കോഴിക്കോട്: ലോക മാതൃദിനത്തോട് അനുബന്ധിച്ച് നിശബ്ദമായ പോരാട്ടങ്ങളിലൂടെയും അതിരുകളില്ലാത്ത കരുതലിന്റെയും കരുത്തില്‍ വിഭിന്നശേഷിക്കാരായ മക്കളെ ചേര്‍ത്തുപിടിക്കുന്ന അമ്മമാർക്ക് വേണ്ടി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതസാഹചര്യങ്ങളിലും തളരാതെ തങ്ങളുടെ മക്കള്‍ക്കായി ജീവിതം മാറ്റിവെച്ച ഒരുകൂട്ടം അമ്മമാരുടെ ത്യാഗത്തെയും നിശ്ചയദാര്‍ഢ്യത്തെയും അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് എഴുത്തുകാരിയും നടിയുമായ അശ്വതി ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കലാകാരി അനിത മേനോന്‍ വിശിഷ്ടാതിഥിയായി.
വിഭിന്നശേഷിക്കാരായ കുട്ടികളെ വളര്‍ത്തുന്നതില്‍ ഈ അമ്മമാര്‍ കാണിക്കുന്ന മാനസികമായ കരുത്ത് സമൂഹത്തിന് വലിയൊരു പാഠമാണെന്ന് അശ്വതി ശ്രീകാന്ത് പറഞ്ഞു. കലയിലൂടെയും സ്‌നേഹത്തിലൂടെയും പ്രതിസന്ധികളെ മറികടക്കുന്നതിനെക്കുറിച്ച് സംസാരിച്ച അനിത മേനോന്‍, ഓരോ അമ്മയും ഓരോ കുഞ്ഞിന് നല്‍കുന്ന ആത്മവിശ്വാസമാണ് ഏറ്റവും വലിയ കരുത്തെന്ന് ഓര്‍മ്മിപ്പിച്ചു.
വിഭിന്നശേഷിക്കാരായ കുട്ടികളുള്ള അമ്മമാര്‍ക്ക് ശാരീരികവും മാനസികവുമായ പിന്തുണ നല്‍കേണ്ടത് തങ്ങളുടെയും കൂടി ഉത്തരവാദിത്തമാണെന്ന് ആസ്റ്റർ മിംസ് സി.ഒ.ഒ ഡോ.ഗോപിനാഥ് മാമ്പള്ളികളം പറഞ്ഞു. ചികിത്സകള്‍ക്കും മരുന്നുകള്‍ക്കും അപ്പുറം ഇത്തരം കുട്ടികളെ പരിപാലിക്കുന്ന അമ്മമാരുടെ ആത്മധൈര്യവും പരിശ്രമവും അംഗീകരിക്കുക എന്നതാണ് ഈ ചടങ്ങിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും, അവര്‍ ഈ ലോകത്തിന് കാണിച്ചുകൊടുക്കുന്ന ക്ഷമയും കരുതലും മറ്റൊന്നിനോടും താരതമ്യം ചെയ്യാനാകാത്തതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ചടങ്ങിന് പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഡോക്ടർമാരായ കൃഷ്ണപ്രിയ സുധർശനൻ, ഡോ.സ്‌മിലു മോഹൻലാൽ, ഡോ.തസ്നി, ഡോ.മുബീന പി എംഷീന നമ്പ്യാർ, അനു എസ് കടയത്ത് തുടങ്ങിയവർ നേതൃത്വം നൽകി .
ഫോട്ടോ അടിക്കുറിപ്പ്;
