തിരുവനന്തപുരം: ശബരിമല അയ്യപ്പനെ സംബന്ധിച്ച വിവാദ പരാമർശത്തിൽ ഉപയോഗിച്ച ‘ബലാത്സംഗം’ എന്ന വാക്കിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട്. ആ വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്നും അതിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളം സർവകലാശാലയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധയോഗത്തിലെ പ്രസംഗമാണ് വിവാദമായത്. സംഘപരിവാർ ശക്തികളുടെ രാഷ്ട്രീയത്തെയും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങളെയുമാണ് താൻ വിമർശിച്ചതെന്ന് സണ്ണി എം. കപിക്കാട് വിശദീകരിച്ചു. എന്നാൽ പ്രസംഗത്തിനിടെ ഉപയോഗിച്ച ഒരു വാക്ക് തെറ്റായിപ്പോയെന്നും അത് ഉപയോഗിക്കേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അഭിപ്രായങ്ങളിലും അടിസ്ഥാന വിമർശനങ്ങളിലും മാറ്റമില്ലെന്നും, എന്നാൽ വാക്കുകളുടെ ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിനെ നിയമപരമായി നേരിടുമെന്നും സണ്ണി എം. കപിക്കാട് അറിയിച്ചു.
