കോഴിക്കോട്: ജന്മനാ ഹൃദയ വൈകല്യമുള്ള 24-കാരിക്ക് ഡാ-വിഞ്ചി റോബോട്ട് ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയ ആസ്റ്റർ മിംസിൽ വിജയകരം. ഏട്രിയൽ സെപ്റ്റൽ ഡിഫെക്റ്റ് (എ.എസ്.ഡി ) എന്നറിയപ്പെടുന്ന ഹൃദയത്തിലെ ഉപരിതല അറകളൾക്കിടയിലെ ഭിത്തിയിൽ ജന്മനായുള്ള ദ്വാരമാണ് നൂതന റോബോട്ടിക് സർജറിയിലൂടെ വിജയകരമായി മെഡിക്കൽ സംഘം പരിഹരിച്ചത്.
ഏട്രിയൽ സെപ്റ്റൽ ഡിഫെക്റ്റ് രോഗാവസ്ഥയുള്ളവരിൽ ഹൃദയത്തിലെ ശുദ്ധരക്തവും അശുദ്ധരക്തവും തമ്മിൽ കലരുകയും ഹൃദയത്തിന്റെ പ്രവർത്തനഭാരം വർദ്ധിക്കുകയും ചെയ്യുന്നു. കൂടാതെ ശ്വാസകോശത്തിലേക്കുള്ള രക്തസമ്മർദ്ദം ഉയരുന്നതോടൊപ്പം കടുത്ത ശ്വാസതടസ്സവും, അമിതമായ ക്ഷീണവും ഉൾപ്പെടെയുള്ള ലക്ഷണങ്ങളാൽ ചികിത്സയിലായിരുന്ന യുവതിക്കാണ് ഈ ചികിത്സാരീതിയിലൂടെ ജീവൻ തിരിച്ച് കിട്ടിയത്.
പരമ്പരാഗത ചികിത്സാരീതിയായ നെഞ്ച് തുറന്നുള്ള (സ്റ്റെർണം) ശസ്ത്രക്രിയകളെ അപേക്ഷിച്ച് ചെറിയ സുഷിരത്തിലൂടെ ശസ്ത്രക്രിയ പൂർത്തിയാക്കാം എന്നതാണ് ഡാ-വിഞ്ചി റോബോട്ടിക് ഹൃദയ ശസ്ത്രക്രിയയുടെ സവിശേഷത. അണുബാധയ്ക്കുള്ള സാധ്യത ഇല്ലാതാക്കുന്നതോടൊപ്പം കുറഞ്ഞ രക്തസ്രാവം, നേത്രങ്ങൾ കൊണ്ട് കാണുന്നതിൻ്റെ പതിന്മടങ്ങ് വലിപ്പത്തിൽ 3-ഡി ദൃശ്യ സാങ്കേതികവിദ്യയിലൂടെ കാണുന്നതിനാൽ ശസ്ത്രക്രിയയിൽ ഉണ്ടാവുന്ന കൃത്യത, കുറഞ്ഞ ശസ്ത്രക്രിയാനന്തര വേദന, കുറഞ്ഞ ആശുപത്രിവാസവും വളരെ വേഗത്തിൽ ദൈനം ദിന ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് തുടങ്ങിയവ റോബോട്ടിക് സർജറികളുടെ പ്രത്യേകതകളാണ്.
കാർഡിയാക് തൊറാസിക് സർജറി വിഭാഗം മേധാവി ഡോ. ബിജോയ് ജേക്കബ് തൊറാസിക് സർജൻ ഡോ. ദിൻരാജ് ടി.വി, കാർഡിയാക് അനസ്തേഷ്യ വിഭാഗം മേധാവികളായ ഡോ. ശരത്, ഡോ.സുജാത, ചീഫ് പെർഫ്യൂഷനിസ്റ്റ് ഗിരീഷ് എന്നിവരുൾപ്പെടുന്ന വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. ആശുപത്രിയിലെ വിദഗ്ദ്ധരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ കൂട്ടായ പരിശ്രമവും കൃത്യതയാർന്ന പരിചരണവുമാണ് ഈ സങ്കീർണ്ണ ദൗത്യം വിജയകരമാക്കിയതെന്ന് ഡോ. ബിജോയ് ജേക്കബ് അഭിപ്രായപ്പെട്ടു.
കേരളത്തിൽ ആദ്യമായാണ് ജന്മനായുള്ള ഏട്രിയൽ സെപ്റ്റൽ ഡിഫെക്ട് പരിഹരിക്കാൻ ഡാവിഞ്ചി റോബോട്ട് സിസ്റ്റം വിജയകരമായി ഉപയോഗിക്കുന്നതെന്നും ഇത് സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ സുപ്രധാന ചുവടുവെപ്പാണെന്നും ആശുപത്രി സി ഒ ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം അഭിപ്രായപ്പെട്ടു. ഇത്തരം അത്യാധുനിക ശസ്ത്രക്രിയാ സംവിധാനങ്ങൾ സാധാരണക്കാർക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
