണ്, മറ്റ് രണ്ട് എതിർ സ്ഥാനാർത്ഥികളും ഇത് ഇതേ പോലെ തന്നെ അനുകരിക്കുകയായിരുന്നു. കോഴിക്കോട് മുൻമേയറും എല്ലാവരുടെയും പ്രിയങ്കരനുമായ തോട്ടത്തിൽ രവീന്ദ്രൻ എന്ന സിറ്റിംഗ് എം.എൽ.എയുമായി കന്നിയങ്കത്തിൽ മത്സരിക്കുവാനിറങ്ങുമ്പോൾ, അല്ല ജയന്തേ എന്ന് ഉപദേശിച്ചവരോടെല്ലാം ഈ കോൺഗ്രസുകാരന് തിരിച്ചു പറയുവാനുണ്ടായിരുന്നത്. അല്ല , നമ്മളും ഇവിടൊക്ക തന്നെ ഉള്ള ആളാണ് കേട്ടോ എന്നായിരുന്നു.
നിശ്ചയദാർഢ്യത്തിൻ്റെ ഈ പ്രതികരണം തന്നെയാണ് കെ ജയന്തിനെ വേറിട്ട രാഷ്ട്രീയക്കാരനാക്കുന്നത്.
അനേകം പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ പ്രവർത്തന ചരിത്രത്തിൻ്റെ കഥ അയവിറക്കാനുണ്ട് , കെ. ജയന്തിന്.
നഗരമധ്യത്തിലെ ചക്കും കടവിൽ കുന്നോത്ത് ഗോപാല കൃഷ്‌ണൻ്റെയും വലിയ പറമ്പത്ത് പ്രേമ ലക്ഷ്‌മിയുടെയും മകനായി ജനിച്ച ജയന്തിൻ്റെ പിതാവ്, വനം വകുപ്പ് പ്രൊട്ടക്ടീവ് സ്‌റ്റാഫ് അസോസിയേഷൻ സംസ്ഥാന നേതാവ്, കോഴിക്കോട് ജില്ലയിലെ വിമോചന സമരത്തിലെ ആദ്യകാല തടവുകാരനും എൻ.പി. മൊയ്തീനെ പോലുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ കെ.എസ്. യു നേതൃത്വത്തിലുണ്ടായിരുന്നപ്പോൾ ഒപ്പം പ്രവർത്തിച്ച ചുരുക്കം ആളുകളിലൊരാളാണ്. അച്‌ഛനിൽ നിന്ന് പ്രവർത്തനോർജ്ജം സ്വീകരിച്ച ജയന്തും ഇതേപോലെ കോൺഗ്രസ് രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ തന്നെയാണ് വിദ്യാഭ്യാസ കാലത്തുതന്നെ വഴി നടന്നത്. സക്രിയമായ ഒരു പൊതുപ്രവർത്തനത്തിൻ്റെ സമരോജ്വലമായ ഒരു കാലഘട്ടം ഇദ്ദേഹത്തിൻ്റെ രാഷ്‌ട്രീയ ജീവിത പാതയിലുമുണ്ട്, കെ.എസ്.യുവിൻ്റെ ജില്ലാ നേതൃത്വത്തിലുള്ള സമയത്ത്, ക്യാപെസ് രാഷ്‌ട്രീയം ഏറെ സംഘർഷം നിലനിന്നിരുന്ന കാലമായിരുന്നു. വെള്ള ഖദറിട്ടവരുടെ ഇസ്‌തിരിചുളിയില്ലെന്ന കളിയാക്കലിനപ്പുറം സമരസജ്ജമായിരുന്നു. ഇതിൻ്റെ ജീവിക്കുന്ന ഉദാഹരണം തന്നെയാണിദ്ദേഹം. ഗുരുവായൂരപ്പൻ കോളെജിൽ ഏ.ബി.വി.പി യോട് ശക്തമായി കെ.എസ് യു ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഒരു കാലമായിരുന്നിത്. എതിരാളികളുടെ ഇടപാടുകൾക്കെല്ലാം അതേ നാണയത്തിൽ തിരിച്ചടിക്കുവാൻ കെ ജയന്ത് മുന്നിൽ നിന്നുവെന്നതോടെ അവരുടെ കണ്ണിലെ കരടായി മാറി ഇയാൾ. അങ്ങനെയാണ് 1995 ജനുവരി 14 ന് മിഠായി തെരുവിലേക്കുള്ള പാളയം കമ്മത്തി ലൈനിൽ വെച്ച് ഉണ്ടായ ആക്രമണത്തിൽ ഇടതു കണ്ണിന് കുത്തേറ്റതും ആ കണ്ണിൻ്റെ കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതും.
1996-ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അധികാരം എന്ന പാഠ പുസ്തകം പിൻവലിക്കൽ സമരം, എസ് എസ് എൽ സി പരീക്ഷ സമയത്തെ പവർ കട്ടിനെതിരെ വെസ്റ്റ് ഹിൽ പോളിടെക്നിക്കിൽ വെച്ച് മുഖ്യമന്ത്രി ഇ.കെ നായനാരെ തടഞ്ഞു നിർത്തി കരിങ്കൊടി കാണിച്ചതടക്കമുള്ള സമരം എന്നിവയെല്ലാം സംസ്ഥാനമൊട്ടാകെ കെ ജയന്ത് എന്ന കെ.എസ് യു നേതാവിനെ തിരിച്ചറിഞ്ഞ പ്രക്ഷോഭങ്ങളായിരുന്നു. ഡി സി സി ഓഫീസ് ഒഴിപ്പിക്കാനെത്തിയ ആമീനെ തടയൽ, ലോ കോളെജ് ഹോസ്റ്റൽ പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ആർ ഡി ഒ യുടെ വീട്ടിൽ കയറി താമസിച്ചതും അന്നു തന്നെ അധികൃതർ ഹോസ്റ്റൽ തുറന്നതും ലോ കോളെജ് വിദ്യാർത്ഥികളെ രക്ഷിക്കുവാനായി ചേവായൂർ പോലീസ് സ്‌റ്റേഷനു മുന്നിൽ നടത്തിയ എട്ടുമണിക്കൂർ സമരം ഇങ്ങനെ നീളുകയാണ് ഈ പട്ടിക .
ചാലപ്പുറം ഗണപത് ഹൈസ്കൂൾ കെ.എസ്. യു യൂണിറ്റ് പ്രസിഡൻ്റ്, ചക്കും കടവ് യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡൻ്റ്, പയ്യാനക്കൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്, അഞ്ച് കൊല്ലം കെ.എസ് യു ജില്ലാ പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്റു വരെയായി.

കോഴിക്കോട്ടെ ഏതാനും മാധ്യമപ്രവർത്തകർ കെ. ജയന്തിനെ തിരുവണ്ണൂരിലെ വീട്ടിൽ സന്ദർശിച്ചപ്പോൾ
ചാലപ്പുറം ഗവ. ഗണപത് ഹൈസ്കൂൾ, മീഞ്ചന്ത ഗവ. ആർട്സ് കോളജ്, സാമൂതിരി ഗുരുവായൂരപ്പൻ കോളെജ്, കോഴിക്കോട് ഗവ. ലോ കോളെജ്, ചെന്നൈ ലോയോള കോളെജ്, പൂനെ ന്യൂ ലോ കോളെജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി ബി. എ , എൽ എൽ ബി പൂർത്തിയാക്കി, കോഴിക്കോട് അഭിഭാഷകനായും പ്രവർത്തിച്ചു .
2005 മുതല്‍ കെപിസിസി അംഗമായി തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. 2007 08 കാലഘട്ടത്തില്‍ എഐസിസി യിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോളിസി പ്ലാനിങ് ആന്റ് കോ ഓര്‍ഡിനേഷന്‍ വിഭാഗത്തിന്റെ നാഷണല്‍ കോ ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. 2008 മുതല്‍ 2011 വരെ കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. 2011 മുതല്‍ 2018 വരെ രമേശ് ചെന്നിത്തല, വി.എം.സുധീരന്‍, എം.എം ഹസ്സന്‍ എന്നിവര്‍ കെപിസിസി പ്രസിഡന്റായ കാലയളവില്‍ കെപിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2021 മുതല്‍ കെ. സുധാകരനും സണ്ണി ജോസഫും അധ്യക്ഷരായിരിക്കുന്ന കാലഘട്ടത്തില്‍ ജനറല്‍ സെക്രട്ടറിയായി ഉയര്‍ന്നു. 2022 മുതല്‍ എഐസിസി അംഗമായും തുടരുകയാണ്.
