കോമണ്‍വെല്‍ത്ത് ഗെയിംസ്: ബോക്‌സിങ്ങില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് വേട്ട

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യന്‍ ബോക്‌സിങ് സംഘം. പുരുഷന്മാരുടെ വിഭാഗത്തില്‍ സച്ചിന്‍ സിവാചും അന്‍ഘുഷ് പാംഗലും സ്വര്‍ണം നേടിയതോടെ ഗെയിംസില്‍ ഇന്ത്യയുടെ ബോക്‌സിങ് മെഡല്‍ നേട്ടം ഏഴ് സ്വര്‍ണവും രണ്ട് വെള്ളിയുമുള്‍പ്പെടെ ഒന്‍പതായി ഉയര്‍ന്നു.പുരുഷന്മാരുടെ 60 കിലോഗ്രാം ഫൈനലില്‍ നമീബിയയുടെ ട്രൈഎഗെയ്ന്‍ മോണിംഗ് എന്‍ഡെവലോയെ 3-2നാണ് സച്ചിന്‍ സിവാച്ച് കീഴടക്കിയത്. ആദ്യ ഘട്ടങ്ങളില്‍ പിന്നിലായിരുന്ന സച്ചിന്‍, നിര്‍ണായകമായ അവസാന റൗണ്ടില്‍ നടത്തിയ ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം ഉറപ്പിച്ചത്. തൊട്ടുപിന്നാലെ നടന്ന പുരുഷന്മാരുടെ 80 കിലോഗ്രാം ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ഡിമേജി ഷിറ്റുവിനെ 4-1 എന്ന സ്‌കോറിന് മറികടന്നാണ് അന്‍ഘുഷ് പംഗല്‍ ഇന്ത്യയ്ക്കായി ഏഴാം ബോക്‌സിങ് സ്വര്‍ണം നേടിയത്. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ മികച്ച പ്രതിരോധവും തന്ത്രപരമായ തിരിച്ചടികളും പുറത്തെടുത്താണ് അന്‍ഘുഷ് വിജയം പിടിച്ചെടുത്തത്.ഒരു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്‌സിങ്ങില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്വര്‍ണ മെഡല്‍ നേട്ടമാണിത്. പ്രീതി പവാര്‍ (54 കിലോഗ്രാം), ജാസ്മിന്‍ ലംബോറിയ (57 കിലോഗ്രാം), സാക്ഷി ചൗധരി (51 കിലോഗ്രാം), പ്രിയ ഗംഗാസ് (60 കിലോഗ്രാം), അരുന്ധതി ചൗധരി (70 കിലോഗ്രാം), സച്ചിന്‍ സിവാച്ച് (60 കിലോഗ്രാം), അങ്കുഷ് പാംഗല്‍ (80 കിലോഗ്രാം) എന്നിവരാണ് ഇത്തവണ ഇന്ത്യക്കായി സ്വര്‍ണം കൊയ്തത്.

ജാദുമാണി സിങ് (പുരുഷന്മാരുടെ 55 കിലോഗ്രാം), ഒളിമ്പിക്‌സ് വെങ്കല മെഡല്‍ വിജയി ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ (വനിതകളുടെ 75 കിലോഗ്രാം) എന്നിവര്‍ വെള്ളി മെഡലുകളും നേടി. ബോക്‌സിങ് നിരയുടെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 13 സ്വര്‍ണവും 17 വെള്ളിയും 8 വെങ്കലവുമടക്കം 38 ആയി ഉയര്‍ന്നു. നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.