പുകവലി നിർത്താന്‍ പറ്റുന്നില്ലേ? യോഗയിലൂടെ പരിഹരിക്കാം! പഠനവുമായി എയിംസിലെ ഗവേഷകർ

ന്യൂഡൽഹിരാജ്യത്ത് പുകയില ഉപയോക്താക്കളെ ആ ശീലത്തിൽ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിക്കാത്തതിൻ്റെ പ്രധാന കാരണം പുകവലിയോടുള്ള ആസക്തിയാണ്. പുകവലിയോടുള്ള ആസക്തി കുറക്കാനുള്ള പുതിയ മാർഗങ്ങൾ എയിംസിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വിശദീകരിക്കുകയാണ്. പുകയില ഉപയോഗിക്കുന്നവർക്ക് അത് ഉപേക്ഷിക്കാനുള്ള സാധ്യത 50 ശതമാനം വരെ ഗണ്യമായി വർധിപ്പിക്കാനും, അതേസമയം ഉത്കണ്‌ഠ, വിഷാദം, ആസക്തിയുമായി ബന്ധപ്പെട്ട മറ്റ് മാനസിക പ്രശ്‌നങ്ങൾ എന്നിവ കുറയ്ക്കാനും യോഗ പരിശീലനം സഹായിച്ചേക്കാമെന്ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു.

സെൻ്റർ ഫോർ ഇൻ്റഗ്രേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്, സെൻ്റർ ഫോർ കമ്മ്യൂണിറ്റി മെഡിസിൻ എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ ഈ അവലോകനവും മെറ്റാ-അനാലിസിസും ‘നിക്കോട്ടിൻ & ടുബാക്കോ റിസർച്ച്’ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ഈ ഗവേഷണ പ്രബന്ധം 2025 നവംബർ 15-ന് ഓൺലൈനായി ലഭ്യമാക്കിയിരുന്നു.

സാധാരണ ചികിത്സാ രീതികളോ യോഗയല്ലാത്ത മറ്റ് മാർഗ്ഗങ്ങളോ സ്വീകരിച്ചവരുമായി താരതമ്യം ചെയ്യുമ്പോൾ യോഗ പരിശീലിക്കുന്ന പുകയില ഉപയോക്താക്കൾക്ക് ഹ്രസ്വകാലത്തേക്ക് പുകയില ഉപയോഗം ഒഴിവാക്കാൻ ഏകദേശം 50 ശതമാനം കൂടുതൽ സാധ്യതയുണ്ടെന്ന് പഠനം കണ്ടെത്തി. പുകയില ഉപേക്ഷിക്കുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗ്ഗമായി യോഗ പ്രവർത്തിക്കുമെന്ന് ഈ അവലോകനത്തിലെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.എയിംസ്-ഡൽഹിയിലെ ഡോക്‌ടർമാരായ ശ്രുതി സിംഗ്, ധൻലിക ധൻലിക, പാർത്ഥ ഹൽദാർ, ഗൗതം ശർമ്മ എന്നിവരാണ് ഈ ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. അമേരിക്ക, ഇന്ത്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 629 പേർ പങ്കെടുത്ത ഏഴ് ‘റാൻഡമൈസ്‌ഡ് കൺട്രോൾഡ് ട്രയലുകളിൽ’ (randomised controlled trials) നിന്നുള്ള വിവരങ്ങൾ അവർ ഇതിനായി വിശകലനം ചെയ്‌തു. ഇതിൽ അഞ്ച് പഠനങ്ങൾ മെറ്റാ-അനാലിസിസിൽ ഉൾപ്പെടുത്തിയിരുന്നു.

പ്രതിവർഷം ഏകദേശം 8.7 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്ന പുകയില ഉപയോഗം ആഗോളതലത്തിൽ ഒരു പ്രധാന പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുന്നു. പല ഉപയോക്താക്കൾക്കും പുകയില ഉപേക്ഷിക്കാൻ ശക്തമായ ആഗ്രഹമുണ്ടെങ്കിലും പരമ്പരാഗത ചികിത്സാ രീതികൾ സ്വീകരിക്കുന്നവരിൽ പോലും വീണ്ടും ഉപയോഗം തുടങ്ങുന്നവരുടെ നിരക്ക് ഉയരുകയാണ്.

പുകയില ഉപേക്ഷിക്കാനുള്ള ശ്രമങ്ങളെ യോഗയ്ക്ക് സഹായിക്കാനാകുമോ എന്ന് പരിശോധിക്കുന്നതിനായി ഹഠയോഗ, വിന്യാസ യോഗ, അയ്യങ്കാർ യോഗ തുടങ്ങിയ വിവിധ തരം യോഗാഭ്യാസങ്ങളെയും ശ്വസന വ്യായാമങ്ങളെയും കുറിച്ചുള്ള പഠനങ്ങൾ ഗവേഷകർ പരിശോധിച്ചു. പുകയില ഉപേക്ഷിക്കുന്നതിൻ്റെ അളവുകോലായി കണക്കാക്കുന്ന ‘സെവൻ-ഡേ പോയിൻ്റ് പ്രിവലൻസ് അബ്സ്റ്റിനൻസ്’ അതായത് ഏഴ് ദിവസത്തേക്ക് പുകയില ഉപയോഗിക്കാതിരിക്കുക എന്ന കടമ്പ മറികടക്കാന്‍ യോഗാ പരിശീലിക്കുന്നവർക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് വിശകലനം ചൂണ്ടി കാണിക്കുന്നു.

പുകയില ഉപേക്ഷിക്കുന്നതിൽ യോഗയുടെ ഫലങ്ങളെക്കുറിച്ചുള്ള ലഭ്യമായ തെളിവുകളെ ഈ അവലോകനം ക്രോഡീകരിക്കുന്നുവെന്നും പുകയില ഉപേക്ഷിക്കുന്നതിൽ യോഗയ്ക്കുള്ള മികച്ച സാധ്യതകളെ ഇത് എടുത്തുകാണിക്കുന്നുവെന്നും ഗവേഷകർ പറഞ്ഞു. ദുശ്ശീലങ്ങൾ വീണ്ടും ആവർത്തിക്കുന്നത് തടയാൻ മാനസിനെ തയ്യാറാക്കാന്‍ യോഗക്ക് കഴിയുമെന്നും പഠനം കണ്ടെത്തി. ഗവേഷണ റിപ്പോർട്ട് പ്രകാരം യോഗ പരിശീലിക്കുന്നവരിൽ വിഷാദം, ഉത്കണ്ഠ എന്നിവ കുറക്കാനും ജീവിതനിലവാരത്തിൽ പുരോഗതിയുണ്ടായതായും പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഹഠ (Hatha), വിന്യാസ (Vinyasa), അയ്യങ്കാർ (Iyengar) യോഗ തുടങ്ങിയ സജീവമായ യോഗാഭ്യാസങ്ങൾ സമ്മർദ്ദവും വിഷാദവും കുറക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. അതേസമയം, പ്രാണായാമം അഥവാ യോഗാപരമായ ശ്വസന വ്യായാമങ്ങൾ, പുകയില ഉപേക്ഷിക്കുമ്പോൾ അത് ഉപയോഗിക്കാനുള്ള തീവ്രമായ ആഗ്രഹവും വികാരങ്ങളും കുറയ്ക്കാൻ ഇവ സഹായിക്കുന്നു.

പുകവലിക്കുന്നവരും പുകയില്ലാത്ത പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരും ഉൾപ്പെട്ട ഒരു ഇന്ത്യൻ ‘റാൻഡമൈസ്‌ഡ് കൺട്രോൾഡ് ട്രയൽ’ (RCT) ഈ അവലോകനത്തിൽ ഉൾപ്പെടുത്തിയത് ശ്രദ്ധേയമായ ഒരു കാര്യമാണ്. ആഗോളതലത്തിൽ പുകയില ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ താരതമ്യേന കുറഞ്ഞ ശ്രദ്ധ മാത്രമേ ഈ വിഷയത്തിന് ലഭിച്ചിട്ടുള്ളൂ. എങ്കിലും, ലഭ്യമായ തെളിവുകൾ പരിമിതമാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി.അതിനാൽ, പുകയില ഉപയോഗം വ്യാപകമായി തുടരുന്ന താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വലിയ തോതിലുള്ളതും ദീർഘകാലത്തേക്കുള്ളതുമായ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്ന് അവർ ആവശ്യപ്പെട്ടു.

ഗവേഷണ രീതികൾ ഏകീകരിക്കുകയും വിവിധ ജനവിഭാഗങ്ങളിലേക്ക് ഗവേഷണം വ്യാപിപ്പിക്കുകയും ചെയ്യുന്നതിലൂടെ, ലോകമെമ്പാടുമുള്ള പുകയില ഉപേക്ഷിക്കൽ പരിപാടികളിൽ എളുപ്പത്തിൽ ലഭ്യമാകുന്നതും ചെലവ് കുറഞ്ഞതുമായ ഒരു മാർഗ്ഗമായി യോഗയുടെ പങ്ക് ഉറപ്പിക്കാൻ ഭാവിയിലെ പഠനങ്ങൾ സഹായിക്കുമെന്ന് ഗവേഷകർ പറഞ്ഞു.

യോഗ മികച്ച ചികിത്സാ രീതി

മനസ്സും ശരീരവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന ഫലപ്രദമായ ഒരു ചികിത്സാ രീതിയാണ് യോഗയെന്ന് എയിംസ് (AIIMS) ഡൽഹിയിലെ കാർഡിയോളജി വിഭാഗം പ്രൊഫസറും സെൻ്റർ ഫോർ ഇൻ്റഗ്രേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ചിൻ്റെ സ്ഥാപകനും മേധാവിയുമായ ഡോ. ഗൗതം ശർമ്മ പറഞ്ഞു. പുകയില ഉപയോഗത്തിൻ്റെ ആസക്തികളെ മറികടക്കാൻ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വൈകാരിക സന്തുലിതാവസ്ഥ, സ്വയം ബോധവൽക്കരണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ചൊരു മാർഗ്ഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒരു മികച്ച പുനരധിവാസ മാർഗ്ഗം കൂടിയാണിത്. നിലവിലുള്ള പുകയില ഉപേക്ഷിക്കൽ ചികിത്സകൾക്കൊപ്പം, എളുപ്പത്തിൽ ലഭ്യമാകുന്നതും ചെലവ് കുറഞ്ഞതും സാംസ്‌കാരികമായി സ്വീകാര്യവും ഫലപ്രദവുമായ ഒരു അനുബന്ധ ചികിത്സാ രീതിയായി യോഗയ്ക്ക് പ്രവർത്തിക്കാൻ കഴിയുമെന്നും ഡോ. ഗൗതം ശർമ്മ പറഞ്ഞു.