മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി; ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളിൽ ക്യാമ്പ് ചെയ്യാൻ നിർദേശം

ഇടുക്കി: സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പ് ചെയ്യാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് സി പി ജോണും പത്തനംതിട്ടയില്‍ പി സി വിഷ്ണുനാഥും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്‍വഹിക്കും.മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎല്‍എമാരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാനുള്ള നിര്‍ദേശവും നല്‍കി. രണ്ടു പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെസല്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് സംഘവും സ്ഥലത്തുണ്ട്.