ന്യൂഡൽഹി: ചതയ ദിനത്തിൽ കേരളത്തിന്റെ നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും മഹാത്മാ അയ്യങ്കാളിക്കും ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരുടെയും ജീവിതവും ആശയങ്ങളും സാമൂഹിക പുരോഗതിക്കായി പ്രവർത്തിക്കുന്നവർക്ക് ഇന്നും ശക്തിയും പ്രചോദനവും പകരുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ശ്രീനാരായണ ഗുരുവിനെ സമൂഹത്തിൽ മാനവികതയും കരുണയും ഉയർത്തിപ്പിടിച്ച മഹത്തായ സാമൂഹിക പരിഷ്കർത്താവും ആത്മീയ നേതാവും ചിന്തകനുമായി പ്രധാനമന്ത്രി വിശേഷിപ്പിച്ചു. വിദ്യാഭ്യാസത്തിനും അറിവിനും അദ്ദേഹം നൽകിയ പ്രാധാന്യം അനേകർക്ക് പ്രചോദനമായതായും പ്രധാനമന്ത്രി വ്യക്തമാക്കി.
മഹാത്മാ അയ്യങ്കാളി സാമൂഹിക നീതിയുടെ മഹത്തായ പോരാളിയായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. പിന്നാക്കവിഭാഗങ്ങളുടെ വിദ്യാഭ്യാസാവകാശത്തിനും കാർഷിക തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനുമായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന എല്ലാവർക്കും അയ്യങ്കാളിയുടെ ജീവിതം ശക്തിപകരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചതയ ദിനത്തിൽ കേരളത്തിന്റെ രണ്ട് യുഗപുരുഷന്മാരെയും അനുസ്മരിച്ച പ്രധാനമന്ത്രിയുടെ സന്ദേശം സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധേയമായി. വിദ്യാഭ്യാസം, സമത്വം, സാമൂഹിക നീതി, മാനവികത എന്നിവയ്ക്കായി ഇരുവരും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ തലമുറകൾക്ക് വഴികാട്ടിയായി തുടരുന്നതായി പ്രധാനമന്ത്രിയുടെ അനുസ്മരണ സന്ദേശം വ്യക്തമാക്കി.
